സാമ്ബത്തിക പ്രതിസന്ധിയില്‍ ഏറെക്കാലമായി ഉഴലുന്ന ശ്രീലങ്കയുടെ അവസ്ഥ തകര്‍ച്ചയുടെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ തകര്‍ച്ചയുടെ പാതയിലാണ് ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും, നേപ്പാളുമടക്കമുള്ള രാജ്യങ്ങള്‍. വിവിധ രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും ലോകം വീണ്ടുമൊരു സാമ്ബത്തിക മാന്ദ്യത്തിലേക്കാണോ എന്ന സൂചനകളും നല്‍കുന്നുണ്ട്.

ശ്രീലങ്കയുടെ അവസ്ഥ ചൂണ്ടിക്കാട്ടി വരും കാലത്ത് ഇന്ത്യയുടെ അവസ്ഥയും സമാനമായിരിക്കും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പ്രധാനമായും പ്രതിപക്ഷ കക്ഷികളാണ് ഈ വാദം ഉന്നയിക്കുന്നത്. പ്രതിഷേധക്കാരെ ഭയന്ന് രാജ്യം വിടേണ്ടി വന്ന ശ്രീലങ്കന്‍ ഭരണാധികാരിയുടെ അവസ്ഥ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുണ്ടാകുമെന്ന് തൃണമൂല്‍ എം എല്‍ എയുടെ വാക്കുകളും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ അവസ്ഥയില്‍ ഇന്ത്യയുടെ സാമ്ബത്തിക നില പരുങ്ങലിലാണോ എന്ന് പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെറ്റായ രീതിയിലുള്ള ഭരണരീതികളാണ് ശ്രീലങ്കയെ അതിവേഗം കടക്കെണിയില്‍ വീഴ്ത്തിയത്. പ്രധാനമായും കുറച്ച്‌ നാളുകളായി രാജപക്‌സെ കുടുംബത്തിന്റെ കൈയിലെ കളിപ്പാവയായിരുന്നു ശ്രീലങ്ക എന്ന രാജ്യം. ഈ അവസരം ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. രാജ്യത്തെ അരാജകത്വത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടത് സര്‍ക്കാര്‍ കൈക്കൊണ്ട തെറ്റായ നയങ്ങളായിരുന്നു. രാജ്യത്തിന്റെ ജിഡിപിയെക്കാള്‍ അധികം കടമെടുത്ത സര്‍ക്കാരാണ് രാജ്യത്തെ കടക്കെണിയില്‍ ആക്കിയത്. ഉയര്‍ന്ന പലിശ നിരക്കും കുറഞ്ഞ കാലാവധിയുമുള്ള കടം എടുത്തതും തിരിച്ചടിയായി.

അധികാരം പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഗോതബയ രാജപക്‌സെ നിരവധി വാഗ്ദ്ധാനങ്ങളാണ് നല്‍കിയത്. വലിയ നികുതിയിളവുകള്‍ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്ന ടൂറിസത്തിന് കൊവിഡില്‍ കാലിടറിയതോടെ രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥ തകരുകയായിരുന്നു. ശ്രീലങ്കയുമായി ഇന്ത്യയെ തുലനം ചെയ്താല്‍ നാം ഇപ്പോഴും വളരെ സുരക്ഷിതരാണ്. വിദേശനാണ്യത്തിന്റെ ശോഷണം മൂലം ഇന്ധനമുള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ 600 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശനാണ്യ കരുതല്‍ ധനമുള്ള ഇന്ത്യയ്ക്ക് അടുത്തൊന്നും ഒരു സാമ്ബത്തിക വെല്ലുവിളി നേരിടേണ്ട സാഹചര്യം ഇല്ല. ഒരു വര്‍ഷം രാജ്യത്തിന് ആവശ്യമുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഈ തുക ധാരാളമാണ് എന്നതാണ് കാരണം.

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വിദേശ കടം 2013 ല്‍ 409 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2021 ഡിസംബറില്‍ 615 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2013 ലെ 22.4 ശതമാനത്തില്‍ നിന്ന് 2021 എത്തുമ്ബോള്‍ 20 ശതമാനമായി മാറി. കൊവിഡ് കാലത്ത് ജി ഡി പിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടും ഇത്രയും നേട്ടമുണ്ടാക്കാന്‍ രാജ്യത്തിനായി എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ ശരിയായ ദിശയിലാണ് എന്നതിന്റെ സൂചനയാണ് ഇത്.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പമാണ് കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുത. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദം വരെ മിതമായ പണപ്പെരുപ്പമായിരുന്നുവെങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. എന്നാല്‍ മാറിയ ആഗോള സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം ഉയര്‍ന്ന തോതിലാണ്. കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറച്ചും സമയോചിതമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിക്കടിയുണ്ടാവുന്നത് പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനാണ്. ഡോളറിനെതിരെ രൂപയുടെ നില പരുങ്ങളിലാകുന്നതും വെല്ലുവിളിയാണ്. കയറ്റുമതിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കയുളവാക്കുന്നുണ്ട്.

കടം പെരുകുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്.
രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് സംസ്ഥാനങ്ങള്‍ക്കും തുല്യമായ ഉത്തരവാദിത്തമാണ് ഉള്ളത്. എന്നാല്‍ ഭരണം പിടിക്കാന്‍ കടം എടുത്തും സൗജന്യങ്ങളും വാഗ്ദ്ധാനങ്ങളും ഒഴുക്കുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടം പെരുകുന്നത് തിരിച്ചടിയാവുമെന്ന് അടുത്തിടെ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക