തിരുവനന്തപുരം: വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്‌ആര്‍ടിസി ബസ് ഓടിച്ചതിന്റെ വിഡീയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലുളള റോഡില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്.

യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബസ് ഡ്രെെവര്‍ ജയദീപ് സെബാസ്റ്റ്യനെ ഗതാഗത വകുപ്പ് അന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്ത് ഏഴ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജയദീപിനെ ജോലിയില്‍ തിരിച്ചെടുത്തിരിക്കുകയാണ്. അച്ചടക്ക നടപടി നിലനിര്‍ത്തി കൊണ്ട് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുകയാണ് വകുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദത്തിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തിയിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമായിരുന്നു ജയദീപിന്റെ ആരോപണം. ഗതാഗത മന്ത്രി ആന്റിണി രാജു നേരിട്ട് ഇടപ്പെട്ടാണ് ജയദീപിനെ സസ്പെന്‍ഷന്‍ നല്‍കിയത്. നടപടിക്കെതിരെ തബല കൊട്ടിയും പോസ്റ്റുകളെഴുതി ഇട്ടുമാണ് ജയദീപ് പ്രതിഷേധം അറിയിച്ചത്.

പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് മുങ്ങുമെന്ന് ഉറപ്പായിട്ടും വാഹനം ഇറക്കാന്‍ ജയദീപ് ശ്രമിക്കുകയായിരുന്നു. ഒടുവില്‍ വന്‍ ദുരന്തമാകുമെന്ന് ബോധ്യമായതോടെ മതിലിനോട് ചേര്‍ത്ത് ബസ് നിര്‍ത്തി. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടു യാത്രക്കാര്‍ സുരക്ഷിതരായി പുറത്തേക്കെത്തിക്കുകയായിരുന്നു.

എന്നാല്‍ തനിക്കെതിരെ ആക്ഷേപങ്ങള്‍ രൂക്ഷമായതോടെ വിശദീകരണവുമായി ജയദീപ് വീണ്ടും രംഗത്തെത്തിയിരുന്നു. യാത്രക്കാരോടും കണ്ടക്ടറോടും ചോദിച്ചിട്ടാണ് വണ്ടി മുന്നോട്ട് എടുത്തത്. പള്ളിക്ക് സമീപത്ത് എത്തിയപ്പോഴാണ് റോഡില്‍ പെട്ടെന്ന് വെള്ളം വന്ന് നിറഞ്ഞത്. ഇതോടെ ബസിന്റെ എഞ്ചിന്‍ നിന്ന് പോയി. യാത്രക്കാരോട് ഭയക്കേണ്ടെന്ന് പറഞ്ഞ് മതിലിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തുകയായിരുന്നെന്നുമാണ് ജയദീപിന്റെ വിശദീകരണം. കെഎസ്‌ആര്‍ടിസി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും , താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും ജയദീപ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക