കണ്ണൂര്‍: തലശേരി നഗരത്തിലെ കടല്‍പ്പാലത്തിനടുത്തുള്ള പാണ്ടിക ശാല റോഡില്‍ രാത്രിയില്‍ ദമ്ബതികളെ ബലപ്രയോഗത്തിലൂടെ അകാരണമായി അറസ്റ്റു ചെയ്തുവെന്ന പരാതിയില്‍ തലശേരി എ എസ് പി വിഷ്ണു പ്രദീപും സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയും നടത്തിയ രണ്ട് വകുപ്പുതല അന്വേഷണങ്ങളും പൂര്‍ത്തിയായി.

പൊലീസ് പിടിയിലായ തന്നെയും ഭര്‍ത്താവായ പാലയാട് ചിറക്കുനി പാവനത്തില്‍ പ്രത്യുഷിനെ(31) യും സദാചാര കടന്നാക്രമണത്തിനിരയാക്കിയെന്നും വലിച്ചിഴച്ച്‌ പൊലീസ് വാഹനത്തില്‍ കയറ്റി തലശേരി ടൗണ്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നുമാണ് ദമ്ബതികളിലൊരാളായ പിണറായി എരുവട്ടി സ്വദേശിനിയായ മേഘ(27) സിറ്റി പൊലീസ് കമിഷണര്‍ക്ക് നല്‍കിയ പരാതി. ഇതിനെ തുടര്‍ന്നാണ് തലശേരി എസ് ഐക്കും സി ഐക്കും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. തലശേരി എ എസ് പി വിഷ്ണു പ്രദീപും സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുമാണ്അന്വേഷണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂര്‍ത്തിയായ അന്വേഷണ റിപോര്‍ട് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ ഇളങ്കോവിന് സമര്‍പിക്കും. അന്വേഷണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഇരു പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം പ്രത്യേകമായാണ് അന്വേഷണം നടത്തിയത്. തലശേരി പൊലീസ് സ്റ്റേഷനിലെ സി സി ടി വി കാമറകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്.

ദമ്ബതികളെ സ്റ്റേഷനില്‍ വെച്ചു മര്‍ദിച്ചുവെന്ന പരാതിയുള്ളതിനാലാണ് സ്റ്റേഷനിലെ കാമറകള്‍ വിശദമായി പരിശോധിച്ചത് ദമ്ബതികളെ മെഡികല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. തലശേരി നഗരത്തിലെ കടല്‍ തീരത്ത് വെച്ചു രാത്രി മഴയായതിനാല്‍ ബൈകിലെത്തിയ തങ്ങള്‍ മഴയായതിനാല്‍ പാണ്ടികശാലയിലെ ഷെഡില്‍ കയറി നിന്നപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയും ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

അതിന് വല്ല ഓര്‍ഡറുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെടുകയും അതു നാളെ ഹാജരാക്കാമെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ പൊലീസ് അകാരണമായി മര്‍ദിച്ചുവെന്നും സദാചാര കടന്നാക്രമണം നടത്തിയെന്നുമാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായ മേഘയുടെയും ഭര്‍ത്താവും ഇലക്‌ട്രീഷ്യനുമായ പ്രത്യുഷിന്റെയും പരാതി. സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മദ്യപിച്ചെത്തിയ സി ഐ തങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തലശേരി എസ് ഐ മനുവിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പ്രത്യുഷ് റിമാന്‍ഡിലാണ്.

ഇയാളുടെ ജാമ്യ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യുഷിന്റെ ഭാര്യ മേഘ മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി അനില്‍ കാന്തിനും പരാതി നല്‍കിയിരുന്നു. പൊലീസ് റിപോര്‍ട് പ്രതികൂലമായാല്‍ മനുഷ്യാവകാശകമിഷനു പരാതി നല്‍കാനും നിയമ നടപടി സ്വീകരിക്കാനുമാണ് ഇവരുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക