ചണ്ഡിഗഢ് : മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിനയച്ച ശബ്ദ സന്ദേശത്തിലാണ് സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ദ് സിംഗ് പന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശാണെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഇതു കൂടാതെ ധരംശാലയിലെ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാകകളും ബാനറുകളും സ്ഥാപിച്ചതും തങ്ങളാണെന്ന് പന്നു കൂട്ടിച്ചേര്‍ത്തു. മൊഹാലിയിലെ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അല്ലെങ്കില്‍ അത് ഷിംല ആസ്ഥാനത്ത് സംഭവിക്കുമെന്നും സിഖുകാരെ പ്രകോപിപ്പിക്കരുതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബ്ദ രേഖ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിന്റെ ആധികാരികതയെപ്പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ധരംശാല സംഭവത്തില്‍ പന്നുവിനെതിരെ പൊലീസ് തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുത്തതിന് രണ്ടു ദിവസത്തിനകമാണ് മൊഹാലിയിലെ ആക്രമണം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് സിഖ് ഫോര്‍ ജസ്റ്റിസ്.

തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ സ്‌ഫോടനത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതേവിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക