മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഗാഡി സഖ്യസര്‍ക്കാരില്‍ കലഹം. ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടിയുടെ 12 എംഎല്‍എമാരമായി ഗുജറാത്തിലേക്ക് പോയി. ഷിന്‍ഡെ ബിജെപിക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിന്റെ ഭാവി ത്രിശങ്കുവിലായി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നുച്ചയ്ക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇതില്‍ ഷിന്‍ഡെയും കൂട്ടരും പങ്കെടുക്കില്ല. അദ്ദേഹം ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത വിജയം ലഭിച്ച പിന്നാലെയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയിലെ പ്രമുഖ നേതാവാണ് ഏകനാഥ് ഷിന്‍ഡെ. ശിവസേനയില്‍ ഉദ്ധവ് താക്കറെക്ക് തൊട്ടുതാഴെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഒട്ടേറെ അണികളുടെ പിന്‍ബലമുള്ള വ്യക്തിയാണ് ഇദ്ദേഹം. മാത്രമല്ല, താനെയില്‍ ശിവസേന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഷിന്‍ഡെ. അദ്ദേഹം ബിജെപിയിലേക്ക് കളംമാറുമെന്നാണ് വാര്‍ത്തകള്‍.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഷിന്‍ഡെയെ കാണാനില്ല. നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടുന്നുമില്ല. ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലിലാണ് ഏക്‌നാഥ് ഷിന്‍ഡെയുള്ളത് എന്നാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തോടൊപ്പം ശിവസേനയുടെ 12 എംഎല്‍എമാരുമുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഷിന്‍ഡെ കളംമാറിയാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ നില പരുങ്ങലിലാകും.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റില്‍ ബിജെപി ജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഞ്ച് ബിജെപി അംഗങ്ങള്‍ ജയിച്ചു. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ വോട്ട് മറിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് ശിവസേന എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുള്ളത്.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഷിന്‍ഡെയുമായി ബന്ധപ്പെടാന്‍ ശിവസേന നേതൃത്വം ശ്രമിച്ചുവരികയാണ്. ഇതുവരെ കിട്ടിയിട്ടില്ല. പിന്നീടാണ് അദ്ദേഹം സൂറത്തിലെ ഹോട്ടലിലുണ്ട് എന്ന വാര്‍ത്ത വന്നത്. ബിജെപി നേതൃത്വവുമായി ഷിന്‍ഡെ ചര്‍ച്ച നടത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വരുന്നുണ്ട്. ഷിന്‍ഡെ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ശിവേസനയില്‍ വലിയൊരു വിഭാഗം അണികളുടെ പിന്തുണയുള്ള നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. ഇദ്ദേഹം കളംമാറിയാല്‍ ശിവസേന പിളരുന്നതിന് തുല്യമാകും. 2014ല്‍ ബിജെപിയുമായി ശിവസേന ഉടക്കിയ വേളയില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി പാര്‍ട്ടി നിയമിച്ചത് ഷിന്‍ഡെയെ ആയിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന അധികാരത്തിലെത്തിയപ്പോള്‍ ഷിന്‍ഡെയ്ക്ക് നഗരവികസന മന്ത്രി പദവി നല്‍കുകയും ചെയ്തു.

ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. പദവികള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും അടുത്തിടെയായി ഷിന്‍ഡെ അതൃപ്തനാണ് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സാഹചര്യം ബിജെപി മുതലെടുത്തേക്കാം. ഷിന്‍ഡെ ഗുജറാത്തിലേക്ക് എംഎല്‍എമാരുമായി പോകാന്‍ കാരണം ബിജെപിയാണ് എന്നാണ് വാര്‍ത്തകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക