കോഴിക്കോട്: ശരീരം ഒന്ന് തളര്‍ന്നാല്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ക്ക് മുന്നില്‍ ചക്രക്കസേരയില്‍ ജീവിച്ചുകാണിച്ച ടെഡി ഒടുവില്‍ യാത്ര പറഞ്ഞു. ശരീരത്തിന്റെ പിന്നിലെ പാതിഭാഗം പൂര്‍ണമായും തളര്‍ന്നുപോയിട്ടും 8 വര്‍ഷം ആണ് ടെഡി ആഘോഷപൂര്‍ണമായി ജീവിതം ആസ്വദിച്ചത്. അപകടത്തില്‍ പരുക്കേറ്റു നട്ടെല്ലു തകര്‍ന്ന നായയ്ക്ക് 2014 ഏപ്രില്‍ 26ന് ആണു രക്ഷകനായി കണ്ണൂര്‍ റോഡ് ശ്രീദുര്‍ഗയിലെ ശാലീന്‍ മാഥൂര്‍ എത്തിയത്. പി.ടി.ഉഷ റോഡിനു സമീപം ഏതോ വാഹനം ഇടിച്ചു നട്ടെല്ലിനു പരുക്കേറ്റു കിടക്കുകയായിരുന്ന നായയെ ശാലീന്‍ എടുത്തു ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചു.

ഒട്ടും നടക്കാനാകാത്ത അവസ്ഥയിലായിരുന്നു അവന്‍ അപ്പോള്‍. അടുത്ത ദിവസം വീട്ടിലേക്കു കൊണ്ടുവന്നു. നടക്കാന്‍ പറ്റാത്ത നായയ്ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാന്‍ എന്തു വഴി എന്ന ആലോചന ചക്രക്കസേര പോലൊരു വണ്ടി എന്നതിലെത്തി. വാങ്ങാന്‍ വഴി നോക്കിയപ്പോള്‍ എവിടെയും കിട്ടാനില്ല. ഒടുവില്‍ ഇന്റര്‍നെറ്റ് നോക്കി ചക്രക്കസേരയുടെ മാതൃക കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെക്കാനിക്കിന്റെ സഹായത്തോടെ കസേരയുണ്ടാക്കി. ഇതിലായിരുന്നു പിന്നെ ടെഡിയുടെ യാത്രകള്‍. കഴിഞ്ഞ ദിവസം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ഡോക്ടറെ കാണിച്ച്‌ തിരികെയെത്തിച്ചു വീടിന്റെ ഒരു ഭാഗത്തേക്കു മാറ്റി പരിചരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു നായയുടെ അന്ത്യം. അഭിഭാഷകനായ ശാലീന്റെ വീട് അനാഥരായ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം ആശ്വാസ കേന്ദ്രമാണ്. ഒട്ടേറെ തെരുവുനായ്ക്കള്‍ക്കു ഭക്ഷണവും എത്തിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക