തിരുവനന്തപുരം : ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന തെക്കെ പാനൂരിലെ കെ വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കിർമ്മാണി മനോജ് ഉൾപെടെ 7 സിപിഎം പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്.

2007 മാര്‍ച്ച് നാലിന് രാത്രിയാണ് സംഭവം. വത്സരാജക്കുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു എന്നാണ് കേസ്.തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് ഏഴ് പ്രതികളെയും പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വത്സരാജ് കുറുപ്പിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേസിൽ ഏക ദൃസാക്ഷിയായ വത്സരാജക്കുറുപ്പിന്റെ ഭാര്യ പിന്നീട് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഇതാണ് ഏഴ് പ്രതികളെയും വെറുതെ വിട്ട വിധിക്ക് കാരണമായത്.കിർമാണി മനോജിനെ കൂടാതെ തലശ്ശേരി സ്വദേശികളായ ചമ്പാട് അരയാക്കൂലിലെ കെ ഷാജി, ചമ്പാടെ വി പി സതീശന്‍, ചൊക്‌ളി നിടുംമ്പ്രത്തെ പ്രകാശന്‍ , അരയാക്കൂലിലെ കെ.ശരത് , അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ.വി.രാഗേഷ്, ചമ്പാട്ടെ എട്ടു വീട്ടില്‍ സജീവന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

ഫസൽ വധ കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറിച്ചുള്ള ചില നിർണായകമായ വിവരങ്ങൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സുകുമാരന് വത്സരാജ് കുറുപ്പ് കൈ മാറിയതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തർക്കത്തിൽ അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വത്സരാജ കുറുപ്പിനെ വധിക്കാൻ കാരണമായെന്നും ആരോപണമുയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക