മുംബൈ: അധികാരം മാത്രമല്ല, സ്വന്തം പിതാവ് നട്ടുനനച്ചു വളര്‍ത്തിയെടുത്ത പാര്‍ട്ടി പോലും നഷ്ടമാകുമെന്ന ഭയത്തിലാണ് ഉദ്ധവ് താക്കറെ. പിതാവ് ബാലാസാഹബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെ ഭയം വിതച്ച്‌ വളര്‍ത്തിയെടുത്ത പാര്‍ട്ടി നഷ്ടമാകാതിരിക്കാന്‍ ഉദ്ധവ് അധികാരം കൈവിടും എന്ന് തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വിമതര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമായിരിക്കുകയാണ്.

വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ ഒപ്പം ബഹുഭൂരിപക്ഷം എംഎല്‍എമാരും അണിനിരന്നതോടെ ഔദ്യോ​ഗിക ശിവസേനയായി വിമതര്‍ മാറുന്ന കാഴ്ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരുകാലത്ത് ഭയം വിതച്ച്‌ വളര്‍ന്ന താക്കറെ കുടുംബം ഇന്ന് ഭയത്തിലാണ്. കാലം കണക്കുചോദിക്കുന്നു എന്ന് കാവ്യാത്മകമായി പറയാവുന്ന അവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

60കളിലെ വിഖ്യാതമായ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന അന്തര്‍മുഖനായ ചെറുപ്പക്കാരനായിരുന്നു ബാലാസാഹബ് കേശവ് താക്കറെ. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയിലും താക്കറേയുടെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷ്യപ്പെട്ടു. ആരോടും അധികം സംസാരിക്കാത്ത സൗമ്യനായ ചെറുപ്പക്കാന്‍ പിന്നീട് ബോംബെ എന്ന മഹാ നഗരത്തെ വിറപ്പിക്കുന്ന നേതാവായി വളര്‍ന്നു.

മഹാരാഷ്ട്ര മറാത്തികള്‍ക്ക് മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ ഹീനമായ ആക്രമിക്കാന്‍ ശിവസേന ആരംഭിച്ചത്. ശിവസേന ഒടുവില്‍ മുംബൈയുടെ എല്ലാമെല്ലാമായി. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പൊങ്ങണോ വേണ്ടയോ എന്ന് ശിവസേന തീരുമാനിക്കും എന്നാണ് ഒരിക്കല്‍ താക്കറെ കേന്ദ്ര സര്‍ക്കാറിനെ വിരട്ടിയത്.

ശിവസേനയെന്ന വാക്ക് കേള്‍ക്കുമ്ബോള്‍ പലരും കരുതുന്നത് ഭഗവാന്‍ ശിവന്റെ പേരിലാണ് ആ പാര്‍ട്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. എന്നാല്‍ ഛത്രപതി ശിവാജിയുടെ സേന എന്ന അര്‍ഥത്തിലാണ് ബാല്‍താക്കറെയുടെ പിതാവ് ആ പാര്‍ട്ടിക്ക് ശിവസേന എന്ന് നാമകരണം ചെയ്തത്. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിവിട്ട ബാല്‍ താക്കറേയുടെ കുടുംബവും, മുംബൈയിലേക്ക് കുടിയേറിയെത്തിയതെന്നതാണ് ഏറ്റവും വിചിത്രം. താക്കറെയുടെ അച്ഛന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ മധ്യപ്രദേശിലാണ്. പിന്നീട് അവിടെ നിന്ന് മുംബൈയിലേക്ക് കുടിയേറുകയായിരുന്നു.

പരാജയപ്പെട്ട പത്രജീവനക്കാരന്റെ ജോലിക്കുശേഷം തന്റെ നാല്‍പ്പതാം വയസ്സിലാണ് ശിവസേനക്ക് ബാല്‍ താക്കറെ രൂപം നല്‍കുന്നത്. .മറാത്തി ജനതക്ക് മറ്റ് ദേശീയ ജനവിഭാഗത്തില്‍നിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമാണ് താക്കറെ ഉയര്‍ത്തിയത്. അച്ഛന്‍ പ്രബോദന്‍കര്‍ താക്കറെ പത്രാധിപരായിരുന്ന മാസികയ്ക്ക് ബ്രാഹ്മണവിരോധമായിരുന്നു മുതല്‍ക്കൂട്ടെങ്കില്‍ മകന്‍ താക്കറെയുടെ മാസിക മാര്‍മിക് മഹാരാഷ്ട്രക്കാരുടെ വൈകാരികതയെയാണ് പരമാവധി ചുഷണംചെയ്തത്. തുടക്കത്തില്‍ ശങ്കേഴ്‌സ് വീക്കിലിയുടെ മാതൃകയില്‍ രൂപപ്പെടുത്തിയ ‘മാര്‍മിക്’, മറാത്തി ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാസികയാണ് ശിവസേനയുടെ ബൗദ്ധിക അടിത്തറ രൂപവത്ക്കരിച്ചത്. ഈ സമയത്തുതന്നെ താക്കറെ മറാഠികള്‍ക്ക് ജോലി നല്‍കൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം പുതിയൊരു കുട്ടായ്മ രൂപീകരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 1966 ജൂണ്‍ 19 ന് ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അര്‍ഥത്തില്‍ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്.

തീവ്ര മറാത്താ പ്രാദേശികവാദത്തോടെ മണ്ണിന്റെ മക്കള്‍ മുദ്രാവാക്യവുമായി മഹാരാഷ്ട്രയില്‍ രൂപം കൊള്ളുകയും തുടര്‍ന്നിങ്ങോട്ട് മതാത്മക യുക്തിയോടു കൂടിയുള്ള യാഥാസ്ഥിതികവും തീവ്രവുമായ പ്രാദേശിക വാദത്തില്‍ അടിയുറച്ച്‌ സ്വന്തം രാജ്യത്തെ മറ്റു സംസ്ഥാനക്കാരെപ്പോലും തല്ലിയോടിച്ച ചരിത്രമാണ് ശിവസേന എന്ന പാര്‍ട്ടിക്കുള്ളത്. ഒരുകാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പഴയ ബോംബെയില്‍ മതത്തിലും സങ്കുചിത ചിന്തയിലും അധിഷ്ടിതമായ തീവ്ര വലത് രാഷ്ട്രീയം പരക്കാന്‍ കാരണമായത് ശിവസേനയുടെ നേതൃത്വത്തിലുള്ള അക്രമോത്സുക രാഷ്ട്രീയമാണ്.

ഇന്ദിരാ ഗാന്ധിയുടെ രഹസ്യ പിന്തുണയുണ്ടായിരുന്ന ശിവസേന അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ചവരാണ്. മുംബൈ നഗരത്തിലെ മറാത്തികള്‍ക്കുള്ള മൂവ്മെന്റ് എന്നതായിരുന്നു ശിവസേനയുടെ ആരംഭ ലക്ഷ്യമെങ്കിലും തെക്കേ ഇന്ത്യക്കാരെ അടക്കിനിര്‍ത്തുക എന്നതായിരുന്നു അപ്രഖ്യാപിത അജണ്ട. ബിജെപിയെക്കാള്‍ മുമ്ബേ തന്നെ വര്‍ഗീയ അജണ്ട ഇന്ത്യയില്‍ നടപ്പാക്കിയത് സേനയായിരുന്നു. പിന്നീട് മുസ്ലിം വിരോധം എന്ന ഒറ്റക്കാരണത്താല്‍ ഇവര്‍ ഒന്നിച്ച്‌ നില്‍ക്കയായിരുന്നു.

സാലെ മദ്രാസി ലോഗ് …

ശിവസേനയുടെ ആരംഭ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് തമിഴന്മാരും മലയാളികളും ധാരാളമടങ്ങുന്ന ബോംബെ നഗരത്തില്‍ മറാത്തികള്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുക എന്നതായിരുന്നു. ശിവസേനയുടെ ആദ്യത്തെ മാനിഫെസ്റ്റോയില്‍ ബാല്‍താക്കറേ പ്രാദേശിക ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെക്കേ ഇന്ത്യക്കാരാണെന്ന് എടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്. 1969-ല്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ബാല്‍താക്കറേ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് ബോംബെയില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബോംബെ നഗരത്തില്‍ അന്ന് നടമാടിയ അക്രമങ്ങള്‍ ഏതാണ്ട് മൂന്നു ദിവസങ്ങള്‍ നീണ്ടു. തെക്കേ ഇന്ത്യക്കാരെ തുടര്‍ച്ചയായി തിരഞ്ഞുപിടിച്ചു അക്രമിച്ചു. ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ വളഞ്ഞിട്ട് തല്ലി. ദക്ഷിണേന്ത്യന്‍ ഭക്ഷണശാലകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തുകയും ധാരാളം ശിവസേന അണികള്‍ അറസ്റ്റിലാവുകയും ചെയ്തു.

അന്ന് തെക്കേയിന്ത്യക്കാരെ അഭിസംബോധന ചെയ്യാന്‍ അവരുപയോഗിച്ച പദമാണ് ‘സാലെ മദ്രാസി ലോഗ്’. തുടര്‍ന്ന് ഈ പ്രയോഗം തെക്കേ ഇന്ത്യക്കാരെ ഹിന്ദി ബെല്‍റ്റുകാര്‍ വിശേഷിപ്പിക്കുന്ന ഒരു സ്ഥിരം പദമായി മാറി, ഉത്തരേന്ത്യയില്‍ താമസിച്ചവരില്‍ ഏറിയും കുറഞ്ഞും ഈ പ്രയോഗം കേട്ടവര്‍ ധാരാളമുണ്ടാകും -സാലെ മദ്രാസി. ഹിന്ദി ഹൃദയ ഭൂമിക്കാരില്‍ നല്ല ശതമാനം പേര്‍ക്കും ഇന്നും തെക്കേ ഇന്ത്യക്കാര്‍ ചുണ്ടിന്റെ കോണില്‍ ഒളിച്ചിരിക്കുന്ന പരിഹാസമാണ് താനും. 80 കളില്‍ മുംബെയിലേക്ക് കുടിയേറിയ മലയാളിക്കള നിരന്തര ഭീഷണിയായിരുന്നു ശിവസേന.

എണ്‍പതുകളില്‍ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ശിവസേന. ദാദറിലും ബാന്ദ്രയിലുമെല്ലാം ഫുട്പാത്തിലും തെരുവോരങ്ങളിലും കരിക്ക് വിറ്റും ഉന്തുവണ്ടിയില്‍ ചായയും വടയും കച്ചോടം ചെയ്തും കുടുംബം പുലര്‍ത്താന്‍ ശ്രമിച്ച പാവപ്പെട്ട മലയാളികളുടെ തലതല്ലിപ്പൊട്ടിച്ച നാഭി തൊഴിച്ചുകലക്കിയ സംഘമായിരുന്നു ഇവര്‍.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ബീഹാറി റിക്ഷാവാലക്കാരുടെ നടുതല്ലിയൊടിച്ചൂ ഇവര്‍. ബാല്‍താക്കറേ എന്ന ഫാസിസ്റ്റിന്റെ കുടിലസംഘം ഹിന്ദു വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ കലാപങ്ങള്‍ സംഘടിപ്പിച്ച്‌ ഇതിനിടയില്‍ രാഷ്ട്രീയ പ്രാമുഖ്യവും നേടിയെടുത്തു. സെന്‍സസ് വിവരം ശേഖരിക്കാനെന്ന വ്യാജേന മുസ്ലിം വീടുകള്‍ നോട്ട് ചെയ്ത് കലാപം അഴിച്ചുവിട്ട് നിരപരാധികളെ കൂട്ടക്കൊല ചെയ്ത ചരിത്രവും സേനക്കുണ്ട്. മഹാരാഷ്ട്രയിലെ മുസ്ലീങ്ങള്‍ ബിജെപിയേക്കാള്‍ ഭയന്നിരുന്നത് താക്കറേയുടെ ഗുണ്ടാപ്പടയെയാണ്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ഓരോ അക്ഷരവും വിഷവും വിദ്വേഷവും ജനിപ്പിക്കുന്നതായിരുന്നു.മുസ്ലിം വിരോധം, അതുമാത്രമാണ് ശിവസേനയേയും ബിജെപിയേയും അടുപ്പിച്ചത്.

അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും വളര്‍ന്നുവന്ന പാര്‍ട്ടി

ഓരോ അക്രമങ്ങളും കലാപങ്ങളും നടക്കുമ്ബോള്‍ വോട്ട് കൂടുമെന്നത് ബിജെപിക്കുപോലും കാണിച്ചുകൊടുത്തത് സേനയാണ്. ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 1961-ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി, സമിതി, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവരും സ്വതന്ത്രരും നേടിയ സീറ്റുകളാണ് 1968-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന തട്ടിയെടുത്തത്. മുംബൈയിലേക്ക് ഓരോ ദിവസവും മുന്നൂറ് കുടുംബങ്ങള്‍ കുടിയേറുന്നെന്നും വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം ഇതരസംസ്ഥാനക്കാന്‍ നഗരത്തിലെത്തുന്നെന്നും ശിവസേന ആരോപിച്ചു. ഇത്തരം കണക്കുകള്‍ ശിവസേന രൂപവത്കരണത്തിനുശേഷം പുറത്തുവിട്ടാണ് തെക്കെ ഇന്ത്യക്കാര്‍ക്കെതിരായ വികാരം ആളിക്കത്തിച്ചത്.1972-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ശിവസേന ദാദര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ 56 ശതമാനത്തിലധികം വോട്ടുനേടി ഉന്നതവിജയം കൊയ്തു. തെക്കെ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകകലാപങ്ങളുമുണ്ടായി. മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിട്ടു. ഒട്ടേറെ മലയാളികള്‍ക്കും തമിഴര്‍ക്കും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഓരോ ആക്രമവും ശിവസേനയെ വളര്‍ത്തുകയായിരുന്നു. പിന്നീട് ഹിന്ദുത്വപാര്‍ട്ടിയായി ശിവസേന മാറി. ബാബ്‌റി മസ്ജിദ് തകര്‍ക്കലിനുശേഷം മുംബൈയില്‍നടന്ന വര്‍ഗീയ ലഹളകളില്‍ ശിവസേനയുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രീകൃഷ്ണകമ്മീഷന്‍ എടുത്തുകാട്ടി. അത് താക്കറെയുടെ അറസ്റ്റില്‍ കലാശിച്ചു. പക്ഷേ വൈകാതെ അതില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടു.

തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകളെ ഒതുക്കാന്‍ പറ്റിയ അവസരമായിക്കണ്ട അക്കാലത്തെ മുഖ്യമന്ത്രിമാരായ വസന്ത് റാവു നായിക്കും വസന്ത്ദാദ പാട്ടിലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചതും ചരിത്രം.1969ല്‍ കൃഷ്ണ ദേശായി എന്ന കമ്മ്യൂണിസ്റ്റ് എംഎ‍ല്‍എ.യുടെ കൊലപാതകത്തിന് പിന്നിലും ശിവസേനയാണെന്ന് ആരോപണമുയര്‍ന്നു.അധികം താമസിയാതെ തന്നെ തൊഴിലാളി യൂണിയനുകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശിവസേനക്കായി. കൃഷ്ണദേശായിയുടെ കൊലപാതകത്തിനുശേഷം പരേലില്‍നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 1979 വോട്ടിന് ശിവസേന ജയിച്ചു. പിന്നീടുനടന്ന എല്ലാ നിയമസഭാതിരഞ്ഞെടുപ്പിലും ശിവസേനയുടെ ശക്തികൂടിവന്നു. 1995-ല്‍ ശിവസേന-ബിജെപി. സഖ്യം മഹാരാഷ്ട്ര നിയമസഭാധികാരം പിടിച്ചെടുത്തു. ശിവസേനയില്‍നിന്ന് പ്രമുഖനേതാക്കളായ ഛഗന്‍ ഭുജ്ബല്‍, നാരായണ്‍റാണെ എന്നിവര്‍ വിട്ടുപോയി. അതോടെ അധികാരത്തിലേക്കുള്ളവഴി ശിവസേനയ്ക്കുമുന്നില്‍ അടഞ്ഞു. താക്കറെ കുടുംബത്തിലുണ്ടായ അധികാര വടംവലിയുടെ പേരില്‍ ശിവസേനവിട്ട് പുറത്തുപോയ രാജ് താക്കറെ നവനിര്‍മ്മാണ്‍സേന രൂപവത്കരിച്ചു. ഇന്ന് ഉദ്ധവ് താക്കറെ ആധുനിക മുംബൈ സ്വപ്നം കാണുമ്ബോള്‍ താക്കറെയുടെ അക്രമവഴിയും മണ്ണിന്റെ മക്കള്‍ വാദും പിന്തുടരുന്നത് നവ നിര്‍മ്മാന്‍ സേനയാണ്.

നിരവധി രാജ്യദ്രോഹ കുറ്റങ്ങളാണ് താക്കറെ ചെയ്തത്. മത സ്പര്‍ധ വളര്‍ത്തല്‍, ദേശീയതയെ ചോദ്യം ചെയ്യല്‍, കലാപം, ജനങ്ങളെ ഭീഷണിപ്പെടുത്തല്‍, കൊള്ളിവെയ്‌പ്പ്, കൊലപാതകം തുടങ്ങി ഏതാണ്ടെല്ലാ ക്രിമിനല്‍ കുറ്റങ്ങളും താക്കറെയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. എല്ലാം കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങള്‍ തന്നെയാണ്. എന്നിട്ടും, സര്‍ക്കാരോ നിയമവിദഗ്ധരോ താക്കറെയ്ക്കെതിരെ നീങ്ങുന്നില്ല. കേന്ദ്രമായാലും സംസ്ഥാന സര്‍ക്കാരായാലും താക്കറെയുടെ വിവാദ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഒരിക്കല്‍ മാത്രമാണ് താക്കറെയെ അറസ്റ്റ് ചെയ്തത്. അതും ഒരു മണിക്കൂര്‍. പിന്നീട് ഇദ്ദേഹത്തിനെതിരെ നിരവധി പേര്‍ കേസ് ഫയല്‍ ചെയ്തെങ്കിലും പുലിമടയില്‍ കയറിചെല്ലാന്‍ നിയമം മടിച്ചു നിന്നു

താക്കറെയുടെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ പോലും മുട്ടുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പതിനഞ്ച് വര്‍ഷം മുംബൈയില്‍ സ്ഥിരതാമസമുള്ളവര്‍ക്കു മാത്രമേ ഡ്രൈവിങ് ലൈസന്‍സ് നല്‍കൂ എന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ ഉത്തരവിട്ടത് താക്കറെയെയും പേടിച്ചായിരുന്നു. പിന്നീട് ദേശീയതലത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ചവാന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ലൈസന്‍സ് മാത്രമല്ല, തൊഴിലും, യാത്രയും എല്ലാം ഇവിടത്തുകാര്‍ക്ക് മാത്രമെന്നാണ് ഇവരുടെ വാദം.

വളര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒതുക്കി

അറുപതുകളിലും എഴുപതുകളിലും മുംബൈ നഗരത്തില്‍ ശക്തമായിരുന്നു സിഐടിയുവും എഐടിയുസിയും. ഇവരെ ഒതുക്കാന്‍ വേണ്ടി ഇന്ദിരാഗാന്ധിയുടെവരെ പരോക്ഷ പിന്തുണ ശിവസേനക്ക് കിട്ടിയിരുന്നു. ഹിറ്റ്ലറെപ്പോലെ തന്നെ കമ്യൂണിസ്റ്റുകളും ശിവസേനയുടെ ആജന്മ്മ ശത്രുക്കള്‍ ആയിരുന്നു. 1966ല്‍ ശിവസേന രൂപം കൊണ്ടതുമുതല്‍ 1980കള്‍ വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശിവസേനയും തമ്മില്‍ ബോംബെയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വലിയ സംഘര്‍ഷങ്ങളും രക്തചൊരിച്ചിലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും സിപിഐയുടേയും നിരവധി പ്രവര്‍ത്തകര്‍ ശിവസേനക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയാണ് ശിവസേനയുടേയും ബാല്‍താക്കറേ എന്ന നേതാവിന്റെയും ഉദയം തന്നെ. കൃഷ്ണ ദേശായ് എന്ന സിപിഐ എംഎല്‍എയുടെ കൊലപാതകമടക്കം നിരവധി സംഭവങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ശക്തമായ സ്വാധീനം ഇല്ലാതാക്കാനും ഇടതുപക്ഷ പ്രവര്‍ത്തകരെ കായികമായി ആക്രമിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും കോര്‍പ്പറേറ്റ് മുതലാളിമാരുടേയും പിന്തുണയോടെ ശിവസേന പ്രവര്‍ത്തിച്ചതായി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി അശോക് ധാവ്‌ളെ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ശിവസേനയെ ഒരു പ്രാദേശിക തീവ്രവാദ കക്ഷിയായി മാത്രമല്ല ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. ഇതിനിടെ അഞ്ചവര്‍ഷം മുമ്ബ് നാസിക് ജില്ലാ പരിഷത്തില്‍ ശിവസേനയ്ക്ക് സിപിഎം നല്‍കുന്ന പിന്തുണയും വന്‍ വിവാദമായിരുന്നു. ടിപ്പിക്കല്‍ അവസരവാദ കൂട്ടുകെട്ടായാണ് ഇത് വിലയിരുത്തപ്പെട്ടത്.

1966 മുസ്ലിലീഗുമായി ധാരണ ഉണ്ടാക്കിയ പര്‍ട്ടിയാണ് ശിവസേന. 1973ല്‍ മുസ്ലിംലീഗിന്റെ സഹായത്തോടെ സുധീര്‍ ജോഷിയെ മുബൈയ് മേയര്‍ ആയി തിരഞ്ഞെടുത്തു. 1979 വരെ മുസ്ലിംലീഗുമായി അടുത്ത് പ്രവര്‍ത്തനം നടത്തിയ ശിവസേന 1980ന് ശേഷം ബിജെപിയോട് അടുത്തു. 1977 ബാല്‍ ധാക്കരെയും, ശിവസേനയും അടിയന്താവസ്ഥയേയും, ഇലക്ഷനില്‍ കോണ്‍ഗ്രസിനെയും അനുകൂലിച്ചു, പക്ഷെ ഇലക്ഷനില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപെട്ടു. 1977 മുബൈയ് മേയര്‍ ആയി കോണ്‍ഗ്രസിന്റെ മുരളി ദോറായെ ഇലക്ഷനില്‍ ശിവസേന അനുകൂലിച്ചു.

ബുദ്ധമത വിശ്വാസികളായ ദളിതരുമായി സ്ഥിരം കലാപങ്ങളില്‍ ഏര്‍പെട്ടിരുന്ന ശിവസേന 1984ല്‍ തങ്ങളുടെ നയത്തിന് മയം വരുത്തി. 1984ല്‍ ബിജെപിയുടെ കൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ മത്സരിച്ചു, പിന്നീട് 1989 വിണ്ടും ഒരുമിച്ച്‌ മത്സരിച്ചു. ബിജെപിയുടെ കൂടെ ഉണ്ടാക്കിയ സഖ്യം ആണ് ശിവസേനയുടെ ഭാവി മാറ്റിയത്. 1966 മുതല്‍ 1989 വരെ മഹാരാഷ്ട്രയില്‍ വലിയ ചനലങ്ങള്‍ സൃഷ്ടിക്കാന്‍ ആകാതെ കോണ്‍ഗ്രസിന്റെ തണലില്‍ കമ്മ്യൂണിറ്റ് പാര്‍ട്ടിക്ക് എതിരെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശങ്ങളില്‍ പ്രവര്‍ത്തിരുന്ന ചെറിയ പാര്‍ട്ടി ആയിരുന്നു ശിവസേന. 1984നു ശേഷം ബിജെപിയുടെ യുടെ കൂടെ നിന്നാണ് ഇന്നു കാണുന്ന പ്രതാപം ശിവസേന നേടിയത്.

ദാവൂദ് ഇബ്രാഹീം ടീമീന് ബദല്‍ അധോലോകവും

മുംബൈ നഗരത്തെ എക്കാലവും നിയന്ത്രിച്ചിരുന്ന അധോലോക സംഘത്തിന്റെ ബലാബലത്തിനും ശിവസേന മാറ്റങ്ങള്‍ ഉണ്ടാക്കി. പ്രാദേശികമായ ഹഫ്ത്ത പരിക്കുന്നത്വരെ പലപ്പോഴും സേന പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. അപ്പോഴും കുടിയേറ്റക്കാര്‍ക്ക് ഇരട്ടിയും മറാത്തക്കാര്‍ക്ക് പകുതിയും മാത്രമായിരുന്നെന്ന് മുബൈയുടെ അധോലോക ചരിത്രം നന്നായി അറിയാവുന്ന എഴുത്തുകാരി ശോഭാഡേയപ്പൊലുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാജി മസ്താന്‍ -ദാവൂദ് സംഘത്തെ ഒതുക്കാനായി അരുണ്‍ ഗാവ്ലി- ചോട്ടാ രാജന്‍ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് സേന പ്രോല്‍സാഹിപ്പിച്ചത്. അതായത് മുസ്ലിം അധോലോകത്തിന് പകരം ഹിന്ദു അധോലോകമെന്ന് താക്കറെ ഒരിക്കല്‍ തമാശയായി പറഞ്ഞിരുന്നു. പില്‍ക്കാലത്ത ചോട്ടാ രാജന്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായപ്പോള്‍ നിഷ്‌ക്കരുണം തള്ളിപ്പറയുകയും ചെയ്തു.

ഇതാണ് ശിവസേനയുടെ അല്ലെങ്കില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു പൊതുരീതി. എപ്പോള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാവുന്നുവോ അപ്പോള്‍ അവര്‍ തള്ളിപ്പറയും. തന്നെ എതിര്‍ക്കുന്ന ആര്‍ക്കുമെതിരെയും വിഷം ചീറ്റുക എന്നതായിരുന്നു താക്കറേയുടെ ശൈലി. മുംബൈയുടെ ഐക്കണായി അറിയപ്പെട്ടിരുന്ന സച്ചിന്‍ പോലും താക്കറെയുടെ നാക്കിന്റെ ചൂടറിഞ്ഞു. പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന ശിവസേനയുടെ നിലപാടിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രസ്താവന പോലും താക്കറെയെ ചൊടിപ്പിച്ചു. സച്ചിന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നുമാണ് താക്കറെ പറഞ്ഞത്.

താക്കറെക്കും ശിവസേനയ്ക്കും കേള്‍ക്കാന്‍ പാടില്ലാത്ത മറ്റൊരു വാക്കു കൂടിയുണ്ട്, പാക്കിസ്ഥാന്‍. ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളര്‍ത്താന്‍ വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ വരുന്ന പാക് താരങ്ങളെ പോലും ശിവസേന വെറുതെ വിടാറില്ല. എന്നാല്‍, ഈ താക്കറെ തന്നെ നിരവധി പാക് പൗരന്മാരെ സ്വീകരിച്ച്‌ വിരുന്ന് നല്‍കിയിട്ടുമുണ്ട്. ക്രിക്കറ്റ് താരം മിയന്‍ദാദ്, നുസ്‌റത്ത് ഫത്തേഹ് അലി ഖാന്‍ തുടങ്ങിയവരൊക്കെ താക്കറെയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും പലരും എഴുതിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കെതിരെ ഓസ്ട്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി താക്കറെ രംഗത്ത് വന്നിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ല എന്ന് താക്കറെ പറഞ്ഞു.നമ്മുടെ കുട്ടികളെ ഓസ്ട്രേലിയയില്‍ കുത്തിമുറിവേല്‍പ്പിക്കുകയും ചുട്ടുകരിക്കുകയും വെടിവയ്ക്കുകയും ചെയ്യുമ്ബോഴും നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവര്‍ക്കൊപ്പം കളിക്കുന്നതില്‍ ഒരു മടിയുമില്ല, അവര്‍ക്ക് എന്തെങ്കിലും ദേശസ്നേഹമുണ്ടോ?; താക്കറെ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ പ്രകോപനപരമായ ലേഖനത്തില്‍ ചോദിക്കുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയില്‍ നിരോധിച്ചുകൊണ്ടുള്ള താക്കറെയുടെ ലേഖനത്തില്‍, ഇതേ രീതിയില്‍ സംസ്ഥാനത്ത് പാക്കിസ്ഥാന്‍ ടീമിനെതിരെ ശിവസേന പ്രവര്‍ത്തകര്‍ കൈക്കൊണ്ട നടപടിയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാല നല്‍കിയ അംഗീകാരം നിരസിച്ചതിനെ താക്കറെ തന്റെ ലേഖനത്തില്‍ പ്രശംസിക്കുന്നു. ക്രിക്കറ്റ് താരങ്ങളും ബച്ചനെ പോലെ ആത്മാഭിമാനം പ്രദര്‍ശിപ്പിച്ചാല്‍ നന്നായിരിക്കുമെന്ന് പറയുന്ന താക്കറെ ക്രിക്കറ്റ് പണത്തിന്റെ കളിയാണെന്നും അതില്‍ ആത്മാഭിമാനവും രാജ്യസ്നേഹവും ഇല്ലെന്നും കുറ്റപ്പെടുത്തി. ഗസല്‍ സമ്രാട്ട് ഗുലാം അലിയുടെ പരിപാടി അലങ്കോലമാക്കിയത്ഴ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് നടന്ന വാങ്കഡേ സ്റ്റേഡിയത്തിലെ പിച്ച്‌ നശിപ്പിച്ചത്. ശിവസേന നടത്തിയ അക്രമങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

സൗമ്യമുഖമായ ഉദ്ധവ് താക്കറെ

രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കും മുമ്ബ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഉദ്ധവ് താക്കറെ. താക്കറെയുടെ മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനാണ് ഉദ്ധവ്. എങ്കിലും രാഷ്ട്രീയ കാര്യം വന്നപ്പോള്‍ 2003ല്‍ വര്‍ക്കിങ് പ്രസിഡന്റ ആക്കി പാര്‍ട്ടിയുടെ ചരട് അദ്ദേഹം ഏല്‍പ്പിച്ചത് ഉദ്ധവിനെയാണ്. ഉദ്ധവ് വന്നതോടെയാണ് നാരായണന്‍ റാണെയും രാജ് താക്കറെയും ശിവസേനയില്‍ നിന്ന് വേറിട്ടുപോയതും. മറ്റു പാര്‍ട്ടികളിലെ നേതാക്കളുമായി നല്ലബന്ധം പുലര്‍ത്തുന്നു എന്നതുതന്നെയാണ് ഈ എന്ന നേതാവിനെ വേറിട്ടുനിര്‍ത്തുന്നതും.

ബാല്‍ താക്കറെയുടെ തീപ്പൊരിപ്രസംഗമൊന്നും വശമില്ലെങ്കിലും അദ്ദേഹത്തിന്റെ സൗമ്യ മുഖം അണികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കില്‍ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും കര്‍ക്കശ നിലപാടാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ധവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയണ്‍ റാണെക്കെതിരെ സാമ്‌നയിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തര്‍ക്കം ഒടുവില്‍ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു. ശിവസേനയില്‍നിന്ന് രാജിവെച്ച റാണെ പിന്നീട് കോണ്‍ഗ്രസിലെത്തി. പിന്നിീട് ബിജെപിയിലും.

2002ലെ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ ഉദ്ധവ് താക്കറെ പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ചു. 2003 മുതല്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി. 2012ല്‍ ബാല്‍ താക്കറെയുടെ മരണ ശേഷം പാര്‍ട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ല്‍ ബന്ധുവായ രാജ് താക്കറെ പാര്‍ട്ടിവിട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപവത്കരിച്ചു. ഇന്ന് താക്കറെയുടെ തീവ്രത പുറത്തെടുക്കുന്നത് ഈ സംഘടനയാണ്. 1966ല്‍ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നതും ചരിത്രം. ഇപ്പോഴിതാ, ഒപ്പം നിന്നവര്‍ എതിര്‍ ചേരിയില്‍ എത്തിയതോടെ മഹാരാഷ്ട്രയില്‍ താക്കറെ കുടുംബത്തിന്റെ അപ്രമാദിത്വം അവസാനിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക