പാലാ : മൂന്നാനി തോട്ടത്തിൽ കടവ് റോഡിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൊതു ടോയ്ലറ്റ് നഗരസഭയിൽ നിന്നും തിടുക്കപ്പെട്ട് പൊളിച്ച് മാറ്റിയെന്ന് ആക്ഷേപം. പുതിയ ടോയ്ലറ്റ് സ്ഥാപിക്കുന്നതിൻ്റെ പേരിൽ പഴയ ശൗചാലയം പൊളിച്ച് കളഞ്ഞിട്ട് മാസം ഒന്നര കഴിഞ്ഞുവെന്നും നാളിതുവരെയായിട്ടും പുതിയ ടോയ്ലറ്റിൻ്റെ നിർമ്മാണ നടപടികൾ ഇഴയുകയാണെന്നും മൂന്നാനി, കൊച്ചിടപ്പാടി വാർഡുകളിലെ കൗൺസിലർ മാരായ ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവർ ആരോപിച്ചു.

വർഷങ്ങൾക്ക് മുമ്പ് പ്രൊഫ. ജോസഫ് മൂലയിലിൻ്റെ കാലഘട്ടത്തിലാണ് മൂന്നാനിയിൽ പൊതു ശൗചാലയം സ്ഥാപിച്ചത്. നിലവിൽ മൂന്നാനിയിലെ ശൗചാലയത്തിനോട് ചേർന്ന വിശാലമായ ഗ്രൗണ്ടിലാണ് പാലാ ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ വാഹന ടെസ്റ്റിംഗ് കാലങ്ങളായി നടത്തി വരുന്നത്. ബസ്, കാർ, ടു വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശീലനം നടത്തുന്നതും ടെസ്റ്റ് നടത്തുന്നതും പ്രസ്തുത സ്ഥലത്താണ്. ദിനം പ്രതി വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനത്തിനായും ഡ്രൈവിംഗ് ടെസ്റ്റിനായും മൂന്നാനിയിലെ ഗ്രൗണ്ടിൽ എത്തിച്ചേരുന്നത്.
ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക കൃത്യത്തിനായി ആശ്രയിച്ചിരുന്ന പ്രസ്തുത പൊതു ശൗചാലയം ചെയർമാൻ നൽകിയ മുൻകൂർ അനുമതി പ്രകാരം തിടുക്കപ്പെട്ട് പൊളിച്ച് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാനി ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിലെ പബ്ലിക്ക് ടോയ്ലറ്റുകൾ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷൈൻ ബേബി എന്നയാളുടെ ടെൻഡർ അംഗീകാരത്തിനായി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ ഇന്നാണ് [ 5 – 7 – 2022 ചൊവ്വാഴ്ച്ച ] പരിഗണനയ്ക്ക് എത്തിയത്. എന്നാൽ വിഷയം പരിഗണിക്കുന്നതിന് മുമ്പ് തന്നെ ചെയർമാൻ്റെ മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിൽ ടോയ്ലറ്റ് പൊളിച്ച് നീക്കിക്കഴിഞ്ഞു.

വിഷയം സംബന്ധിച്ച് നഗരസഭാ ഭരണാധികാരികളുമായി ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർ സംസാരിച്ചെങ്കിലും വളരെ നിരുത്തരവാദപരമായ മറുപടിയാണ് ലഭ്യമായതെന്ന് അവർ ഏക സ്വരത്തിൽ പറയുന്നു. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ ചെത്തിമറ്റത്തുള്ള മോട്ടർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നഗരസഭ ചെയർമാനെ ഫോണിൽ വിളിച്ച് പ്രശ്നത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു വിധ നടപടികളും ആകുന്നില്ല എന്ന് അവരും സമ്മതിക്കുന്നു.

പുതിയ ടോയ്ലറ്റ് മൂന്നാനിയിൽ സ്ഥാപിക്കുന്നതിന് വർക്ക് ടെൻഡർ ചെയ്ത് എഗ്രിമെൻ്റ് വച്ചിരിക്കുകയാണ്.അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അതിന് കാലതാമസം പാടില്ലായെന്നും ഇരുവരും പറയുന്നു.
ടോയ്ലറ്റ് നിർമ്മാണം ഏറ്റെടുത്ത കമ്പനിക്ക് നഗരത്തിലെ തന്നെ മറ്റ് ചില സ്ഥലങ്ങളിലും പുതിയ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനുണ്ടെന്നും നഗരസഭ കാര്യാലയത്തിലെ റൂഫിങ്ങ് വർക്കും കൂടി ചെയ്യാനുണ്ടെന്നും ഇത് എല്ലാം കൂടി ഒരുമിച്ച് സ്ഥാപിക്കാനാണ് പദ്ധതിയെന്നുമാണ് അവർ പറഞ്ഞത്. ഇതിൽ റൂഫിംഗ് ഷീറ്റിൻ്റെ ലഭ്യതക്കായി ചെറിയ തോതിൽ കാലതാമസം നേരിടാമെന്നും അവർ പറയുന്നു.

ഇപ്രകാരം കാലതാമസം വരുമെങ്കിൽ പിന്നെ എന്തിനാണ് പ്രവർത്തിച്ചുകൊണ്ടിരുന്ന ഉള്ള ടോയ്ലറ്റ് തിടുക്കപ്പെട്ട് നഗരസഭ പൊളിച്ച് മാറ്റിയതെന്നും പുതിയ ടോയ്ലറ്റ് നിർമ്മാണം ആരംഭിക്കുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് മാത്രം പഴയ ടോയ്ലറ്റ് പൊളിച്ചാൽ മതിയായിരുന്നല്ലോയെന്നും കൗൺസിലർമാരും നാട്ടുകാരും രോക്ഷത്തോടെ ചോദിക്കുന്നു.

ഭരണ സമിതിക്ക് പ്രതിപക്ഷ വാർഡുകളിലെ കക്കൂസിനോട് പോലും തികഞ്ഞ അവഗണയോ?

ഇത് മൂന്നാനിയിൽ എത്തിച്ചേരുന്ന വനിതകളും കുട്ടികളും അടക്കമുള്ളവരോടുള്ള വെല്ലുവിളിയാണ്. മൂന്നാനിയും പാലാ നഗരസഭയുടെ ഭാഗമാണെന്നും ഇപ്പോഴത്തെ സാഹചര്യം വനിതാ ജനപ്രതിനിധികളായ തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു. പൊളിക്കാൻ കാണിക്കുന്ന തിടുക്കത്തിൻ്റെ പകുതിയെങ്കിലും നിർമ്മിക്കാനും കാണിക്കണം. വെയിറ്റിംഗ് ഷെഡല്ല മറിച്ച് പൊതു ടോയ്ലറ്റാണ് മൂന്നാനിയിൽ പൊളിച്ച് ഇട്ടിരിക്കുന്നത്.

മൂന്നാനിയിലേക്ക് നിലവിൽ ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി എത്തുന്ന സ്ത്രീകൾ സമീപത്തെ വീടുകളെയും ചെത്തിമറ്റത്തും കൊച്ചിടപ്പാടിയിലുമുള്ള ഹോട്ടലുകളെയുമാണ് പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച വസ്തുതകൾ ചെയർമാന് നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

തിടുക്കപ്പെട്ട് പൊതു ടോയ്ലറ്റ് പൊളിച്ച് മാറ്റിയതിനെതിരെ നാട്ടുകാരും വലിയ പ്രതിക്ഷേധത്തിലാണ്.പൊതു ടോയ്ലറ്റ് പൊളിച്ചത് മൂലം തോട്ടത്തിൽ കടവും പരിസരവുമെല്ലാം മനുഷ്യ മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്. സഹികെട്ടാൽ ടിക്കായത്ത് മോഡൽ സമരത്തെക്കുറിച്ച് പോലും നാട്ടുകാർക്ക് ചിന്തിക്കേണ്ടി വരും.

പ്രത്യേക സാഹചര്യം പരിഗണിച്ച് മൂന്നാനിയിലേക്ക് പുതുതായി അനുവദിച്ചിരിക്കുന്ന ടോയ്ലറ്റ് അടിയന്തിരമായി സ്ഥാപിക്കാനുള്ള നിർദ്ദേശം കരാറുകാരന് ചെയർമാൻ നൽകണമെന്നും അല്ലാത്ത പക്ഷം നാട്ടുകാരെയും ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെട്ടവരെയും ചേർത്ത് നഗരസഭ ചെയർമാൻ്റെ ചേംബറിന് മുമ്പിൽ പ്രതീകാത്മകമായി ടോയ്ലറ്റ് സ്ഥാപിച്ച് രണ്ടാം ഘട്ട സമരം നടത്തുമെന്നും കൗൺസിലർമാരായ ലിജി ബിജു, സിജി ടോണി, സമരസമിതി നേതാക്കളായ രാജപ്പൻ മുടപ്പനാൽ, ജയമ്മ അപ്രേം വടക്കേചാരം തൊട്ടിയിൽ, ഷിൻ്റോ പാലത്താനത്ത് പടവിൽ, ബിജു വരിക്കാനി, സന്തോഷ് പുളിക്കൽ, മണി നെല്ലുവേലിൽ, തങ്കച്ചൻ മനയാനി, ബിന്ദു വട്ടമറ്റത്തിൽ, ദേവസ്യാ അമ്മിയാനിക്കൽ, മിനി തേക്കുംകാട്ടിൽ, റോയി ഉപ്പുമാക്കൽ, ജോയി കളപ്പുരയിൽ തുടങ്ങിയവർ മുന്നറിയിപ്പ് നൽകി.

ജനരോഷം ഭയന്ന് അടിയന്തര ഇടപെടൽ

പാലാ നഗരസഭാ ഭരണകൂടവും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും കുറെനാളുകളായി പ്രതിരോധത്തിലാണ്. ഗവൺമെൻറ് ആശുപത്രിയുടെ ശോചനീയാവസ്ഥയും, തട്ടുകടയിൽ നിന്ന് മാലിന്യം ഒഴുകി സമീപവാസികളുടെ ജലസ്രോതസ്സുകൾ മലിനമാകുന്നതും, പുതു ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥയും, മൂന്നാനിയിലെ പബ്ലിക് ടോയ്ലറ്റ് തിടുക്കപ്പെട്ട് പൊളിച്ചു മാറ്റിയതും എല്ലാം ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നടത്തുന്ന ചില പകവീട്ടൽ നടപടികളും കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ നഗരസഭയിലേക്ക് പൊതു ജനങ്ങൾ പ്രതിഷേധവുമായി എത്തുന്ന സാഹചര്യം ഒഴിവാക്കുവാൻ അടിയന്തരമായി ഒരു താൽക്കാലിക ടോയ്ലറ്റ് മൂന്നാനിയിൽ പ്രതിഷേധം കഴിഞ്ഞ ഉടനെ തന്നെ മുൻസിപ്പാലിറ്റി സ്ഥാപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക