ന്യൂഡല്‍ഹി: വാര്‍ത്താ വെബ്‌സൈറ്റുകള്‍, പത്രങ്ങള്‍, അച്ചടിശാലകള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കിയേക്കും. പ്രിന്റിംഗ് പ്രസ്സുകളെയും പത്രങ്ങളെയും മാത്രം നിയന്ത്രിക്കുന്ന 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പിആര്‍ബി) നിയമത്തിന് പകരമായി 2019-ലാണ് കരട് രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് (ആര്‍പിപി) ബില്ലിന് രൂപം നല്‍കിയത്. പുതിയ കരട് ബില്ലില്‍ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

2019-ല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആന്‍ഡ് ബി) മന്ത്രാലയം കരട് ബില്ലിനെക്കുറിച്ച്‌ ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും അത് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വയ്ക്കുകയും ചെയ്തു. ചെറിയ പരിഷ്കാരങ്ങള്‍ക്ക് ശേഷം, കരട് ബില്‍ ഇപ്പോള്‍ വീണ്ടും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി എത്തിയിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം അത് പാര്‍ലമെന്റിന് മുമ്ബാകെ കൊണ്ടുവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബില്ലിന്റെ ആദ്യ കരട് 2017ല്‍ തയ്യാറാക്കിയെങ്കിലും രണ്ടുവര്‍ഷമായിട്ടും പുരോഗതിയുണ്ടായിരുന്നില്ല. ഒരു പത്രത്തിന്റെ രജിസ്ട്രേഷന്‍ പ്രക്രിയ ലളിതമാക്കാനാണ് കരട് ബില്‍ ശ്രമിക്കുന്നത്. പ്രസാധകരെ പ്രോസിക്യൂഷന്‍ ചെയ്യുന്നതിനുള്ള 1867-ലെ പിആര്‍ബി നിയമത്തിന് കീഴിലുള്ള മുന്‍ വ്യവസ്ഥ ഒഴിവാക്കാനും ഇത് നിര്‍ദ്ദേശിക്കുന്നു.

പ്രസ് രജിസ്ട്രാര്‍ ജനറലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണമെന്നാണ് നിര്‍ദേശം. ഡിജിറ്റല്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഈ ഉദ്യോഗസ്ഥനില്‍ രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പുതിയ ഡിജിറ്റല്‍ മീഡിയ നിയമങ്ങള്‍ കൊണ്ടുവന്നത്. എല്ലാ ഡിജിറ്റല്‍ വാര്‍ത്താ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ ക്യുറേറ്റഡ് ഉള്ളടക്ക ദാതാക്കളും അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി I&B മന്ത്രാലയത്തിന് അയയ്‌ക്കേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക