കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത ‘വിഐപി’ ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഒരു ദൃശ്യവും താന്‍ കണ്ടിട്ടില്ല. എന്നെ പൊലീസ് പിടിച്ചതല്ല. രാവിലെ 11 മണിക്ക് സ്വന്തം വണ്ടി ഓടിച്ചാണ് ഞാന്‍ പൊലീസ് ക്ലബ്ബിലെത്തിയതെന്നും ശരത്ത് ജി നായര്‍ പ്രതികരിച്ചു. പത്തര മണിക്കൂറോളം ക്രെെംബാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു.

‘ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്നില്ലല്ലോ. ബാലചന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ വശം പറഞ്ഞു. ഞാന്‍ എന്റെ വശവും കൃത്യമായി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്റെ കയ്യില്‍ യാതൊരു ദൃശ്യങ്ങളും വന്നിട്ടില്ല. എന്നെ ഇക്കയെന്ന് അവര്‍ വിളിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. എന്നെ അങ്ങനെയാരും വിളിച്ചിട്ടില്ല. എന്നെ അറിയുന്ന ഇവിടുത്തെ മുസ്ലീം സുഹൃത്തുക്കള്‍ക്ക് അറിയാം എന്നെ ഇക്കയെന്ന് ആരും വിളിക്കാറില്ലെന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് മൊഴിയെടുക്കലിന് വേണ്ടി എത്തിയത് ബാലചന്ദ്രകുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു’, ശരത്ത് ജി നായര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ് നടപടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചയാളാണ് ശരത്ത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേത്തുടര്‍ന്നുണ്ടായ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. വധഗൂഢാലോചനക്കേസില്‍ ശരത് ദിലീപിന്റെ കൂട്ടുപ്രതിയാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്ബാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി എന്ന് വിളിക്കപ്പെടുന്ന ശരത് ജി നായര്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചെന്ന് പി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടില്‍ വെച്ച്‌ ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുകയുണ്ടായി. ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയ ശരത് അവ പിന്നീട് നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച്‌ നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തേ പുറത്ത് വന്നിരുന്നു. കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് വെച്ച പണിയാണ് ദിലീപിന് കിട്ടിയതെന്ന് സംഭാഷണത്തിലുണ്ട്. അതുകൊണ്ടുതന്നെ കാവ്യയുടെ അറസ്റ്റിലായേക്കും കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്. ശരത് നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാമാധവന് എതിരെയുള്ള ക്രൈംബ്രാഞ്ച് നടപടി. ,കേസ് കാവ്യാമാധവനിലേക്ക് വഴി തിരിയുമെന്ന വാർത്തകളുണ്ടായിരുന്നു. ദൃശ്യങ്ങൾ എത്തിച്ചത് കാവ്യയുടെ സ്ഥാപനത്തിലാണ് എന്നതിനാലും, പൾസർ സുനി പറയുന്ന മാഡം എന്ന പ്രേരകശക്തി കാവ്യയാണ് എന്ന അഭ്യൂഹം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കാവ്യയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് ലോക്കർ അധികൃതർ പരിശോധിച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക