തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിക്കുന്നതായി എം.എം.മണി എംഎൽഎ നിയമസഭയെ അറിയിച്ചു. കെ.കെ.രമ വിധവയായത് അവരുടെ വിധിയെന്നായിരുന്നു ജൂലൈ 14ന് എം.എം.മണി ധനാഭ്യർഥന ചർച്ചയ്ക്കിടെ പറഞ്ഞത്. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തന്റെ വാക്കുകളിൽ മണി ഉറച്ചുനിന്നു. പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം പിൻവലിച്ചതെന്നാണ് സൂചന.

‘‌യഥാർഥത്തിൽ ആ പ്രസംഗത്തിൽ തന്നെ എന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളത്തിൽ മുങ്ങിപോയി. സഭാ രേഖകൾ പരിശോധിച്ചാൽ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നു കാണാനാകും. അത് അവരുടേതായ വിധി എന്നു ഞാൻ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു, ഒഴിവാകണമായിരുന്നു. ഈ പരാമർശം പിൻവലിക്കുന്നു’–എം.എം.മണി പറഞ്ഞു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു നിയമസഭയിലെ രമയുടെ പ്രസംഗം. രമയ്ക്കുശേഷം പ്രസംഗിച്ചപ്പോഴാണ് എം.എം.മണി വിവാദ പരാമർശങ്ങൾ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായിപോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’–ഭർത്താവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച്, കെ.കെ.രമയുടെ പ്രസംഗത്തിനു മറുപടിയായി എം.എം.മണി പറഞ്ഞു. തുടർന്ന്, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിരുന്നു.

സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാണമെന്ന് സ്പീക്കർ പറഞ്ഞു. എം.എം.മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. എം.എം.മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിനു ചേരാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും സ്പീക്കർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക