തിരുവനന്തപുരം: അഴിച്ചുപണിയില്‍ പൊലീസ് തലപ്പത്തെ രണ്ടാമനായാണ് കെ. പദ്മകുമാറിന്റെ വരവ്. ഡി.ജി.പിക്ക് താഴെ പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പിയായി തിങ്കളാഴ്ച പദ്മകുമാര്‍ ചുമതലയേല്‍ക്കും. ഡി.ജി.പിക്കുവേണ്ടി ഭരണപരമായ കാര്യങ്ങളെല്ലാം ഇനി നിര്‍വഹിക്കേണ്ടത് പദ്മകുമാറാണ്. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് പദ്മകുമാര്‍ കാക്കിയണിയുന്നത്.

അടുത്തവര്‍ഷം ഡി.ജി.പി റാങ്ക് ലഭിക്കുന്ന പദ്മകുമാര്‍, അടുത്ത ജൂണ്‍ 30ന് അനില്‍കാന്തിന്റെ കാലാവധി കഴിയുമ്ബോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയുമാകും. പൊലീസ് മേധാവിയായാല്‍ 2025ഏപ്രില്‍ വരെ തുടരാം. 1989 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ പദ്മകുമാറിനെ സുപ്രധാന തസ്തികകളില്‍ നിന്ന് മാറ്റി നിറുത്തിയിരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗതാഗത കമ്മിഷണര്‍, ബറ്റാലിയന്‍ മേധാവി, തീരദേശ പൊലീസ്, പൊലീസ് അക്കാഡമി എന്നിങ്ങനെ ഏല്‍പ്പിച്ച ചുമതലകളെല്ലാം അദ്ദേഹം ഭംഗിയാക്കി. ചുരുളി സിനിമയിലെ ഭാഷ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയ അദ്ധ്യക്ഷനുമായിരുന്നു. സിനിമയില്‍ നിയമലംഘനമില്ലെന്നും കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമാണെന്നുമുള്ള പദ്മകുമാറിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി അതേപടി അംഗീകരിച്ചു. മാത്രമല്ല, ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പരിചയസമ്ബന്നന്‍

പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്ബത്താണ് കെ. പദ്മകുമാറിനുള്ളത്. പൊലീസ് അഡ്മിനിസ്ട്രേഷനിലും കഴിവുതെളിയിച്ചു. പരിശീലനം മികവുറ്റതാക്കാനുള്ള ബറ്റാലിയനിലെ നിരവധി സമിതികളുടെ അദ്ധ്യക്ഷനായിരുന്നു. എസ്.പിയായും ഡി.ഐ.ജിയായും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി രണ്ടുവട്ടം, കോഴിക്കോട് കമ്മിഷണര്‍, മലബാറിലെ എല്ലാ ജില്ലകളിലും എസ്.പി, എറണാകുളം റേഞ്ച് ഡി.ഐ.ജി, ക്രൈംബ്രാഞ്ച്- ഇന്റലിജന്‍സ് ഐജി, എറണാകുളം- തിരുവനന്തപുരം റേഞ്ച് ഐ.ജി, ദക്ഷിണമേഖലാ എ.ഡി.ജി.പി, ഗതാഗത കമ്മിഷണര്‍, പൊലീസ് അക്കാ‌ഡമി ഡയറക്ടര്‍, തീരദേശപൊലീസ് മേധാവി, ബറ്റാലിയന്‍ മേധാവി എന്നിങ്ങനെ പദവികള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ശബരിമലയുടെ സുരക്ഷയൊരുക്കുന്ന ചീഫ് കോ-ഓര്‍ഡിനേറ്ററായിരുന്നു. തൃശൂര്‍ തിരുവില്വാമല സ്വദേശിയായ പദ്മകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് സ്ഥിരതാമസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക