ഭരണം മുന്നണിയുടെ മാനസിക പീഡനത്തിനെതിരെ രേഖാമൂലം പരാതി നൽകി പാലാ മുനിസിപ്പൽ ഉദ്യോഗസ്ഥ. പാലാ നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്രമ വിരുദ്ധമായ ബിൽഡിംഗ് പെർമിറ്റുകൾ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനായി തൻറെ മേൽ ഭരണസമിതിയിലെ ഉന്നതൻ സമ്മർദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥ പരാതി നൽകിയിരിക്കുന്നത്.

complaint copy

പിന്നിൽ ഉന്നതനായ പ്രാദേശികനേതാവ്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസ് നേതാവായ ഒരു ഉന്നതനാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ എന്ന ആരോപണം ശക്തമാണ്. സമ്മർദ്ദത്തിനു വഴങ്ങാത്തതിനാൽ ഈ ഉദ്യോഗസ്ഥയെ ഭരണമുന്നണിയിലെ ഉന്നതന് വിരോധമുള്ള പ്രതിപക്ഷ നഗരസഭാ അംഗങ്ങളുടെ വാർഡുകളിലേക്ക് ചുമതല കൈമാറ്റം ചെയ്യ്തു നീക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നഗരസഭയിൽ സജീവമായി നടക്കുന്നത്.രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതിനാൽ ഒരു വനിത എന്ന പരിഗണന പോലും നല്കാതെ കൃത്യമായ ഒരു ഇരിപ്പിടം പോലും ഈ ഉദ്യോഗസ്ഥയ്ക്ക് നഗരസഭയിൽ നിഷേധിച്ചിരിക്കുകയാണ്. നിരന്തരമായ മാനസിക പീഡനവും ഇവർക്കെതിരെ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതർക്ക് ഒരാൾ നൽകിക്കഴിഞ്ഞു.കൃത്യമായി മേൽ നടപടികൾ ഉണ്ടായില്ലെങ്കിൽ വനിതാ കമ്മീഷന് പരാതി നൽകാനാണ് ഉദ്യോഗസ്ഥ തീരുമാനിച്ചിരിക്കുന്നത്.

ഭരണ മുന്നണിയുടെ പ്രധാന കക്ഷിയായ സിപിഎം യൂണിയനിൽ അംഗമായ ഉദ്യോഗസ്ഥക്കെതിരെ കേരളാ കോൺഗ്രസ് പാർട്ടി നേതാവ് സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്ക് രേഖാമൂലം പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേൽ കൃത്യമായ നടപടി ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ഈ നിരാലംബയായ സ്ത്രീ.

ഭരണമുന്നണിയിലെ ഉന്നതനെതിരെ ഭരണമുന്നണി യൂണിയൻറെ ഭാഗമായ ഉദ്യോഗസ്ഥയാണ് പാലാ നഗരസഭയിൽ പരാതി ഉന്നയിച്ചിരിക്കുന്നത് എന്നത് അത്യന്തം ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ ഏറ്റവും വിശ്വസ്തനായ ഈ ഉന്നതനാണ് നഗരസഭ അധ്യക്ഷനെ പോലും നോക്കുകുത്തിയാക്കി ഭരണം കൈയാളുന്നത് എന്ന ആക്ഷേപം ഭരണമുന്നണിയിലെ കേരള കോൺഗ്രസ് അംഗങ്ങൾക്കിടയിൽ പോലും നിലവിൽ സജീവമാണ്.

സ്ത്രീ സുരക്ഷയ്ക്കും വനിത അവകാശ സംരക്ഷണത്തിനും പ്രാമുഖ്യം നൽകുന്ന പിണറായി വിജയൻ സർക്കാരിൽ വിശ്വാസം അർപ്പിച്ചാണ് ഉന്നതർക്കെതിരെ സാമാന്യ നീതി തേടി താൻ പരാതിപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥ വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിൽ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യത്തെ സ്വാധീനിക്കുന്ന ഒന്നായി ഈ പരാതി മാറാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

നഗരസഭയിലെ വിവാദനായകൻ:

നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന ഈ ഉന്നതനായ നേതാവ് സാമുദായിക സ്പർധ ഉണ്ടാക്കുന്ന ചില പരാമർശങ്ങൾ നടത്തിയതിന് പേരിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എന്ന വിലയിരുത്തലും പൊതുവിൽ ഉണ്ട്. ഇദ്ദേഹം നടത്തിയ ചില സാമുദായിക പരാമർശങ്ങൾ ജോസ് കെ മാണിയുടെ പരാജയത്തിനു പോലും കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്ന വിഷയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക