തിരുവല്ല: സംസ്‌ഥാനത്തു സാധാരണക്കാരുടെ മദ്യമാണ് ജവാൻ റം. വിലക്കുറവും ലഭ്യതയും വീര്യവുമാണ് ജവാനെ ജനപ്രിയമാക്കിയത്. എന്നാൽ അടുത്തിടയായി ജവാന് പഴയ വീറ് ഇല്ലന്ന പരാതി മദ്യപര്‍ക്ക്‌ ഇടയിൽ ഉണ്ടായിരുന്നു. ജവാന്‍ നിര്‍മിക്കുന്ന പുളിക്കീഴ്‌ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്കുള്ള സ്‌പിരിറ്റില്‍ മോഷണം പിടിക്കപ്പെട്ടതോടെയാണു കാരണം വെളിച്ചത്തുവന്നത്‌. കമ്പനിയിൽ എത്തിയിരുന്നതു പകുതിയോളം വെള്ളം ചേര്‍ത്ത സ്‌പിരിറ്റ്‌. അതു പതിവുപോലെ നേര്‍പ്പിച്ച്‌ നിറവും മണവും കലര്‍ത്തിയാല്‍ ആരു കിക്കാകാന്‍!
ലോഡ്‌ ചെയ്യുന്ന ഡിസ്‌റ്റിലറി മുതല്‍ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്‌ടറിയുടെ ഗോഡൗണില്‍ എത്തുന്നതു വരെ പല തരം തിരിമറികള്‍ നടത്തിയായിരുന്നു സ്‌പിരിറ്റ്‌ മോഷണം.നേരിട്ടും അല്ലാതെയും പലരും ഇതിന്റെ പങ്കു പറ്റി. ഒരു വര്‍ഷത്തോളമായി സ്‌പിരിറ്റ്‌ ലോഡില്‍ പതിവായി മോഷണം നടക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍.
ലോഡ്‌ ചെയ്യുന്ന ഡിസ്‌റ്റിലറിയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ടാങ്കറിന്റെ സീല്‍ തകര്‍ത്താണ്‌ സ്‌പിരിറ്റ്‌ ഇടനിലക്കാര്‍ക്കു വിറ്റ്‌ പണം വാങ്ങുന്നത്‌. മോഷ്‌ടിച്ചു വില്‍ക്കുന്ന സ്‌പിരിറ്റിന്റെ അത്രയും അളവ്‌ വെള്ളം ടാങ്കറില്‍ ചേര്‍ത്ത്‌ വീണ്ടും സീല്‍ ചെയ്യും. സീല്‍ പൊളിക്കുന്നതിനും വീണ്ടും വയ്‌ക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ ഡ്രൈവര്‍മാരുടെ പക്കലുണ്ടാകും.
40,000 ലിറ്റര്‍ സ്‌പിരിറ്റാണ്‌ ഒരു ടാങ്കറില്‍ കൊള്ളുന്നത്‌. ഇതില്‍ 20,000 ലിറ്റര്‍ മോഷ്‌ടിച്ച്‌ വില്‍ക്കും. അത്രയും വെള്ളംചേര്‍ക്കും. ഫലത്തില്‍ 20,000 ലിറ്റര്‍ സ്‌പിരിറ്റാകും ഫാക്‌ടറിയിലേക്ക്‌ കൊണ്ടുവരുന്നത്‌. ഫാക്‌ടറിയില്‍ എത്തുമ്ബോള്‍ അത്‌ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത്‌ പ്ര?ഡക്‌ഷന്‍ മാനേജരാണ്‌. വെയര്‍ഹൗസ്‌ മാനേജറായ അരുണ്‍ കുമാറിനും ഇതേ ഉത്തരവാദിത്വമുണ്ട്‌. തട്ടിപ്പു നടന്നിട്ടുണ്ടെന്ന്‌ അറിയാവുന്നതിനാല്‍ പരിശോധനാസമയത്തു കണ്ണടയ്‌ക്കും. എല്ലാം ഓക്കെ പറഞ്ഞ്‌ സ്‌പിരിറ്റ്‌ ഗോഡൗണിലേക്കു മാറ്റും. ഈ നേര്‍പ്പിച്ച സ്‌പിരിറ്റാണ്‌ ജവാന്‍ റം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്‌.
ഒരു വര്‍ഷത്തിനിടെ 50 ലക്ഷം രൂപയുടെ സ്‌പിരിറ്റ്‌ മോഷ്‌ടിച്ചു വിറ്റെന്നും പണം വെയര്‍ഹൗസ്‌ മാനേജരായ അരുണ്‍ കുമാറിനു കൈമാറിയെന്നുമാണ്‌ ഡ്രൈവര്‍മാരുടെ മൊഴി. ഒരു ലോഡ്‌ സ്‌പിരിറ്റില്‍ മോഷണം നടത്തുന്നതിന്‌ അരലക്ഷം രൂപയാണ്‌ ഡ്രൈവര്‍മാര്‍ക്കു നല്‍കിയിരുന്നത്‌. അരുണ്‍കുമാറുമായി മാത്രമാണ്‌ തങ്ങള്‍ക്ക്‌ ഡീലുണ്ടായിരുന്നതെന്നു പിടിയിലായ ഡ്രൈവര്‍മാര്‍ പറയുന്നു. തനിക്കു കിട്ടിയ പണം മറ്റുള്ളവര്‍ക്കും വീതംവച്ചെന്ന്‌ അരുണ്‍ പറയുന്നു.
എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ എറണാകുളത്തു വച്ച്‌ ലോറികള്‍ പരിശോധിച്ചാണു ക്രമക്കേട്‌ കണ്ടെത്തിയത്‌. ഡ്രൈവര്‍മാരെ അവിടെ വച്ച്‌ ചോദ്യം ചെയ്‌ത്‌ വിവരം മുഴുവന്‍ ശേഖരിച്ച ശേഷം ഉദ്യോഗസ്‌ഥരുടെ അകമ്ബടിയോടെ പുളിക്കീഴിലെ ഫാക്‌ടറിയില്‍ എത്തിക്കുകയായിരുന്നു. തിരുവല്ല എക്‌സൈസ്‌ ഓഫീസിലെ ചില ഉദ്യോഗസ്‌ഥര്‍ക്കും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക