മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ എം മാണിയുടെ സ്മാരകത്തോട് കടുത്ത അവഗണനയും ആയി പാലാ നഗരസഭാ ഭരണകൂടം. കെഎം മാണി നിയമസഭാംഗത്വം സുവർണ്ണ ജൂബിലി സ്മാരക മന്ദിരമാണ് നഗര ഭരണകൂടത്തിന്റെ കടുത്ത അവഗണനയ്ക്ക് ഇരയാകുന്നത്. കെഎം മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് കേരളത്തിൽ ഭരിക്കുന്ന ഏക നഗരസഭയിൽ പാലായിൽ ആണ് ഈ ദുര്യോഗം എന്നതാണ് വിരോധാഭാസം.

വീഡിയോ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോർന്നൊലിക്കുന്ന കെട്ടിടവും, നനഞ്ഞു കുളിക്കുന്ന യാത്രക്കാരും, വെള്ളത്തിൽ ആവുന്ന വ്യാപാരസ്ഥാപനങ്ങളും:

പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് ആണ് കെഎം മാണിയുടെ നിയമസഭാംഗത്വം സുവർണ്ണ ജൂബിലി സ്മാരകമായി നഗരസഭ നാമകരണം ചെയ്ത കെട്ടിടം. മുൻമന്ത്രിയും 50 വർഷത്തിലധികം കാലം പാലാ എംഎൽഎയും ആയിരുന്ന നേതാവിന്റെ നിയമസഭാംഗത്വ സുവർണ്ണ ജൂബിലിയുടെ ഏക സ്മാരകം കൂടിയാണ് ഈ കെട്ടിടം. ലക്ഷക്കണക്കിന് രൂപ ഡെപ്പോസിറ്റ് കൊടുത്ത കെട്ടിടത്തിൽ കടമുറികൾ എടുത്ത വ്യാപാരികൾ ഇന്ന് കടുത്ത ദുര്യോഗമാണ് നേരിടുന്നത്. കെട്ടിടത്തിന്റെ റൂഫിംഗ് ഷീറ്റ് ചോർന്നൊലിച്ച് വിവിധഭാഗങ്ങളിൽ സീലിംഗ് തകരുകയും ഇതുവഴി വെള്ളം കടകളിലേക്ക് കുത്തി ഒഴുകുകയും ആണ് ഓരോ മഴക്കാലത്തും. ബസ് കാത്തു നിൽക്കുന്നവരുടെ കാത്തിരിപ്പ് കേന്ദ്രവും ഈ കടകൾക്ക് മുന്നിലുള്ള വരാന്തയിലാണ്. മഴപെയ്താൽ ഇവിടെ നിൽക്കുന്നവരെല്ലാം നനഞ്ഞ കുളിക്കും. കെട്ടിടത്തിൽ മതിയായ ടോയ്ലറ്റ് സൗകര്യങ്ങളും, ജല വിതരണ സംവിധാനങ്ങളും ഇല്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

കെഎം മാണി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ സമയത്ത് അന്ന് കേരള കോൺഗ്രസ് നേതാവും, നഗര പിതാവും ആയിരുന്ന കുര്യാക്കോസ് പടവൻ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് ഈ കെട്ടിടം. തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിച്ച സംഗീത സായാഹ്നം ഉൾപ്പെടെയുള്ള പരിപാടികളോടെയാണ് നാമകരണ ചടങ്ങ് നടത്തിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആയിരുന്നു കെഎം മാണിയുടെ സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തത്.

കൊട്ടാരമറ്റം ഒരു ഹോട്ട് ഷോപ്പിങ് സ്പേസ് ആയതിനാൽ ഇവിടെ വൻതുകകൾ ലേലം നൽകിയാണ് പലരും വ്യാപാര സ്ഥാപനങ്ങൾക്കായി മുറികൾ കരസ്ഥമാക്കിയത്. എന്നാൽ പിന്നീട് വന്ന ഭരണസമിതികൾ ഈ കെട്ടിടത്തെ പാടെ അവഗണിക്കുകയാണ് ചെയ്തത്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, ഇവിടെയെത്തുന്നവർക്കോ മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലും നഗരസഭ ലഭ്യമാക്കിയില്ല.പലരും അതുകൊണ്ടുതന്നെ കടമുറികൾ ഉപേക്ഷിച്ചു പോവുകയാണ്. എന്നാൽ വാങ്ങിയ ഡെപ്പോസിറ്റ് തുക പോലും തിരികെ നൽകുവാനുള്ള പ്രാപ്തി ഇപ്പോൾ നഗര ഭരണകൂടത്തിന് ഇല്ല എന്നതും വ്യാപാരികളെ വലയ്ക്കുന്നു.

ഇവിടെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ നേരിടുന്നതും കൊടിയ ദുരിതമാണ്. മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. മഴപെയ്താൽ ചോർന്നൊലിക്കുന്നതിനാൽ ആളുകൾ നനയും. സ്മാരകങ്ങൾ നിർമ്മിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ കൃത്യമായി പരിപാലിക്കുന്നത് എന്നു കൂടി അധികൃതർ മനസ്സിലാക്കാത്തതിന്റെ പരിണിതഫലമാണ് കെഎം മാണി സ്മാരകം നേരിടുന്ന ഈ ദുര്യോഗം.

ഇത്തരത്തിലുള്ള പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കെഎം മാണിയുടെ പേരിനുപോലും മോശമാണെന്ന ചിന്ത അദ്ദേഹത്തിൻറെ അനുയായികൾ ഭരിക്കുന്ന ഭരണകൂടത്തിന് ഇല്ലാത്തത് അപലപനീയം തന്നെ. കൊട്ടാരമറ്റം ബസ്റ്റാൻഡിനുള്ളിൽ നേരത്തെ കേരള കോൺഗ്രസ് യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിന് കെഎം മാണിയുടെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയിരുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കെഎം മാണിയുടെ പൂർണകായ പ്രതിമയും കൃത്യമായ പരിപാലനം ഇല്ലാത്തതിനാൽ കരിമ്പനടിച്ച് മോശമായ നിലയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക