അഗര്‍ത്തല: ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനും മണിക് സാഹ പകരക്കാരനായി പ്രഖ്യാപിക്കപ്പെട്ടതിനും പിന്നാലെ ത്രിപുര ബിജെപിയില്‍ നാടകീയ രംഗങ്ങള്‍. ത്രിപുര ബിജെപി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ മന്ത്രിസഭാംഗം കസേരകള്‍ അടിച്ചു തകര്‍ത്തു. ബിജെപി എംഎല്‍എയും മന്ത്രിയുമായ റാം പ്രസാദ് പോളാണ് ചുമതലമാറ്റത്തിലെ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ടത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബിപ്ലബ് കുമാര്‍ ദേബ് ആണ് ഡോ. മണിക് സാഹയുടെ പേര് നിര്‍ദ്ദേശിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ മണിക് സാഹയെ അഭിനന്ദിച്ച്‌ ഉടന്‍ തന്നെ ദേബ് ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ തീരുമാനം നിയമസഭാ കക്ഷിയോഗത്തില്‍ ഏകകണ്‌ഠേനയായിരുന്നില്ലെന്ന് വ്യക്തമാക്കി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിക് സാഹയെ മുഖ്യമന്ത്രിയാക്കുകയാണെന്നറിഞ്ഞ റാം പ്രസാദ് പോള്‍ വികാര ഭരിതനായി. പാര്‍ട്ടിയിലെ മറ്റ് നേതാക്കളോടും എംഎല്‍എമാരോടും അദ്ദേഹം കയര്‍ത്തു. ഇതിനിടെ റാം പ്രസാദ് പോള്‍ കസേര തകര്‍ക്കുകയും ചെയ്തു. ‘ഞാന്‍ ചാകും’ എന്ന് അലറിക്കൊണ്ട് കസേര നിലത്തടിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കമുള്ളവര്‍ ബിജെപി നേതാവിനെ ശാന്തനാക്കാന്‍ ശ്രമിച്ചു.

സംഭവത്തില്‍ പരിഹാസവും വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര ഘടകം രംഗത്തെത്തി. ഗുണ്ടായിസത്തിന്റെ അങ്ങേയറ്റമെന്ന് തൃണമൂല്‍ ട്വീറ്റ് ചെയ്തു. ‘ബിപ്ലബ് കുമാര്‍ ദേബിന്റെ രാജിക്ക് ശേഷമുള്ള റാം പ്രസാദ് പോളിന്റേയും ബിജെപി എംഎല്‍എമാരുടേയും മന്ത്രിമാരുടേയും നിയന്ത്രണം വിടല്‍, ബിജെപിക്ക് കീഴില്‍ ത്രിപുര ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്കാണ് പോകുന്നതെന്ന് തെളിയിക്കുന്നു,’ ഷെയിം ഓണ്‍ ബിജെപി എന്ന ഹാഷ്ടാഗോടെയാണ് തൃണമൂലിന്റെ ട്വീറ്റ്.

2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നിലനിര്‍ത്തുന്നതിനാണ് മണിക് സാഹയെ കളത്തിലിറക്കിയതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഡെന്റല്‍ ഡോക്ടറായിരുന്ന മണിക് സാഹ 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ബിജെപി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും വഹിക്കുന്നുണ്ട്. മാര്‍ച്ച്‌ മാസത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭ അംഗമാണ് മണിക് സാഹ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക