തൃക്കാക്കര: ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഗോവയില്‍ വിജയകരമായി നടപ്പാക്കിയ ക്രിസ്ത്യന്‍- ഹിന്ദു ഐക്യ മോഡലായിരുന്നു തൃക്കാക്കരയില്‍ ബിജെപി പയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ്‌പോലും നഷ്ടമായതോടെ ബിജെപിയുടെ ഈ പരീക്ഷണം പാളിയിരിക്കുകയാണ്. കടുത്ത ഹിന്ദുത്വ നയം ഉപേക്ഷിച്ച്‌ സംഘ പരിവാറുമായി സഹകരിക്കാവുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്ന നിലപാട് ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലായിരുന്നു ബിജെപി പരീക്ഷിച്ചത്. പി സി ജോര്‍ജിനെ മുന്‍നിര്‍ത്തിയായിരുന്നു തൃക്കാക്കരയില്‍ ബിജെപി ഇതിന് ശ്രമിച്ചത്.

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന് പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിലെ ക്ഷേത്ര വേദിയിലും പി സിക്ക് ഇതേ പ്രസംഗം ആവര്‍ത്തിക്കാന്‍ അവസരം ഒരുക്കി നല്‍കുന്ന സാഹചര്യമുണ്ടായി. ഈ രണ്ട് പ്രസംഗങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തതോടെ സര്‍ക്കാരിന്റെ ഇരട്ട നീതിയുടെ ഇരയായി പി സി ജോര്‍ജിനെ ഉയര്‍ത്തിക്കാട്ടുകയും ബിജെപി ഏറ്റെടുത്ത് കൊണ്ടു നടക്കുന്ന സാഹചര്യവുമുണ്ടായി. പി സി ജോര്‍ജ് തിരുവനന്തപുരത്തെ കേസില്‍ ജയില്‍ മോചിതനായതോടെ കൊട്ടിക്കലാശ ദിനത്തില്‍ ബിജെപി പ്രചാരണ വേദികളില്‍ എത്തിച്ചു. ബിജെപിയേയും മുന്നണിയെന്ന നിലയില്‍ എന്‍ഡിഎയേയും പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ പി സി ജോര്‍ജില്‍ നിന്നും ഉണ്ടായെങ്കിലും ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായി സര്‍ക്കാരിന്റെ ക്രിസ്ത്യന്‍ വേട്ടയാടലിന്റെ പ്രതീകമായി പി സി ജോര്‍ജിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ബിജെപി ശ്രമം. എന്നാല്‍, ഇത് ദയനീയമായി പരാജയപ്പെട്ടതായാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2,261 വോട്ടിന്റെ ഇടിവ് ബിജെപിയുടെ ആകെ വോട്ടുകളില്‍ തൃക്കാക്കരയിലെ ഈ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്. 12,957 വോട്ടാണ് തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത്. 2021ല്‍ പി ടി തോമസ് വിജയിച്ച തെരഞ്ഞെടുപ്പില്‍ ബിജെപി 15,218 വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു.

തൃക്കാക്കര നിയമസഭാ മണ്ഡല രൂപീകരണത്തിന് ശേഷം നാലാമത്തെ തെരഞ്ഞെടുപ്പാണിത്. 2011ല്‍ ബിജെപി നേതാവ് എന്‍ സജി കുമാര്‍ ആറായിരത്തോളം വോട്ടുകളാണ് നേടിയത്. 2016ല്‍ എസ് സജി അത് 21,247 ആയി ഉയര്‍ത്തി. പക്ഷേ, തുടര്‍ന്ന് വന്ന 2021ലെ തെരഞ്ഞെടുപ്പില്‍ 6,029 വോട്ടുകളുടെ കുറവ് അതിന് മുമ്ബത്തെ തവണത്തേക്കാള്‍ ബിജെപി വോട്ടുകളില്‍ ഉണ്ടായി. ഇതില്‍ നിന്നും വളരെ താഴെയാണ് എ എന്‍ രാധാകൃഷ്ണന്‍ നേടിയിരിക്കുന്നത്. ജില്ലാ നേതാക്കള്‍ മത്സരിച്ചപ്പോള്‍ നേടിയ വോട്ടുകള്‍ പോലും സംസ്ഥാന വൈസ് പ്രസിഡന്റിന് നേടാന്‍ കഴിഞ്ഞില്ലെന്നതും ശക്തനായ സ്ഥാനാര്‍ത്ഥി എന്ന ലേബലില്‍ പ്രസിഡന്റ് തന്നെ ഇറക്കിയ സ്ഥാനാര്‍ത്ഥിക്കാണ് ഇത്രയും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്.

ഈ പരീക്ഷണം പാളിയതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണവുമായി നിലനിൽക്കുന്ന ക്രിസംഘികളെ കൈവിട്ട് സഭാനേതൃത്വങ്ങളുമായി നേരിട്ട് അടുക്കാനാണ് ബിജെപിയുടെ തീരുമാനം. ക്രിസ്ത്യൻ ബിഷപ്പുമാരും ആയി പ്രധാനമന്ത്രി ഉടനടി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അനാവശ്യ വിഷയങ്ങളിലെ അതി തീവ്ര നിലപാടുകൾ കൊണ്ട് പലപ്പോഴും സഭാനേതൃത്വത്തിന് ഉൾപ്പെടെ തലവേദനകൾ സൃഷ്ടിക്കുന്ന ഈ ഗ്രൂപ്പുകളെ ഏവരും കൈവിടാൻ ആണ് സാധ്യത. ഒരേസമയം ബിജെപി സിപിഎം പാളയങ്ങളുമായി നീക്കുപോക്ക് നടത്താനുള്ള ഇവരുടെ ശ്രമങ്ങളും രാഷ്ട്രീയ വൃത്തങ്ങളിലും സഭാ വൃത്തങ്ങളിലും ചർച്ചയാകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക