ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയുടെ അറുപതാം ജന്മദിനമാണ് വെള്ളിയാഴ്ച. ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെയും വലിയ ധനികനായ ഗൗതം അദാനി, തന്റെ ജന്മദിനം പ്രമാണിച്ച്‌ 60,000 കോടി രൂപ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനുള്ള ഒരുക്കത്തിലാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി സമ്ബത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടര്‍ന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി സംഭാവന നല്‍കുന്നത്. ഏകദേശം 92 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദാനി ഈ വര്‍ഷം തന്റെ സമ്ബത്തില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി ചേര്‍ത്തു.

1988-ല്‍ ഒരു ചെറിയ അഗ്രി-ട്രേഡിങ് സ്ഥാപനവുമായി ആരംഭിച്ച അദാനി ഗ്രൂപ്പ് ഇപ്പോള്‍ കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, വൈദ്യുതി ഉല്‍പ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊര്‍ജം, വിമാനത്താവള നിര്‍മ്മാണം, ഡാറ്റാ സെന്ററുകള്‍, സിമന്റ് എന്നീ മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറുകയാണ്.

ഗൗതം അദാനിയുടെ ആത്മകഥ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളാണ് ‘ഗൗതം അദാനി: ദ് മാന്‍ ഹു ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അനാവരണം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ആര്‍.എന്‍.ഭാസ്‌കര്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക