ന്യൂഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ രാഷ്ട്രപതിയായി ഗോത്ര വര്‍ഗത്തില്‍ നിന്നൊരാള്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തിയത്. ദ്രൗപദി മുര്‍മുവിലൂടെ ജയം ഉറപ്പിക്കുകയാണ് ബിജെപി. 50ാം വര്‍ഷത്തിലാണു പട്ടിക വിഭാഗത്തില്‍നിന്നുള്ള കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഗോത്ര വര്‍ഗത്തിലെ വനിതയും രാഷ്ട്രപതിയാകുന്നതിന് തൊട്ടടുത്തെത്തുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആധികാരിക ജയം ഉറപ്പാക്കാന്‍ എന്‍ഡിഎക്കു പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണ്ട സാഹചര്യത്തില്‍ ഒഡിഷയില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ രംഗത്തിറക്കുന്നത് ബിജെപിയുടെ നിര്‍ണ്ണായക നീക്കമാണ്. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും ഉറച്ച പിന്തുണ കൂടി ഇതിലൂടെ കിട്ടും. ബിജെപിയുമായി സഹകരിക്കാന്‍ മടിക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെഡി. അതുകൊണ്ട് തന്നെ ദ്രൗപതി മുര്‍മുവിലൂടെ ബിജെപിക്ക് അനായാസം ഉറപ്പാക്കാനാകുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒഡീഷയിലേതു പോലെ ആന്ധ്രയിലും മുര്‍മു ഉള്‍പ്പെടുന്ന സന്താള്‍ ഗോത്രവിഭാഗം സജീവ സാന്നിധ്യമായതിനാല്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിന്തുണ ഉറപ്പാക്കാനും ഈ നീക്കത്തിലൂടെ ബിജെപിക്കാകും. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുന്ന മൊത്തം വോട്ടുമൂല്യത്തില്‍(എകദേശം 10,86,000) ദേശീയ ജനാധിപത്യ സഖ്യത്തിലെ എല്ലാ കക്ഷികളെ ഉള്‍പ്പെടുത്തിയാലും ജയിക്കാന്‍ 29,000 വോട്ടിന്റെ കുറവുണ്ട്. ഇത് ആധികാരികമായി മറികടക്കാന്‍ ബിജെഡിയുടെയും മറ്റും പിന്തുണ സഹായിക്കും. ബിഹാറിലെ നിതീഷ് കുമാര്‍ പിണങ്ങിയാലും ബിജെപി ഇനി ജയിക്കും.

നരേന്ദ്ര മോദിയുമായും ആര്‍എസ്‌എസ് നേതൃത്വവുമായും എന്‍ഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ദ്രൗപദി മുര്‍മു. 20 വര്‍ഷത്തിലേറെയായി പൊതുരംഗത്തുള്ള അവര്‍ മുന്‍പ് ഒരിടവേള അദ്ധ്യാപികയായും പ്രവര്‍ത്തിച്ചു. ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുര്‍മുവിന്റെ മുഖമുദ്രകള്‍. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃ ശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊപ്പം പശ്ചിമ ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളില്‍ പിന്തുണ വിപുലമാക്കാനും ഈ രാഷ്ട്രീയ തീരുമാനത്തിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 15ന് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ രാഷ്ട്രപതിയെ അവതരിപ്പിക്കുക എന്ന വേറിട്ട രാഷ്ട്രീയ നയചാതുര്യത്തിനും ഈ നീക്കത്തിലൂടെ ബിജെപിക്കായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ തീരുമാനം എടുത്തത്. ബിജെപിിയിലെ ഉന്നത നേതാക്കള്‍ പോലും അവസാന നിമിഷമാണ് തീരുമാനം അറിഞ്ഞത്.

വിജയിച്ചാല്‍ രാജ്യത്തെ ആദ്യത്തെ ഗോത്ര വര്‍ഗ വനിതാ ഗവര്‍ണറെന്നതിനൊപ്പം, ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമാകും. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാള്‍ സമ്മാനമാണ് സ്ഥാനാര്‍ത്ഥിത്വം. സാമൂഹിക സേവനത്തിലും നിര്‍ധന ശാക്തീകരണത്തിലും താല്‍പര്യമെടുക്കുന്ന ദ്രൗപദി, ഗവര്‍ണര്‍ പദവിയിലുള്‍പ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു.

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദയില്‍ വൈദ്യുതിയും നല്ല റോഡും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളജില്‍ നിന്നും ബിരുദം േനടി. രായിരനഗ്പുര്‍ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സ്ഥാപനത്തില്‍ കുറച്ചു കാലം അദ്ധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി.

1997ല്‍ രായിരനഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്പുര്‍ എംഎല്‍എയായി. 2000ത്തില്‍ ഒഡീഷയില്‍ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീന്‍ പട്നായിക് മന്ത്രിസഭയില്‍ 2006-09 കാലത്ത് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മികച്ച എംഎല്‍എയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം’ 2007ല്‍ ലഭിച്ചു. ജില്ല മുതല്‍ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി.

ഗോത്രവര്‍ഗത്തിലെ നേതാവ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനിച്ചത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി വേണമെന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമുള്ളതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവര്‍ഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.

സാമൂഹിക സേവനത്തിനും ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ദ്രൗപദി മുര്‍മുവെന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സമ്ബന്നമായ ഭരണപരിചയമുള്ള അവര്‍ മികച്ച രീതിയിലാണ് ഗവര്‍ണര്‍പദവി കൈകാര്യം ചെയ്തത്. അവര്‍ മികച്ച രാഷ്ട്രപതിയാകുമെന്നത് ഉറപ്പുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക