ദില്ലി: ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയോ? ഇങ്ങനെയൊരാള്‍ ജീവനോടെയുണ്ടെന്നുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും കണ്ട് അന്തംവിട്ടിരിക്കുകയാണ് ആളുകള്‍. ‘ലോകത്തെ ഏറ്റവും പ്രായം ചെന്ന മനുഷ്യനാണ് ഈ 201 വയസുകാരന്‍. നേപ്പാളിലെ ഗുഹയില്‍ ധ്യാനത്തിലിരിക്കേയാണ് ഇദേഹത്തെ കണ്ടെത്തിയത്’ എന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

‘201 വയസുള്ള’ ബുദ്ധ സന്യാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. എന്നാല്‍ 92 വയസ് പ്രായമുള്ളപ്പോള്‍ മരണമടഞ്ഞ സന്യാസിയുടെ ചിത്രമാണ് 201 വയസുകാരന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. കാവി വസ്ത്രം ധരിച്ച പ്രായമായ ബുദ്ധ സന്യാസിക്കൊപ്പം മെഡിക്കല്‍ പ്രൊഫഷണലുകള്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സന്യാസിക്ക് 201 വയസ്സുണ്ടെന്നും നേപ്പാളിലെ പര്‍വതനിരകളിലെ ഒരു ഗുഹയില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്നും അവകാശപ്പെട്ടാണ് പലരും ഈ ചിത്രം പങ്കു വച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്ന് ഫേസ്ബുക്കിന്‍റെ ഫാക്ക്റ്റ് ചെക്കിംഗ് വെബ്സൈറ്റായ ന്യൂസ്‌ചെക്കര്‍ കണ്ടെത്തി. ഈചിത്രം സമാനമായ അടിക്കുറിപ്പുകളോടെ നേരത്തെയും നിരവധി പേര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് ന്യൂസ്‌ചെക്കര്‍ കണ്ടെത്തിയത്. വൈറല്‍ ഇമേജില്‍ റിവേഴ്‌സ് സെര്‍ച്ച്‌ നടത്തി പ്പോള്‍ ഈ ചിത്രം ബുദ്ധ സന്യാസി മരിച്ച്‌ രണ്ട് മാസത്തിന് ശേഷം മൃതദേഹം ശവപ്പെട്ടിയില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം യുഎസിലെ ദി സണ്‍ എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട് .2018 ജനുവരി 22-നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ലുവാങ് ഫോര്‍ പിയാന്‍ എന്ന് പേരുള്ള 92 വയസ്സുകരനാണ് സന്യാസി. അദ്ദേഹം 2017 നവംബര്‍ 16 ന് തന്‍റെ 92-ാം വയസില്‍ തായ്‌ലന്‍റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ആശുപത്രിയില്‍ അസുഖം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതാണ്.

അദ്ദേഹത്തിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷം, ബുദ്ധമത ആചാരപ്രകാരം, അദ്ദേഹത്തിന്റെ അനുയായികള്‍ വസ്ത്രം മാറുന്നതിനായി അദ്ദേഹത്തിന്റെ ശവകുടീരം തുറന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ശവപ്പെട്ടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുമ്ബോള്‍ അത് ദ്രവിച്ചിട്ടില്ലായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള സന്യാസിയുടെ ചിത്രം അനുയായികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ നേപ്പാളില്‍ ധ്യാനത്തിലിരിക്കുന്ന ‘201 വയസുള്ള’ ബുദ്ധ സന്യാസി എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ന്യൂസ്‌ചെക്കര്‍ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക