ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് പുറത്തിറക്കുകയും പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ആധാര്‍ രേഖകള്‍ മറ്റ് വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ നല്‍കുന്നെങ്കില്‍ അതിന്റെ മാസ്‌ക്ഡ് കോപ്പികള്‍ ഉപയോഗിക്കണമെന്നതായിരുന്നു നിര്‍ദേശം. മുന്നറിയിപ്പില്‍ തെറ്റായ വ്യാഖ്യാനമുണ്ടാകാനുള‌ള സാദ്ധ്യത മുന്നില്‍കണ്ടാണ് അറിയിപ്പ് മന്ത്രാലയം പിന്‍വലിച്ചത്.

ആധാര്‍ നമ്ബറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ബാക്കി അക്കങ്ങള്‍ മായ്ക്കുന്ന രീതിയാണ് സുരക്ഷിതമെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് അറിയിപ്പിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആധാര്‍ കാര്‍ഡില നമ്ബരും, ക്യു ആര്‍ കോ‌ഡും മറ്റ് വിവരങ്ങളും പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിന് ഇട വന്നേക്കാം. അതിനാല്‍ മാസ്ക്ഡ് കോപ്പി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം. ഇത്തരത്തില്‍ മാസ്ക്ഡ് കോപ്പി ഉപയോഗിക്കാന്‍ നാം കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല. യു ഐ ഡി എ ഐ തന്നെ മാസ്ക്ഡ് ആധാര്‍ എന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക്ഡ് കാര്‍ഡ് എങ്ങനെ നേടാമെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

മാസ്ക് ചെയ്ത പതിപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

1. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ലോഗിന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

3. ആധാര്‍ കാര്‍ഡ് നമ്ബര്‍, സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്ന കാപ്ചെ എന്നിവ അതാത് സ്ഥാനങ്ങളില്‍ ടൈപ്പ് ചെയ്യുക

4. തുടര്‍ന്ന് സെന്‍ഡ് ഒ ടി പി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

5. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണില്‍ ലഭിച്ച ഒ ടി പി ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക

6. തുടര്‍ന്ന് സര്‍വീസസ് എന്ന വിഭാഗത്തില്‍ നിന്നും ഡൗണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

7. ഇപ്പോള്‍ സ്ക്രീനില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ തെളിയും. അതിന് മുകളിലുള്ള ഡു യു വാണ്ട് മാസ്ക്ഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

8. ആ ഭാഗത്ത് ഒരു ടിക്ക് മാര്‍ക്ക് തെളിഞ്ഞ ശേഷം ഡൗണ്‍ലോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

9. ഇപ്പോള്‍ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പിന്റെ പി ഡി എഫ് ഫോര്‍മാറ്റില്‍ ഉള്ള ഫയല്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഈ ഫയല്‍ തുറക്കണമെങ്കില്‍ ഒരു പാസ്‌വേഡ് നല്‍കേണ്ടി വരും. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരവും (കാപ്പിറ്റല്‍), ജനന വര്‍ഷവും ചേരുന്നതാണ് നിങ്ങളുടെ പാസ്‌വേഡ്. ഉദാഹരണത്തിന് 1989 ല്‍ ജനിച്ച നിങ്ങളുടെ പേര് ANISH KUMAR എന്നാണ് എങ്കില്‍ ANIS1989 എന്നതായിരിക്കും നിങ്ങളുടെ പാസ്‌വേഡ്.

10. പാസ്‌വേഡ് ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പ് തുറക്കാം.

ഓരോ തവണ ഫയല്‍ ഓപ്പണ്‍ ചെയ്യണമെങ്കിലും ഈ പാസ്‌വേഡ് ആവശ്യമാണ് എന്ന കാര്യവും മറക്കരുത്.

ആധാറിലെ എട്ടക്ക നമ്ബറിന്റെ സഥാനത്ത് ആദ്യത്തെ എട്ടക്കങ്ങളുടെ സ്ഥാനത്ത് X എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. ബാക്കിയെല്ലാ വിവരങ്ങളും പഴയ പടി തന്നെ ആയിരിക്കും. ആധാര്‍ കാര്‍ഡ് സാധാരണ ഗതിയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇതേ വഴി തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക