കൂത്താട്ടുകുളം: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പൊലീസ് പിടികൂടാനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച്‌ പരുക്കേല്‍പ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പോക്‌സോ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച്‌ ഒളിവിലായിരുന്ന യുവാവാണ് പൊലീസുകാരെ ആക്രമിച്ചത്. ഒടുവില്‍ സിനിമാ സ്‌റ്റൈലില്‍ പ്രതിയെ ചേസ് ചെയ്ത പൊലീസ് ഇയാളെ കീഴടക്കി. മുളക്കുളം അവര്‍ കാപ്പിക്കരയില്‍ ആകാശിനെയാണ് (24) രാമപുരത്തിനു സമീപം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തിയത്.

പരുക്കേറ്റ കൂത്താട്ടുകുളം പ്രിന്‍സിപ്പല്‍ എസ്‌ഐ ശാന്തി കെ.ബാബു, എഎസ്‌ഐ ബിജു ജോണ്‍, സിപിഒമാരായ ആര്‍.റെജീഷ്, ജയേഷ്, ഡ്രൈവര്‍ അനൂപ് എന്നിവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2019ല്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആകാശ് ജാമ്യത്തിലിറങ്ങിയിരുന്നു. അടുത്തയിടെ മുളന്തുരുത്തിയില്‍ മറ്റൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ കോടതി ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയി,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകാശ് പെരുവയില്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാനായി ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പെരുവയിലേക്കു പുറപ്പെട്ടു. പൊലീസ് അടുത്തെത്തിയതോടെ കാറില്‍ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടര്‍ന്നു. കാര്‍ തടഞ്ഞിട്ട് ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇയാള്‍ കാറില്‍ പാഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതോടെ രാമപുരം, പാലാ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് വാഹനങ്ങളുമായി നിരത്തിലിറങ്ങി.

രാമപുരത്തിനു സമീപം കൊണ്ടാട് മുക്കാനെല്ലിയില്‍ പൊലീസ് വാഹനങ്ങള്‍ തടസ്സം വച്ച്‌ കാര്‍ തടഞ്ഞു. ഇവിടെവച്ച്‌ മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക