ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ കോളറില്‍ കയറിപ്പിടിച്ചു. ഉദ്യോഗസ്ഥനോട് കയര്‍ക്കുന്നതിന്റെയും യൂണിഫോമിന്റെ കോളറില്‍ കയറിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഹൈദരാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉദ്യോദസ്ഥനോടു കയര്‍ത്തതിനു പിന്നാലെ വനിതാ പൊലീസുകാരെത്തി രേണുകയെ പിടിച്ചുമാറ്റുന്നതും പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ, വീഴാന്‍ പോയപ്പോള്‍ തൊട്ടരികില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിച്ചതാണ് എന്നാണ് രേണുകാ ചൗധരിയുടെ പ്രതികരണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്റെ കൈ പിടിച്ചു തിരിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടു. വീഴാതിരിക്കാന്‍ ഉദ്യോഗസ്ഥനെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് രേണുകാ ചൗധരിയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രേണുകാ ചൗധരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ടിആര്‍എസ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌ രേണുകാ ചൗധരി ആരോപിച്ചു. കേസിനെ ധൈര്യമായി നേരിടുമെന്നും അവര്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഇരുചക്രവാഹനം അഗ്‌നിക്കിരയാക്കുകയും സര്‍ക്കാര്‍ ബസുകള്‍ തടയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. രാജ്ഭവന്‍ സ്ഥിതി ചെയ്യുന്ന ഖൈര്‍താബാദ് മേഖലയിലും പരിസര പ്രദേശങ്ങളിലും ഗതാഗതം സ്തംഭിച്ചു. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനും എംപിയുമായ എ.രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍കയെയും മറ്റു നിരവധി പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക