ദില്ലി: കാലവര്‍ഷത്തിന്റെ വരവറിയിച്ച്‌ കേരളത്തില്‍ മഴ ശക്തമാവുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ഇന്ന് വൈകീട്ടോടെയോ രാത്രീയോടെയെ തീരത്തേക്ക് നീങ്ങുകയും വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയായിരിക്കും ഇതിലൂടെ സംസ്ഥാനത്ത് ലഭിക്കുക.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27 ന് കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ദിവസം മുമ്ബാണ് ഈ വര്‍ഷം കാലവര്‍ഷം ആരംഭിക്കുന്നത്. 2021-ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 31 മുതലായിരുന്നു കേരളത്തില്‍ ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

“ഈ വര്‍ഷം, കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ തീയതിയേക്കാള്‍ നേരത്തെയായിരിക്കും. കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത് മെയ് 27 ന് ആയിരിക്കും എന്നാണ് പ്രതീക്ഷുന്നത്. നാല് ദിവസത്തെ പ്ലസ് അല്ലെങ്കില്‍ മൈനസ് എന്ന മോഡല്‍ പിശക് ഇവിടേയും സംഭവിക്കാം.”- കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ മണ്‍സൂണ്‍ മേഖലയില്‍, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പ്രാരംഭ മണ്‍സൂണ്‍ മഴ അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്ന് മണ്‍സൂണ്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മേയ് 15ഓട് കൂടി കാലവര്‍ഷം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയെ മഴ ലഭിക്കാനുള്ള സാധ്യതയും രൂപപ്പെട്ടത്.

സാധാരണ മെയ്‌ 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം കൂടി കഴിഞ്ഞ് ജൂണ്‍ 1 ന് ആണ് കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാറുണ്ടായിരുന്നത്.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇത്തവണ നേരത്തെ കാലവര്‍ഷം ആരംഭിക്കാനുള്ള സാധ്യതയും കലാവാസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതോടെ കേരളത്തില്‍ ഈ മാസം 27 ന് കാലവര്‍ഷം കേരളത്തിലെത്തിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക