ചക്കുവള്ളി: പോരുവഴി സർക്കാർ ഹയർസെക്കന്ററി സ്കൂൾ പിടിഎ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ,എക്സിക്യൂട്ടീവ് അംഗങ്ങളയ നാസർ മൂലത്തറ,ചക്കുവള്ളി നസീർ,ലത്തീഫ് പെരുംങ്കുളം ,ബിന്ദു കുഞ്ഞുമോൻ എന്നിവരാണ് രാജിവച്ചത്. വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകുന്നതിന് അളവെടുക്കാൻ എത്തിയ തയ്യൽക്കാരൻ പെൺകുട്ടികളാട് അപമര്യാദയായി പെരുമാറിയതിലും,സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർത്ഥികളെ സ്കൂൾ വളപ്പിൽ കയറി മർദ്ദിച്ച പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ വ്യക്തമാക്കി.

ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുള്ള രാജിക്കത്ത് പിടിഎ പ്രസിഡന്റ്,സെക്രട്ടറി എന്നിവർക്ക് കൈമാറി.രാജി കത്തിലെ വിവരണം ഇങ്ങനെ:- കഴിഞ്ഞ 14 ന് തയ്യൽക്കാരനിൽ നിന്നും മോശമായ അനുഭവം ഉണ്ടായതായി പെൺകുട്ടികൾ അധ്യാപകരെ അറിയിക്കുകയും അവർ ഹെഡ്മിസ്ട്രസ് ഇൻ ചാർജിന് വിവരം കൈമാറുകയും ചെയ്തു. ഉടൻ തന്നെ ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചെങ്കിലും തയ്യൽക്കാരനെതിരെ നടപടിയെടുക്കാതെ തുടർന്നും അളവെടുക്കാൻ അയ്യാളെ തന്നെ അനുവദിക്കുകയായിരുന്നു. ഒന്നും നടന്നിട്ടില്ലെന്ന് വരുത്തി തീർക്കാൻ
പിടിഎ പ്രസിഡന്റ് നടത്തിയ ശ്രമമാണ് പിന്നീട് കാര്യങ്ങൾ വഷളാക്കിയത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജൂൺ 16ന് കുട്ടികൾ സമാധാനപരമായി നടത്തിയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാൻ ശ്രമിച്ചതും പിടിഎ പ്രസിഡന്റ് നേരിട്ടാണെന്ന് പരാതിയിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ലോക്കൽ സെക്രട്ടറിയെ സ്കൂൾ വളപ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒരു വിദ്യാർത്ഥി സംഘടനയിൽപ്പെട്ട വിദ്യാർത്ഥികളെ മാത്രം തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവത്രേ.സമരം നടത്തിയ വിദ്യാർത്ഥികൾ പുറത്തു നിന്ന് എത്തിയവരാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പിടിഎ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം പോലീസിനെ സ്കൂൾ വളിപ്പിലേക്ക് വിളിച്ചു വരുത്തിയത് ഹെഡ്മിസ്ട്രസ് ആണ്. പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളെയും പരിക്കേറ്റവരെയും പ്രസിഡന്റും സ്കൂൾ അധികൃതരും തിരിഞ്ഞു നോക്കാത്തത് ദുഃഖകരമാണ്.

കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകേണ്ടുന്ന പിടിഎ പ്രസിഡന്റ് തന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചകൾ മറച്ചുവച്ച് കമ്മിറ്റിയിൽ തുടരുന്നത് നീതിക്ക് നിരക്കുന്നതല്ല.പെൺകുട്ടികൾ നേരിട്ട അതിക്രമം യഥാസമയം പോലീസിൽ അറിയിക്കുന്നതിനും സ്കൂൾ അധികൃതരും പ്രസിഡന്റും തയ്യാറായില്ല. കുട്ടികൾക്കുണ്ടായ ദുരനുഭവം വളരെ ലാഘവബുദ്ധിയോടെയാണ് ബന്ധപ്പെട്ടവർ കണ്ടത്. 16 ന് ചേർന്ന പിടിഎ കമ്മിറ്റി യോഗത്തിൽ വസ്തുതകൾ മറച്ചുവച്ചാണ് പ്രശ്നങ്ങൾ അവതരിപ്പിച്ചത്.കുട്ടികളെ സംരക്ഷിക്കുകയും സ്കൂളിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ചുമതലയേറ്റ പിടിഎ കമ്മിറ്റിയുടെ പ്രസിഡന്റിൽ നിന്നു തന്നെ അതിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നതിനാൽ അദ്ദേഹത്തോടൊപ്പം തുടരാൻ കഴിയില്ല എന്നുള്ളതു കൊണ്ടാണ് തങ്ങൾ രാജിവയ്ക്കുന്നതെന്നും കത്തിൽ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക