കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച്‌ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹര്‍‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ തോമസ് കോട്ടൂരിനും സെഫിക്കും ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിക്ഷാ വിധി എന്തായിരുന്നു?

ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കോണ്‍വെന്‍റില്‍ അതിക്രമിച്ച്‌ കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വര്‍ഷം തടവും അന്‍പതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വര്‍ഷം തടവും അന്‍പതിനായിരം പിഴയും. പ്രതികള്‍ ശിക്ഷകള്‍ ഒരുമിച്ച്‌ അനുഭവിക്കണം. ഇതായിരുന്നു അഭയ കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും വിധിച്ച ശിക്ഷ.

നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്ബ് തോമസ് കോട്ടൂര്‍ വാദിച്ചിരുന്നു. കാന്‍സര്‍ രോഗിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കോട്ടൂര്‍ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റര്‍ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവര്‍ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അട്ടിമറികളുടെ ചരിത്രമുള്ള കേസ്

തുടക്കം മുതല്‍ അട്ടിമറി. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ര്‍ക്കാന്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം. അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ടില്‍ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിന്‍ മുതലുള്ളവര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ തോമസ് ഐക്കരക്കുന്നേലെന്ന കര്‍ഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാള്‍ക്കാര്‍ പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോള്‍ പണത്തിനും സ്വാധീനത്തിനും മേല്‍ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു.

രണ്ടാം വര്‍ഷം പ്രീഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് സിസ്റ്റര്‍ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തില്‍ അട്ടിമറി ശ്രമം തുടര്‍ന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജന്‍ കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസിന്‍റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹ‍ര്‍ജിയില്‍ നിന്നാണ് കോടതി ഇടടപെല്‍ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടെത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നു റിപ്പോര്‍ട്ടുകളും കോടതി തള്ളി.

28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും ലഭിച്ചു. ഒടുവില്‍ ഫാ.തോമസ് കോട്ടൂരിനെയും ഫാ.ജോസ് പുതൃക്കയിലിനെയും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാര്‍ക്കോ പരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്‌ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നല്‍കുന്നതിന് മുമ്ബേ എഎസ്‌ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.

കേസട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെ ടി മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്ബേ സാമുവല്‍ മരിച്ചു. വിടുതല്‍ ഹ‍ര്‍ജി പരിഗണിച്ച്‌ ഫാ.ജോസ് പുതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാന്‍ പ്രതികളുടെ ശ്രമം.

ഒടുവില്‍ സുപ്രീംകോടതി നിര്‍ദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയില്‍ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നല്‍കിയ സാക്ഷി ഉള്‍പ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച്‌ 28 വര്‍ഷവും എട്ട് മാസവും പിന്നിടുമ്ബോഴാണ് കേസില്‍ ഒടുവില്‍ വിധി വന്നത്. ഇപ്പോള്‍ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്കും ജാമ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക