തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പൊലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ കയര്‍ കെട്ടി മാധ്യമപ്രവര്‍ത്തകരെ വേര്‍തിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടുത്ത് എത്താനുള്ള ശ്രമങ്ങളെ പൊലീസ് പ്രതിരോധിച്ചു.

സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി കസേരയില്‍ ഒരു മണിക്കൂര്‍ പോലുമിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തന്റെ ആരോപണങ്ങള്‍ ശരിയായെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഇതില്‍ പങ്കുള്ളവരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കി. ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനാവില്ല. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ആദ്യമായി ശിവശങ്കര്‍ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യില്‍ ബാഗ് കൊടുത്തുവിട്ടു. ബാഗില്‍ കറന്‍സിയാണെന്ന് ഞങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പില്‍ മറ്റെന്തൊക്കെയോ വച്ച് കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.’- സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക