തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളി. പി.എം ആര്‍ഷോയെ കുറിച്ച്‌ ഒരു വിവരവുമില്ലെന്ന് ഹൈക്കോടതിയിലും പൊലീസ് പലവട്ടം പറഞ്ഞിട്ടുണ്ട്. അതേ യുവാവ് തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാ​ഗത്തിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വധശ്രമക്കേസിലും വനിതാ നേതാവിനെതിരായ അതിക്രമ കേസിലും പ്രതിയാണ് ആര്‍ഷോ.

2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശി നിസാം നാസറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. അതിന് ശേഷം ഇയാളെ കാണാനില്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ പലവട്ടം അറിയിച്ചത്. നിസാമിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2019 ജനുവരി 22-നാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ ജാമ്യം റദ്ദാക്കാനുള്ള കാരണമാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാമ്യം അനുവദിച്ച ശേഷം ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായി. അങ്ങനെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് പ്രതിയെ കാണാനില്ലെന്ന് പൊലീസിന്റെ പ്രതികരണമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-ന് ഗാന്ധിജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ എഐഎസ്‌എഫ് വനിതാ നേതാവിനെ അതിക്രമിച്ച കേസിലും ഇയാള്‍ പ്രതിയായി. രാഷ്ട്രീയ-പൊലീസ് പിന്തുണയോടെയാണ് ഇയാള്‍ നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ച്‌ നടക്കുന്നത്. പിടികിട്ടാപ്പുള്ളിയെന്ന നിലയിലിരിക്കുമ്ബോഴാണ് എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നത് സംസ്ഥാന പൊലീസിന്റെ കഴിവ് കേടായി തന്നെ പറയേണ്ടിവരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ തവണ ഹൈക്കോടതിയില്‍ കേസ് വന്നപ്പോഴും അര്‍ഷോമിനെ കാണാനില്ലെന്നാണ് കേരള പൊലീസ് അറിയിച്ചത്. നിയമവാഴ്ചയെ അംഗീകരിക്കുമെന്നും സ്വന്തം വഴികള്‍ നേരെയാക്കുമെന്നും കരുതിയാണ് കോടതി പ്രതിയോട് ദയകാട്ടിയതെന്നായിരുന്നു അര്‍ഷോമിന് ജാമ്യം നല്‍കിയ ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞത്. കോടതി കാണിച്ച മൃദുസമീപനം ദുരുപയോഗം ചെയ്ത് ഒട്ടേറെ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു. പല കേസുകളും രാഷ്ട്രീയ സ്വഭാവമുള്ളതാണ്. എന്നാല്‍ ചിലത് ഗുരുതര കുറ്റങ്ങളാണ്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വിശദീകരണം നല്‍കാന്‍ പ്രോസിക്യൂട്ടിങ് ഏജന്‍സി നല്‍കിയ നിര്‍ദേശത്തെക്കുറിച്ച്‌ അന്വേഷിക്കാനും ക്രൈം ഡിജിപിക്ക് ജസ്റ്റിസ് സുനില്‍ തോമസ് 2022 ഫെബ്രുവരിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിന് ശേഷം പലവട്ടം ഈ കേസ് വിളിച്ചപ്പോഴും പ്രതിയെ കാണാനില്ലെന്ന പതിവ് പല്ലവിയായിരുന്നു പൊലീസ് ആവര്‍ത്തിച്ചത്. കാണ്മാനില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞ പ്രതിയാണ് ഇന്നലെ മലപ്പുറം ഏലംകുളത്ത് നടന്ന എസ്‌എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച്‌ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മണ്ണാര്‍ക്കാട് തച്ചമ്ബാറ സ്വദേശിയാ പി.എം ആര്‍ഷൊ എറണാകുളം മഹാരാജാസ് കോളേജില്‍ എംഎ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ്. നിലവില്‍, എസ്‌എഫ്‌ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമാണ്.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ മെയ് മാസം 19-ാം തീയതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചില്‍ വീണ്ടും ജാമ്യം റദ്ദാക്കിയ ഹര്‍ജി വന്നിട്ടുണ്ട്. ഇയാള്‍ എല്ലാ സ്ഥലങ്ങളിലും, പാര്‍ട്ടി വേദികളിലടക്കം പങ്കെടുക്കുന്നുണ്ട്, പക്ഷേ, വധശ്രമക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ കേസില്‍ പൊലീസ് കള്ളം പറയുകയാണ്. ഈ ഏപ്രിലില്‍ കേരളത്തിലെ പൊലീസ് മേധാവിക്ക് ആ വധശ്രമക്കേസില്‍ അക്രമത്തിനിരയായ ആള്‍ പരാതികൊടുത്തു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസിന് പിടികൊടുക്കാതെ ഇയാള്‍ നടക്കുന്നു, മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നു, എന്നിട്ടും ഒരു നടപടിയുമില്ല. ഈ 19-ാം തീയതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചില്‍ വന്ന് ഗോപിനാഥ് വിട്ടിട്ടുണ്ട്, അപ്പോള്‍ വധശ്രമക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കി കഴിഞ്ഞിട്ടും കേരള പൊലീസ് ഇയാളെ കാണ്മാനില്ല എന്നാണ് ആവര്‍ത്തിച്ചുപറയുന്നത്. ഇങ്ങനെ പൊലീസ് പറയുന്ന വ്യക്തിയെയാണ് എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോട്ടയം എം ജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ എഐഎസ്‌എഫ് വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ചുവെന്ന കേസിലും ആര്‍ഷൊ പ്രധാന പ്രതിയാണ്. സംഭവങ്ങള്‍ക്കിടെ തന്റെ മാറിടത്തില്‍ പിടിച്ച്‌ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗര്‍ പൊലീസിന് എഐഎസ്‌എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നല്‍കിയിരിക്കുന്ന മൊഴി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയ്ക്ക് ഇ-മെയില്‍ വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

എസ്‌എഫ്‌ഐക്കാര്‍ തന്നെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായും ഇവരുടെ മൊഴിയിലുണ്ട്. അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ‘തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് മൊഴിയില്‍ പറയുന്നു. എം ജി സര്‍വകലാശാല ക്യാമ്ബസില്‍ നടന്ന സംഘര്‍ഷത്തില്‍ വനിത നേതാവ് അടക്കം നാല് എഐഎസ്‌എഫ് നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. എഐഎസ്‌എഫ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്‌എഫ്‌ഐയെ പ്രകോപിപ്പിച്ചതും സംഘട്ടനത്തിന് ഇടയാക്കിയതും.

സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദനം, ജാതിപേര് വിളിച്ച്‌ അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ എഐഎസ്‌എഫ് വനിത നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 7 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്ചുമത്തിയിരിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരായ ടോണി , ഷിയാസ് , ഹര്‍ഷോ, സുബിന്‍, പ്രജിത്ത്, ദീപക്ക്, അമല്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

‘ സെനറ്റിലേക്കുള്ള പോളിങ് അവസാനിച്ച്‌ മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എ.എ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച്‌ കൊണ്ട് ഓടിച്ചെന്ന തന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു.

ഞാന്‍ ബലം പ്രയോഗിച്ച്‌ മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തതെന്ന് എഐഎസ്‌എഫ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളിനെയാണ് എസ്‌എഫ്‌ഐ അവരുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക