തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കെ എസ് ശബരീനാഥനെ പ്രതിയാക്കുന്നതിലേക്ക് നയിച്ച സ്‌ക്രീന്‍ ഷോട്ട് ചോര്‍ച്ചയും തുടര്‍ന്നുള്ള നടപടികളും യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിന്റെ തെളിവ്. നിലവിലുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് മുന്നില്‍ കണ്ടുള്ള ചരടുവലികളുടെ തുടര്‍ച്ചയാണ് സ്‌ക്രീന്‍ ഷോട്ട് ചോര്‍ച്ചയും ഉപാദ്ധ്യക്ഷന്‍മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരുടെ സസ്‌പെന്‍ഷനും എന്ന് ആരോപണമുണ്ട്.

‘ഒറ്റുകാര്‍’ തങ്ങള്‍ അല്ലെന്നാണ് ഇരുവരും വാദിക്കുന്നത്. പിന്നെയാരാണ് ഔദ്യോഗിക ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്ന ചോദ്യം അവശേഷിക്കുന്നു. സിപിഐഎം ബന്ധമുള്ള ഒരു സംസ്ഥാന കമ്മിറ്റിയംഗമാണ് പുറത്തുവിട്ടതെതെന്നും, വാര്‍ത്തകളില്‍ നിറഞ്ഞ് ജനശ്രദ്ധ നേടാനായി കെ എസ് ശബരീനാഥന്‍ തന്നെയാണ് സ്‌ക്രീന്‍ ഷോട്ട് ലീക്ക് ആക്കിയതെന്നും ആരോപണങ്ങളുണ്ട്. മുന്‍പ് എ, ഐ എന്നീ ഗ്രൂപ്പുകളുടെ കൈയ്യിലായിരുന്ന കോണ്‍ഗ്രസില്‍ കെ സുധാകരനും വി ഡി സതീശനും മുന്‍നിരയിലെത്തിയതോടെ സമവാക്യങ്ങള്‍ മാറി. ഇത് മറ്റൊരു തരത്തിലാണ് യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഫലിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി നടന്ന വടംവലിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ഗ്രൂപ്പ് അതീത നിലപാട് എടുത്തു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷാഫി എ ഗ്രൂപ്പ് നിര്‍ദ്ദേശം മറികടന്ന് വി ഡി സതീശനെയാണ് പിന്തുണച്ചത്. ഇതുമൂലം ഉമ്മന്‍ ചാണ്ടിയുമായി അകല്‍ച്ചയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി 2023 മെയില്‍ അവസാനിക്കും. കാലാവധി തീരുന്നതിന് ആറ് മാസം മുന്‍പേ ഷാഫിയെ പദവി ഒഴിയാന്‍ സന്നദ്ധനാക്കി എന്‍ എസ് നുസൂറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാമെന്നാണ് എ ഗ്രൂപ്പ് കണക്ക് കൂട്ടല്‍. പ്രായപരിധി മൂലം ആറ് മാസം മാത്രമാണ് നുസൂറിന് യൂത്ത് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്. പക്ഷെ, ഷാഫി പറമ്ബില്‍ പിന്‍ഗാമിയാക്കാന്‍ ലക്ഷ്യമിടുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ്. എ ഗ്രൂപ്പുകാരനാണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ കൂടുതല്‍ താല്‍പര്യം നുസൂറിനോടാണ്. പദവിയൊഴിഞ്ഞാലും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന പരിഗണനയോടെയുള്ള പദവികള്‍ നുസൂറിന് കോണ്‍ഗ്രസില്‍ നല്‍കേണ്ടി വരും. ഭാവിയില്‍ നുസൂറിനുണ്ടായേക്കാവുന്ന വളര്‍ച്ചയുടെ വേഗം കുറയ്ക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമഫലമാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷനെന്നും ആക്ഷേപമുണ്ട്.

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് വേണ്ടി പല വിഭാഗങ്ങളാണ് രംഗത്തുള്ളത്. ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് നിലവില്‍ സംസ്ഥാന ഉപാദ്ധ്യക്ഷനായ എസ് എം ബാലു. ഐ ഗ്രൂപ്പിന്റെ ശക്തി കുറഞ്ഞതിനാല്‍ ബാലുവിന്റെ സാധ്യത മങ്ങി. കെ എസ് ശബരീനാഥനെ സംസ്ഥാന അദ്ധ്യക്ഷനാക്കാനാണ് വി ഡി സതീശന് താല്‍പര്യം. കെ സുധാകരന്റെ അനുയായി ആയ റിജില്‍ മാക്കുറ്റിയുടെ കാലാവധിയും പ്രായപരിധിയും ഇത്തവണത്തോടെ അവസാനിക്കും. കെ എസ് യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ എം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കാന്‍ എം കെ രാഘവന്റെ നേതൃത്വത്തിലുള്ള വിഭാഗം നീക്കം നടത്തുന്നുണ്ട്.

സങ്കീര്‍ണമാണ യൂത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം. വ്യത്യസ്ത വിഭാഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും റിജില്‍ മാക്കുറ്റി, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ ഷാഫി പറമ്ബിലിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലും നാണഷണല്‍ കോഡിനേറ്റര്‍ എ എം രോഹിതും കെ സി വേണുഗോപാലിന്റെ വിശ്വസ്തരാണ്. സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കല്‍ അടുത്ത വരുംതോറും സമവാക്യങ്ങളില്‍ മാറ്റം വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക