കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച്‌ തകര്‍ത്ത് യാത്രക്കാരന്‍. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ ചിങ്ങവനം പുതുപ്പറമ്ബില്‍ സനല്‍ കുമാറിനെ(48)യാണ് പരിക്കുകളോടെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

ഡ്രൈവറെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ റെയില്‍വേയില്‍നിന്ന് വിരമിച്ച ജീവനക്കാരന്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്‍ട്രോള്‍ റൂം എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ജേക്കബ്, വനിതാ കണ്ടക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന ഡ്രൈവര്‍ സനല്‍കുമാര്‍ ജേക്കബിനെ താക്കീത് ചെയ്യാന്‍ ശ്രമിച്ചു. ഇതോടെയാണ് ജേക്കബ് സനലിനെ ആക്രമിച്ചത്. സ്റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജേക്കബിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക