മലയാള സിനിമയിലെ മുന്‍നിര നടന്മാരുടെ പ്രതിഫലത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഫിലിം ചേംബര്‍ അംഗങ്ങള്‍ക്കിടയിലും സിനിമ നിര്‍മ്മാതാക്കള്‍ക്കിടയിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബോക്സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന സിനിമകളിലെ നായകന്മാര്‍ക്ക് പോലും ഭീമമായ തുകയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 2022-ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാടരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയുമാണ് ടൈംസ് ഓഫ് ഇന്ത്യ.

മോഹന്‍ലാല്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിന്റെ ‘ബിഗ് എംസ്’ തന്നെയാണ് പതിറ്റാണ്ടുകളായി സൂപ്പര്‍ താര പദവിയില്‍ നിന്ന് ഒഴിയാതെ തുടരുന്നത്. ആരാധകരെ കൊണ്ടും ബോക്സ് ഓഫീസ് ഹിറ്റുകള്‍ കൊണ്ടും മമ്മൂട്ടിയും മോഹന്‍ലാലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അതില്‍ മോഹന്‍ലാലാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022ല്‍ ഒരു സിനിമയ്ക്ക് 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ആദ്യ 100 കോടി എന്ന നേട്ടം മലയാള സിനിമയ്ക്ക് നല്‍കിയത് മോഹന്‍ലാല്‍ ആണ്. ‘ദൃശ്യം’, ‘പുലിമുരുകന്‍’, ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങള്‍ തന്നെയാണ് നടന്റെ താരമൂല്യം വര്‍ധിപ്പിച്ചത്. 2019ല്‍ മോഹന്‍ലാല്‍ നേടിയത് 64.5 കോടി രൂപയാണെന്നും അതേ വര്‍ഷം മമ്മൂട്ടിയുടെ വരുമാനം 33.5 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ജനപ്രിയ മലയാളം ടിവി ഷോ ആയ ബിഗ് ബോസിലൂടെ അവതാരകനായി എത്തിയ മോഹന്‍ലാല്‍ 12 കോടി രൂപയാണ് വാങ്ങുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. മോഹനലാല്‍ നായകനാകുന്ന ‘എലോണ്‍’ ആണ് അടുത്തതായി റിലീസിനൊരുങ്ങാന്‍ അടുത്ത ചിത്രം. കൂടാതെ എംടി വാസുദേവന്‍ നായരുടെ കഥയുമായി ‘ഓളവും തീരവും’, പൃഥ്വിരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്ബുരാന്‍’ എന്നിവയാണ് സിനിമകളും മോഹന്‍ലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ്. കൂടാതെ ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം കൂടി അണിയുടുകയാണ് താരം.

മമ്മൂട്ടി

മോളിവുഡിന്റെ എക്കാലത്തെയും മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പര്‍വ്വം’ എന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ വന്‍ വിജയത്തോടെയാണ് നടന്‍ ഈ വര്‍ഷം തുടക്കം കുറിച്ചത്. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രത്തിന് ശേഷം ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന സിനിമയും ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കി. ഇതുതന്നെയാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയരാനുള്ള കാരണം. 4 കോടി മുതല്‍ 10 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. എന്നാല്‍ അതേസമയം, താരം ചില ചിത്രങ്ങളില്‍ പ്രതിഫലം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ‘കൈയൊപ്പ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ‘ബിഗ് ബി’ യുടെ രണ്ടാം ഭാഗം ‘ബിലാലും’ അണിയറയിലാണ്.

ദുല്‍ഖര്‍ സല്‍മാന്‍

താര പുത്രന്‍ എന്നതിനപ്പുറം അഭിനയ മികവ് കൊണ്ട് യുവ സൂപ്പര്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിനിമകള്‍ താരത്തിന് കുറവാണ് എങ്കിലും ആരാധകരെ ഒരിക്കല്‍ പോലും നിരാശപ്പെടുത്താതെ മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമയ്ക്ക് 3 കോടി മുതല്‍ 8 കോടി രൂപ വരെയാണ് പ്രതിഫലം കൈപ്പറ്റുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാന്റെ പ്രതിമാസ വരുമാനം 40 ലക്ഷത്തിലേറെയാണ്, അതില്‍ ഭൂരിഭാഗവും സിനിമകളില്‍ നിന്നാണ്. ഹാനു രാഘവപുഡി സംവിധാനം ചെയ്ത ‘സീതാ രാമം’ ആണ് ഡിക്യൂവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. കൂടാതെ ‘ഛുപ്’ എന്ന ബോളിവുഡ് സിനിമയിലും താരം എത്തുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ ഇടം നേടിയ താരമാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്‍മാരുടെ നിരയിലും താരമുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ ഒരു സിനിമയ്ക്ക് ഏകദേശം 3 കോടി മുതല്‍ 7 കോടി രൂപ വരെയാണ് ഈടാക്കുന്നത്. ജൂലൈ ഏഴിന് പുറത്തിറങ്ങിയ ‘കടുവ’ മികച്ച ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്.

ഒരു നടന്റെ പ്രതിഫലം സിനിമയിലെ അവരുടെ താരമൂല്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ മണിരത്‌നത്തിന്റെ ‘രാവണ്‍’ സിനിമയില്‍ ഐശ്വര്യ റായിക്ക് തന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും താരം ‘കടുവ’യുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിത’ത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിയുടെ ആരാധകര്‍. ഞെട്ടിക്കുന്ന മെക്കോവറിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വാര്‍ത്ത പൃഥ്വിരാജ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ഫഹദ് ഫാസില്‍

പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്ന വന്ന് മലയാള സിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ച താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറമെ തന്റെ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യയില്‍ താനെന്ന തന്റേതായ സ്ഥാനം താരം ഉറപ്പിച്ചിട്ടുണ്ട്. ‘പുഷ്പ: ദി റൈസ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഫഹദ് ഗംഭീരമായി കൈകാര്യം ചെയ്തു. ഏകദേശം 3.5 കോടി മുതല്‍ 6 കോടി രൂപ വരെയാണ് താരം നിലവില്‍ വാങ്ങുന്ന പ്രതിഫലം. ‘പുഷ്പ’യുടെ രണ്ടാം ഭാഗം ഉള്‍പ്പെടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഫഹദിന്റെ പ്രതിഫലം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മലയാളത്തില്‍ മലയന്‍കുഞ്ഞാണ് ഇനി തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം. ‘ട്രാന്‍സ്’ എന്ന ചിത്രത്തിന് ശേഷം നിരവധി സിനിമകള്‍ ഫഹദ് ചെയ്തു എങ്കിലും രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രത്തിലൂടെ തിയേറ്ററുകളില്‍ ഫഹദിന്റെ ചിത്രം എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക