കോഴിക്കോട്: വടകര (Vadakara) അഴിയൂര്‍ സ്വദേശിനിയായ 21കാരി റിസ്വാനയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് (crime branch) കൈമാറി. ഭര്‍തൃവീട്ടിലെ അലമാരക്കുള്ളില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല.

ഈ മാസമാദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച്‌ മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസ്വാന മരിച്ചവിവരം പൊലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക