ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മ വൈ എസ് വിജയമ്മ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓണററി പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ഇനി മകള്‍ ഷര്‍മിളയ്‌ക്കൊപ്പം നില്‍ക്കാനാണ് വിജയമ്മയുടെ തീരുമാനം. അയല്‍ സംസ്ഥാനമായ വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ മേധാവിയാണ് മകള്‍ ഷര്‍മിള. അമ്മ എന്ന നിലയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി താന്‍ എപ്പോഴും അടുപ്പത്തിലായിരിക്കുമെന്ന് രാജിവെക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച ആരംഭിച്ച പാര്‍ട്ടി പ്ലീനറിയില്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം വിജയമ്മ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അച്ഛന്റെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശര്‍മിള തെലങ്കാനയില്‍ ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നത് എന്നും താന്‍ അവളെ പിന്തുണക്കേണ്ടതുണ്ട് എന്നും വിജയമ്മ പറഞ്ഞു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ (രണ്ട് സംസ്ഥാനങ്ങളില്‍) അംഗമാകാന്‍ കഴിയുമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഓണററി പ്രസിഡന്റായി തുടരാന്‍ എനിക്ക് ബുദ്ധിമുട്ടാണ്, വിജയമ്മ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഇത് ദൈവത്തിന്റെ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നു, അവര്‍ അഭിപ്രായപ്പെട്ടു. തന്റെ റോളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് ഓണററി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്ന് വിജയമ്മ പറഞ്ഞു.

ജഗന്‍ മോഹന്‍ റെഡ്ഡിയും സഹോദരിയും തമ്മില്‍ സ്വത്ത് സംബന്ധമായ പ്രശ്നങ്ങളില്‍ ചില തര്‍ക്കങ്ങള്‍ ഉള്ളതായി കുറച്ചുകാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്ത കാലത്തായി ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് വിജയമ്മ മകനുമായി അകന്ന് കഴിയുകയായിരുന്നു. അതേസമയം അടുത്തിടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയുടെ സ്ഥിരവും ആജീവനാന്ത പ്രസിഡന്റുമാകാന്‍ വഴിയൊരുക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ ഉള്ള നീക്കത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക