കോട്ടയം: ജോസ് കെ മാണി അധ്യക്ഷനായ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത. തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തര്‍ക്കം. പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ ഒഴിവാക്കി ഒരു വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരെ യോഗത്തില്‍ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.

ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന യോഗത്തില്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളും പങ്കെടുത്തു. ഇവര്‍ പാര്‍ട്ടി ഓഫീസില്‍ തെരഞ്ഞടുപ്പ് നടത്തി. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തമ്മില്‍ തല്ലില്‍ കലാശിച്ചിരുന്നു. ഭിന്നതയെത്തുടര്‍ന്ന് യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍ എം രാജു രാജി നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്കാണ് രാജി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവല്ല നിയോജക മണ്ഡലത്തിലെ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം കൈയ്യാങ്കളിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാന നേതാക്കളായ അലക്‌സ് കോഴിമല, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അന്ന് യോഗം ചേര്‍ന്നത്. 79 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടായതോടെയാണ് കൈയ്യാങ്കളിയിലേക്ക് എത്തിയത്. പ്രതിനിധികളുടെ പേരുവായിച്ചതോടെ ബഹളവും കൈയായാങ്കളിയും ആരംഭിച്ചു. തുര്‍ന്ന് വോട്ടെടുപ്പ് തുടങ്ങും മുമ്ബേ യോഗം നിര്‍ത്തിവെക്കുകയായിരുന്നു.

അച്ചടക്ക നടപടി ലംഘിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍ എം രാജു അറിയിച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം നടപടിയുണ്ടാകുമെന്നും അന്ന് പറഞ്ഞിരുന്നു. അതേസമയം വോട്ടെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളവരാണ് കൈയാങ്കളിക്ക് തുടക്കമിട്ടതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക