പുല്‍പ്പള്ളി: ഭവനവായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് വീടും വസ്തുവകകളും ജപ്തി ചെയ്യാന്‍ ബാങ്കധികൃതര്‍ എത്തിയതിനെ പിന്നാലെ മുന്‍ അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ജീവനൊടുക്കി. കല്‍പ്പറ്റയിലെ എ.പി.പിയായിരുന്ന ഇരുളം മുണ്ടാട്ട്ചുണ്ടയില്‍ അഡ്വ. എം.വി. ടോമിയാണ് (56) ഇന്നലെ രാവിലെ തൂങ്ങി മരിച്ചത്. ഭാര്യ പുഷ്പയെ വീട്ടിലേക്കയച്ച ശേഷം വീടിന്റെ ഹാളിലായിരുന്നു ആത്മഹത്യ.

ഇന്നലെ രാവിലെ ടോമിയെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. ഏഴ് സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ 10 വര്‍ഷം മുമ്ബാണ് പുല്‍പ്പള്ളിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്പയെടുത്തത്. കൊവിഡും രോഗവും കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴപ്പലിശയുമടക്കം 30 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. കോടതിയെ സമീപിച്ച ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ജപ്തിനോട്ടീസുമായി ടോമിയുടെ വീട്ടിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടുകാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ 4 ലക്ഷം രൂപ ബുധനാഴ്ച അടയ്ക്കാനും ബാക്കി തുക 10 ദിവസത്തിനകം അടച്ചുതീര്‍ക്കാനും ധാരണയായി. ടോമിയുടെ സുഹൃത്തുക്കള്‍ സമാഹരിച്ച നാല് ലക്ഷം രൂപ അന്നുതന്നെ ബാങ്ക് ശാഖയിലെത്തിച്ചെങ്കിലും ജപ്തി നോട്ടീസ് പതിക്കാന്‍ കോടതി ആമീന്‍ വീട്ടിലെത്തിയതില്‍ മനംനൊന്താണ് ടോമി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മക്കള്‍: അനുസ്മിത, അന്നസോന. മരുമകന്‍: നേബല്‍.

ജപ്തി നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് ബാങ്ക് ഉപരോധിക്കുമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം അടക്കമുള്ള സംഘടനകള്‍ അറിയിച്ചു. സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ബാങ്ക് ശാഖയിലേക്ക് മാര്‍ച്ച്‌ നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് പളളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക