തിരുവനന്തപുരം : സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം കൊമ്ബ് കോര്‍ക്കുന്നതിനിടെ ഒരേ വേദിയിലെത്തിയ പിണറായി വിജയനും വി.ഡി.സതീശനും മുഖാമുഖം നോക്കാന്‍ പോലും തയ്യാറായില്ല. മുഖത്തേക്ക് നോക്കേണ്ടിവരുന്ന സാഹചര്യങ്ങളെല്ലാം ഇരുവരും പരസ്പരം ഒഴിവാക്കി. തിരുവനന്തപുരത്ത് എ.കെ.ജി ഹാളില്‍ നടന്ന കേരള കൗമുദിയുടെ 111 ആം വാര്‍ഷികവും കുമാരനാശാന്റെ 150 ആം ജന്മ വാര്‍ഷിക ആഘോഷവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. ഇതേ ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്നു വി.ഡി.സതീശന്‍.

പിണറായി വേദിയിലിരിക്കെയാണ് സതീശനെത്തിയത്. വേദിയിലുള്ള എല്ലാവരെയും കൈകാട്ടി അഭിവാദ്യം ചെയ്ത് സതീശന്‍ ഇരിപ്പിടത്തിലേക്ക് എത്തി. എന്നാല്‍, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ മുഖത്തേക്ക് നോക്കിയില്ല. വെള്ളാപ്പള്ളി നടേശനായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷന്‍. വെള്ളാപ്പള്ളിക്ക് സമീപമായിരുന്നു മുഖ്യമന്ത്രിയുടെ സീറ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഖ്യമന്ത്രിയുടെ സീറ്റിന് മൂന്ന് സീറ്റ് അകലെയായിരുന്നു സതീശന്‍ ഇരുന്നത്. ഇടയ്ക്ക് മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും വി.ശിവന്‍ക്കുട്ടിയും കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവിയും. ദീപം തെളിയിക്കാനായി മുഖ്യമന്ത്രി വിളക്കിനടുത്തേക്ക് എത്തിയപ്പോഴും സതീശന്‍ അകന്നു നിന്നു. മന്ത്രി ശിവന്‍കുട്ടിയാണ് വിളക്ക് വാങ്ങി സതീശന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിലിരുന്നവര്‍ക്ക് ഉപഹാരം നല്‍കി. അതിനിടെ ശിവന്‍കുട്ടി സതീശനോട് കുശലം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയെയും സതീശനെയും പര്സപരം സംസാരിപ്പിക്കാന്‍ ചെറിയ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും ഒഴിഞ്ഞുമാറി. കണ്ടതിന് വേണ്ടി ചെറിയ തലകുലുക്കത്തില്‍ ഇരുവരും ഒതുക്കി.

തുടര്‍ന്ന് മുഖ്യപ്രഭാഷണത്തിനായി സതീശനെ സ്വാഗതം ചെയ്യുന്നതിനിടെ പിണറായി വേദി വിടുകയും ചെയ്തു. സാധാരണ രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്കിടയില്‍ സമരങ്ങള്‍ നടത്താറുണ്ടെങ്കിലും ഒരേവേദിയിലെത്തിയാല്‍ മുതിര്‍ന്ന നേതാക്കള്‍ അത് മറന്ന് പരസ്പരം സൗഹാര്‍ദ്ദപരമായി പെരുമാറുന്നതാണ് പതിവ്. എന്നാല്‍ ഇനി അതിന് തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഇരു നേതാക്കളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക