അയര്‍ക്കുന്നം: സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തില്‍ വില്ലനായത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍. ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങള്‍ വിവരിച്ചാണ് സുധീഷ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയത്. ഇതിനെകുറിച്ച്‌ പോലീസ് അന്വേഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഫോണ്‍ നമ്ബരിന്റെ ഉടമയെ കണ്ടെത്തി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിനൊപ്പം ഫോണ്‍ ബില്ലുകളും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്‍ ബില്ലില്‍ ടിന്റു വിളിച്ചിരുന്നയാളുടെ നമ്ബര്‍ അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. മരിച്ച സുധീഷിനെക്കുറിച്ച്‌ സമീപവാസികള്‍ക്കും നല്ല അഭിപ്രായമായിരുന്നു. ദുരന്തവാര്‍ത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും വീടിനുമുന്നില്‍ തടിച്ചുകൂടി. കേട്ടവര്‍ക്കൊന്നും ഈ വാര്‍ത്ത ആദ്യം വിശ്വസിക്കാനുമായില്ല. അടുത്തയാഴ്ച സൗദിയിലേക്ക് മകനെയുംകൂട്ടി ഇരുവരുമൊന്നിച്ച്‌ മടങ്ങാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വിളിക്കരുതെന്ന് താക്കീത് നല്‍കിയ നമ്ബരിലേക്ക് വീണ്ടും വിളിയും സംസാരവും തുടര്‍ന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയില്‍ മൃതദേഹം കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പില്‍ ഇത് എഴുതിവച്ചു. തുടര്‍ന്ന് സുധീഷ് ഇരുകൈകളിലെയും ഞരമ്ബുകള്‍ മുറിച്ച്‌ മുറിയിലെ തട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങുകയായിരുന്നു.

സുധീഷിന്റെ വീടിനോട് ചേര്‍ന്ന് നിരവധി വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല. സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. അമയന്നൂര്‍ ഇല്ലിമൂല പതിക്കല്‍താഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു ഇന്നലെ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍‌ന്നാണ് മാതാവ് കു‍ഞ്ഞമ്മണി വീട്ടില്‍ എത്തിയത്. ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.

പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്ബോഴാണ് കട്ടിലിനു അടിയില്‍ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയില്‍ ടിന്റുവിന്റെ മൃതദേഹം കണ്ടത്. മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോള്‍ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്. സുധീഷ് വന്നപ്പോള്‍ ഇവര്‍ മൂത്ത മകന്‍ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയില്‍ മെക്കാനിക് ആയിരുന്നു സുധീഷ്.

2 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നേഴ്സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടില്‍ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്‌ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്. കൊലപാതക വിവരമറിഞ്ഞ ഉടന്‍ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സി.ഐപ്പ്, ബ്ളോക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഋഷി.കെ.പുന്നൂസ്, മുന്‍ അംഗം തോമാച്ചന്‍ പേഴുംകാട്ടില്‍ എന്നിവരും സ്ഥലത്ത് എത്തി.

”എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. മോളുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. സുധീഷിന്റെ ഫോണ്‍ റിങ് ചെയ്‌തെങ്കിലും എടുത്തില്ല. എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്‌കൂട്ടര്‍ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടില്‍ത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലിലായിരുന്നു. ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാന്‍ വേഗം അവിടെയെത്തി.

പക്ഷേ കണ്ടത് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു”: ടിന്റുവിന്റെ പിതാവ് മണര്‍കാട് വെള്ളിമഠത്തില്‍ ഷാജി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ വിതുമ്ബി. കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മില്‍ നല്ല സ്നേഹത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന വീടിനു സമീപം 20 സെന്റ് സ്ഥലം കൂടി ഇവര്‍ വാങ്ങാന്‍ ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

വിദേശത്തു നിന്നു 2 മാസം മുന്‍പ് അവധിക്കെത്തിയതാണ് സുധീഷ്. ഭാര്യ ടിന്റുവിനെയും മകന്‍ സിദ്ധാര്‍ഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാ‌ഴ്‌ച തിരുവനന്തപുരത്തേക്കു പോയിരുന്നു. മകനെ സുധീഷിന്റെ ചേട്ടന്‍ ഗീരിഷിന്റെ വീട്ടില്‍ ആക്കിയ ശേഷമാണ് ഇവര്‍ പോയത്. ഇന്നലെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല. ഇരുവരും രാത്രിയോടെ തിരിച്ച്‌ വീട്ടില്‍ എത്തിയെന്നു കരുതുന്നു.

സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ അയല്‍വീട്ടില്‍ വിളിച്ച്‌ വിവരം തിരക്കിയപ്പോള്‍ സുധീഷിന്റെ സ്കൂട്ടര്‍ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞു. കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി വീടു തുറന്നു. ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി.

കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം. മുറിക്കുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടര്‍ത്തിയ ശേഷം കയറില്‍ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്. സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്ബറില്‍ നിന്നുള്ള കോളുകള്‍ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

നാടിനെ നടുക്കിയ കൊലപാതക വിവരം അറിഞ്ഞ് അമയന്നൂരിലെ പതിക്കല്‍താഴെ വീട്ടിലെത്തിയ ജനങ്ങള്‍. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍, എസ്‌എച്ച്‌ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണര്‍കാട് വെള്ളിമഠത്തില്‍ കുടുംബാംഗമാണ് ടിന്റു.

ചിത്രം : മനോരമ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക