തിരുവനന്തപുരം: 28 വര്‍ഷം മുന്‍പുനടന്ന വിദേശ പൗരന്‍ ഉള്‍പ്പെട്ട ലഹരി കേസും തൊണ്ടിമുതല്‍ കടത്തിയതും ഇപ്പോള്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ഗതാഗത മന്ത്രി ആന്റണി രാജുവും (Antony Raju) തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ തൊണ്ടി ക്ലര്‍ക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികള്‍. തൊണ്ടി മുതല്‍ കടത്തി കൃത്രിമം കാട്ടിയെന്ന കേസില്‍ ആന്റണി രാജുവിന്റെ പങ്ക് വെളിവാകുന്ന നിര്‍ണായക രേഖയാണ് പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയും അടിവസ്ത്രവും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ഈ സമയം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് വിദേശ പൗരന്റെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. പ്രതിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്ത് പ്രഗല്‍ഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയും ചെയ്തു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയല്‍ ഒബ്ജക്‌ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

അടിവസ്ത്രം ചെറുതായത് എങ്ങനെ?

തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രം ഓസ്‌ട്രേലിയക്കാരന് ഇടാന്‍ പറ്റാത്തത്ര ചെറുതായ മായാജാലമാണ് നടന്നത്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസ് ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. അടിവസ്ത്രം മുറിച്ച്‌ വീണ്ടും തുന്നിച്ചേര്‍ത്ത് പരിഹാസ്യമായ രീതിയില്‍ ചെറുതാക്കി മാറ്റുകയായിരുന്നെന്ന് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കുറ്റപ്പെടുത്തുന്നു. 1994ല്‍ ഇങ്ങനെ തുടങ്ങിയ കേസ് 2002ല്‍ എത്തിയപ്പോള്‍ തെളിവില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ ശ്രമം നടത്തി. എന്നാല്‍ 2005 ല്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

ആന്‍ഡ്രൂവിന്റെ വെളിപ്പെടുത്തല്‍

ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വല്ലിയെ വിക്ടോറിയയില്‍ ഒരു കൊലപാതക കുറ്റത്തിന് പൊലീസ് പിടികൂടി. മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്ബോള്‍, ആന്‍ഡ്രൂ തന്റെ സഹതടവുകാരന്‍ വെസ്ലി ജോണ്‍ പോളിനോട് തന്റെ ഇന്ത്യന്‍ സാഹസികതയെക്കുറിച്ചും തെളിവുകള്‍ നശിപ്പിക്കാന്‍ കോടതിയിലെ ക്ലര്‍ക്കിന് എങ്ങനെ കൈക്കൂലി നല്‍കിയെന്നും വീമ്ബിളക്കിയതായി ആരോപിക്കപ്പെടുന്നു. വിവരം അറിഞ്ഞ ഓസ്‌ട്രേലിയന്‍ പോലീസ് ഉടന്‍ തന്നെ ഇന്റര്‍പോളിലൂടെ സിബിഐയെ അറിയിച്ചു. സിബിഐ റിപ്പോര്‍ട്ട് കേരള പൊലീസിന് കൈമാറി.

28 വര്‍ഷം കഴിഞ്ഞിട്ടും…

1994ലാണ് മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍ പോലുമാകാത്ത പ്രതിസന്ധിയിലാണ്. വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷമായി. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷവും വിചാരണക്കായി കോടതി സമന്‍സ് അയച്ച്‌ പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷവുമാകുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്, നിലവില്‍ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി കാത്തിരിക്കുന്നത്. 23ാം തവണ കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിനാണ്.

ഈ ഘട്ടത്തിൽ പുതിയ വെളിപ്പെടുത്താൻ വരുന്നത് ഗതാഗതമന്ത്രി ആന്റണി രാജുവിനെ പ്രതിരോധത്തിലാക്കും. മന്ത്രി നടത്തിയ കൃത്രിമം പ്രതിപക്ഷം ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. സഭാസമ്മേളനം നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കും. സജി ചെറിയാന് പിന്നാലെ ആന്റണി രാജുവും വീഴുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക