തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്റെ മോചനത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ, സര്‍ക്കാര്‍ നല്‍കിയ മോചന ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിലേക്ക് മടക്കി അയച്ചു. മണിച്ചനൊപ്പം 32 പേരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്നും മോചനത്തിന് ഇതില്‍ കൂടുതല്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടോ എന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞു.

വിരമിച്ച ജഡ്ജിമാരടങ്ങിയ ജയില്‍ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവരടങ്ങിയ സമിതി 33 പേരെ ശിക്ഷായിളവ് നല്‍കി ജയില്‍മോചിതരാക്കാന്‍ ശുപാര്‍ശ നല്‍കിയതാണ് ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നത്. തടവുകാരുടെ മോചനം സംബന്ധിച്ച ശുപാര്‍ശ ജയില്‍ ഉപദേശകസമിതിയാണ് നല്‍കേണ്ടത്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി ഉദാര സമീപനം സ്വീകരിക്കാറില്ല. അതിനാലാണ് ജയില്‍ ഉപദേശകസമിതിയെ മറികടന്ന് ഉദ്യോഗസ്ഥ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്‍കുകയും മന്ത്രിസഭ അത് അംഗീകരിച്ച്‌ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിച്ചനൊപ്പം മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 14 രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരില്‍ 5 സിപിഎമ്മുകാരും 9 ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകരുമാണ്. അതിനാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്ന് വിലയിരുത്തി മോചനത്തിന് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.

67 തടവുകാരുടെ മോചന ശുപാര്‍ശയാണ് ആഭ്യന്തര-നിയമ സെക്രട്ടറിമാരും പൊലീസ് മേധാവിയുമടങ്ങിയ സമിതി നല്‍കിയതെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ 33 പേരെ മാത്രമാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31പേര്‍ മരിച്ചെങ്കിലും മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണെന്നതും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് അറിയിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച്‌ മണിച്ചനടക്കം 33തടവുകാരെ മോചിപ്പിക്കാന്‍ മാര്‍ച്ചില്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതാണെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന പേരറിവാളന്‍ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

പതിന്നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച്‌ ജയില്‍മോചിതരാക്കുന്നുണ്ടെന്നും ഗവര്‍ണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും പേരറിവാളന്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 20വര്‍ഷത്തിലേറെയായി ജയിലിലുള്ള മണിച്ചന്‍ മാതൃകാ കര്‍ഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലിറങ്ങിയപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ഒക്ടോബറില്‍ 65വയസായി. ഇതെല്ലാം പരിഗണിച്ചായിരുന്നു മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക