ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീന്‍ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. അഞ്ച് അംഗ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ന്യൂഡല്‍ഹിയിലേക്ക് യാത്ര തിരിച്ച അദ്ദേഹം നാളെ റോമിലേക്ക് വിമാനം കയറും. തുടര്‍ന്ന് ദുബൈയും സന്ദര്‍ശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുക.

2000 മാര്‍ച്ച്‌ 5-നാണ് ബിജു ജനതാദള്‍ അധ്യക്ഷന്‍ കൂടിയായ നവീന്‍ പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയാണ് നവീന്‍. അഞ്ചു തവണയാണ് തുടര്‍ച്ചയായി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഖ്യമന്ത്രി പദത്തില്‍ 22 വര്‍ഷമായെങ്കിലും ഒരു തവണ മാത്രമാണ് വിദേശ സന്ദര്‍ശനത്തിന് നവീന്‍ പട്നായിക് പോയത്. 2012ലായിരുന്നു അത്. അതുതന്നെ പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സന്ദര്‍ശനം പാതിയില്‍ നിര്‍ത്തി മടങ്ങി വരേണ്ടി വന്നു. ഇത്തവണ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് റോമിലേക്ക് പോകുന്നത്. ഭക്ഷ്യസുരക്ഷ, ദുരന്തനിവാരണ മേഖലകളില്‍ ഒഡീഷ സര്‍ക്കാര്‍ നടപ്പാക്കിയ പരിവര്‍ത്തന സംരംഭങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം പരിപാടിയില്‍ പങ്കുവെക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ബിപിഎല്ലുകാര്‍ക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന പദ്ധതിക്ക് 2008ല്‍ അദ്ദേഹം തുടക്കം കുറിച്ചിരുന്നു. 2013ല്‍ ഇത് ഒരു രൂപയായി കുറച്ചു. കാലഹന്ദി- ബോലങ്കിര്‍- കൊറാപുട്ട് മേഖലയില്‍ കഴിഞ്ഞ കുറച്ച്‌ ദശാബ്ദങ്ങളായി നൂറുകണക്കിന് പേരാണ് പട്ടിണി കാരണം മരിച്ചത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്ന പദ്ധതി നടപ്പാക്കിയത്.

റോം സന്ദര്‍ശനത്തിനിടെ വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസിനെ നവീന്‍ പട്നായിക് സന്ദര്‍ശിക്കും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒഡീഷയില്‍ നിന്നുള്ള പ്രവാസികളുമായി അദ്ദേഹം സംവദിക്കും. തിരികെയുള്ള യാത്രക്കിടെയാണ് ജൂണ്‍ 29ന് ദുബൈയിലെത്തും. ഗള്‍ഫ് മേഖലയിലെ നിക്ഷേപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ അദ്ദേഹം നിക്ഷേപകരെ സ്വാഗതം ചെയ്യും. പ്രമുഖ നിക്ഷേപകരുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക