തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കഴിഞ്ഞ ഡിസംബര്‍ അവസാനം വാങ്ങിയ കറുത്ത ഇന്നോവ ഉപേക്ഷിച്ച്‌ പുതുപുത്തന്‍ കിയാ കാര്‍ണിവല്‍ (KIA Carnival 8AT Limousine plus 7) കാറിലാണ് ഇനി മുഖ്യമന്ത്രി സഞ്ചരിക്കുക. ഇതിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കാറായിരിക്കും ഇത്. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളുള്ള അത്യാധുനിക കാര്‍ ഉടന്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി തിരുവനന്തപുരത്ത് എത്തിക്കും. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്‌കോര്‍ട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതാക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ കറുത്ത വേഷവും മാസ്‌കും പോലും അഴിച്ചുമാറ്റിയത് അടുത്തിടെ വിവാദമായിരുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും സുരക്ഷാ സംഘവും കറുത്ത കാറുകളില്‍ പറപറക്കുന്നത്.

മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ: മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് , പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിനുള്ള പ്രത്യേക നിരക്കില്‍ 23,17,739 രൂപയ്ക്ക് ഇന്നോവ ക്രിസ്റ്റയും 32,21,750 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങാന്‍ 55,39,309 രൂപ ചെലവഴിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ ( KIA Carnival 8AT Limousine plus 7) വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ച്‌ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡി.ജി.പി അനുമതി തേടി.

നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന KL-01 CD 4857, KL-01 CD 4764 നമ്ബറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തിന് വിനിയോഗിക്കാമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വാഹനങ്ങള്‍ പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി ഈ വാഹനങ്ങള്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിര്‍ത്തും. ഇവയുടെ ശരിയായ സംരക്ഷണത്തിന് കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നും ഡിജിപി അനില്‍കാന്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡി.ജി.പിയുടെ ശുപാര്‍ശ വിശദമായി പരിശോധിച്ച സര്‍ക്കാര്‍, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ പുതുക്കിയ അനുമതി നല്‍കി. കിയാ കാര്‍ണിവല്‍ ( KIA Carnival 8AT Limousine plus 7) വാഹനത്തിന് മാത്രം 33,31,000 രൂപയാണ് ചെലവ്. എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്ബറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ വടക്കന്‍ ജില്ലകളിലെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിര്‍ത്തിയും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി.

ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. പൈലറ്റ്, എസ്‌കോര്‍ട്ട് കാറുകള്‍ വാങ്ങാന്‍ പൊലീസിന് പ്രത്യേക ഫണ്ടില്‍ നിന്ന് 62.46ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വര്‍ഷം പഴക്കമുള്ള രണ്ട് കാറുകള്‍ വാഹനവ്യൂഹത്തില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. വെള്ള ഇന്നോവ ക്രിസ്റ്റ കാറില്‍നിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര മാറ്റിയിട്ട് ഏറെക്കാലമായില്ല. കെ.എല്‍.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്ബര്‍ സ്റ്റേറ്റ് കാര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ ഗമയോടെ കിടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്-650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകള്‍ മാറ്റിയത്.

വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്ബടി ഉള്‍പ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സില്‍പെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും. രാത്രി സുരക്ഷയ്ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാര്‍ വേണമെന്ന് പൊലീസ് ശുപാര്‍ശ ചെയ്തത്. രാത്രി ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത വാഹനങ്ങള്‍ സഹായിക്കും എന്ന വിലയിരുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ളാക്ക് ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടേത്. അംബാസിഡര്‍ കാറുകളാണ് മുമ്ബ് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്നത്. സ്ഥാനമേറ്റ് ആദ്യദിനങ്ങളില്‍ അംബാസിഡറില്‍ യാത്രചെയ്‌തെങ്കിലും ഉമ്മന്‍ ചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയന്‍ ആദ്യം മുതല്‍ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക