മുംബൈ: ഉദ്ദവ് താക്കറെയുടെ രാജിക്കു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിടത്തുനിന്ന് അവസാന നിമിഷം ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. രണ്ടര വര്‍ഷം നീണ്ട മഹാവികാസ് അഗാഡി ഭരണത്തിന് അന്ത്യം കുറിച്ച്‌ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി അവതരിപ്പിച്ച്‌ ബി.ജെ.പി വീണ്ടും രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നു.

ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തും, ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം സുപ്രധാന പദവികള്‍ നല്‍കി ഷിന്‍ഡെയെയും വിമത ശിവസേനാ എം.എല്‍.എമാരെയും കൂടെനിര്‍ത്താനാകും ബി.ജെ.പി ഓപറേഷന്‍ എന്നായിരുന്നു അവസാന നിമിഷംവരെ എല്ലാവരും ഉറപ്പിച്ചിരുന്നത്. വൈകീട്ട് നാലു മണിയോടെയാണ് ഫഡ്‌നാവിസും ഷിന്‍ഡെയും ചേര്‍ന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഗവര്‍ണറെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തിരക്കഥയില്‍ ട്വിസ്റ്റുണ്ടാകുന്നതാണ് കണ്ടത്. ഷിന്‍ഡെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് തന്നെയായിരുന്നു ആ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയാകില്ലെന്നു മാത്രമല്ല, മന്ത്രിസഭയില്‍ തന്നെ താനുണ്ടാകില്ലെന്നാണ് ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവസാന നിമിഷം ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഷിന്‍ഡെയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7:30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും. ശിവസേന ഔദ്യോഗിക പക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക