അപ്രതീക്ഷിതമായിരുന്നു അത്. അമേരിക്കന്‍ ടെലി ഇവാഞ്ചലിസ്റ്റും പ്രമുഖ സുവിശേഷകനുമായ ജോയല്‍ ഓസ്റ്റന്‍ തന്റെ കീഴിലുള്ള ടെക്‌സസിലെ പള്ളിയില്‍ സുവിശേഷ പരിപാടികള്‍ നടത്തുന്നു. പരിപാടി നടക്കുന്നതിനിടെ മൂന്ന് സ്ത്രീകള്‍ പൊടുന്നനെ ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നോട്ടുവന്നു. അവരില്‍ ആദ്യം ഒരു സ്ത്രീ തന്റെ വസ്ത്രം അഴിച്ചുകളഞ്ഞു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച്‌ ആള്‍ക്കൂട്ടത്തിനു നേര്‍ക്ക് ‘എന്റെ ശരീരം എന്റെ അവകാശം’ എന്നു വിളിച്ചുപറഞ്ഞു.

തൊട്ടുപിന്നാലെ മറ്റ് രണ്ട് സ്ത്രീകളും വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അടിവസ്ത്രങ്ങള്‍ ധരിച്ച്‌ ഗര്‍ഭഛിദ്ര നിയമപരിഷ്‌കരണത്തിന് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഗര്‍ഭഛിദ്ര അവകാശത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ആക്ടിവിസ്റ്റുകളാണ് നഗ്‌നരായി പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്കയില്‍ കുറച്ചുനാളായി ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. 49 വര്‍ഷമായി അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിയമം റദ്ദാക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് വിവാദം. ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുകൂലമായും പ്രതികൂലമായും ജനങ്ങള്‍ ചേരിതിരിഞ്ഞിരിക്കുകയാണ്.

1973-ലാണ് റോ വേഴ്‌സസ് വേഡ് (Roe versus Wade) എന്ന കേസില്‍ ഗര്‍ഭഛിദ്രത്തിന് ഭരണഘടന പരിരക്ഷയും നിയമസാധുതയും നല്‍കി യു എസ് സുപ്രീം കോടതി വിധിച്ചത്. 7-2 എന്ന വോട്ടിനാണ് അന്ന് സുപ്രീംകോടതി സ്ത്രീകള്‍ക്കുള്ള ഗര്‍ഭഛിദ്ര അവകാശം സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചത്.

എന്നാല്‍, നവയാഥാസ്ഥിതിക പക്ഷം ശക്തമായി പിടിമുറുക്കുന്ന പുതിയ സാഹചര്യത്തില്‍, ഗര്‍ഭഛിദ്രവകാശം റദ്ദാക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ഗര്‍ഭഛിദ്രവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിസിസിപ്പി സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ യു എസ് സുപ്രീം കോടതി ജൂലൈയില്‍ വിധി പുറപ്പെടുവിക്കാനിരിക്കയാണ്.

കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്ബത് ജഡ്ജിമാരില്‍ ഭൂരിപക്ഷം പേരും ഗര്‍ഭഛിദ്രാവകാശത്തിന് എതിരാണെന്ന് വ്യക്തമാക്കുന്ന രഹസ്യ കോടതിരേഖ ഈയടുത്ത് പൊളിറ്റിക്കോ എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തു വിട്ടിരുന്നു. സുപ്രീംകോടതി ഗര്‍ഭഛിദ്രത്തിന് എതിരായ നിലപാട് സ്വീകരിക്കുമെന്ന അഭിപ്രായം ഇതോടെ പ്രബലമായി. ഇതിനെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സ്ത്രീസംഘടനകള്‍ പല തരത്തിലുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടുവന്നത്.

ടിവി പരിപാടികളിലൂടെ പ്രശസ്തനായ ജോയല്‍ ഓസ്റ്റീന്റെ നേതൃത്വത്തിലുള്ള ടെക്‌സസിലെ മെഗാചര്‍ച്ചയിലാണ് തുണിയുരിഞ്ഞുള്ള പ്രതിഷേധം അരങ്ങേറിയത്. ഗര്‍ഭഛിദ്രാവകാശം എടുത്തുകളയണമെന്ന് ശക്തമായി വാദിക്കുന്നവരുടെ മുന്‍നിരയിലാണ് ജോയല്‍ ഓസ്റ്റീന്‍. അദ്ദേഹത്തെ അനുകൂലിക്കുന്നവരാണ് സുവിശഷ പരിപാടിക്ക് ഒത്തുചേര്‍ന്നത്. പരിപാടി കലക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിഷേധം അരങ്ങേറിയത്.

ജോയല്‍ ഓസ്റ്റീന്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സദസ്സില്‍ ഇരിക്കുന്ന വിശ്വാസികള്‍ക്കിടയില്‍നിന്ന് മൂന്ന് സ്ത്രീകള്‍ എഴുന്നേറ്റു വന്നത്. ‘എന്റെ ശരീരം, എന്റെ ചോയ്‌സ്’ എന്ന് അവര്‍ വിളിച്ചുപറഞ്ഞു. ഗര്‍ഭഛിദ്രാവകാശം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് അതോടെ നിലച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗം പുറത്തുവന്നു.

ടെക്‌സസ് റൈസ് അപ് ഫോര്‍ അബോര്‍ഷന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പള്ളിയില്‍നിന്നും പുറത്തേക്കിറക്കി. തുടര്‍ന്ന് പള്ളിക്കുപുറത്തുവെച്ച്‌ ഇവര്‍ പ്രതിഷേധം തുടര്‍ന്നു. അരലക്ഷത്തോളം പേര്‍ തടിച്ചുകൂടുന്ന സുവിശേഷ പരിപാടിയില്‍ വെച്ച്‌ പ്രതിഷേധിച്ചത് എതിര്‍ക്കുന്നവര്‍ക്കിടയില്‍ തങ്ങളുടെ ശബ്ദം ഉയരണമെന്ന ഉദ്ദേശ്യത്തോടെയാണ് എന്ന് പ്രതിഷേധക്കാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക