ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പൊലീസ് തടഞ്ഞു. ഇഡി ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കെ സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, കെ ശ്രീകണ്ഠന്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഫത്തേപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പ്രതിഷേധിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇഡി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഇ ഡി ഓഫീസിലേക്ക് നേതാക്കള്‍ അടക്കം ആരെയും രാഹുലിനൊപ്പം കടത്തിവിടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ശേഷമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നും കാല്‍നടയായി രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു.

പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് രാഹുലിന് പിന്തുണയായി മാര്‍ച്ചിനെത്തിയത്. മോദി സര്‍ക്കാര്‍ ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക