വെള്ളറട: ലഹരിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുമ്ബോഴും മലയോരത്ത് ലഹരി വസ്തുക്കളുടെ കച്ചവടം സുലഭം. മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉത്പന്നങ്ങളുടെയും കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവ് ലഭിക്കുന്നത്.

അതിര്‍ത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളില്‍ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഇപ്പോള്‍ കച്ചവടത്തിന് എത്തുന്നു. വിദ്യാര്‍ത്ഥികളാണ് സംഘത്തിന്റെ ഇരകളില്‍ ഏറെയും. ലഹരിവസ്തുക്കളുടെ പരിശോധന വിദ്യാര്‍ത്ഥികളെ ബാധിക്കാത്തതിനാല്‍ ഇവരെയാണ് കൂടുതലും കച്ചവടത്തിനായി ഉപയോഗിക്കുന്നത്. സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവര്‍ക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികള്‍ കേന്ദ്രീകരിച്ച്‌ വന്‍ കഞ്ചാവു വില്പന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച്‌ പുറത്തുപയാന്‍പോലും കഴിയാത്ത അവസ്ഥയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലും പേടിച്ച്‌ റോഡില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളില്‍. യുവാക്കളെ ആകര്‍ഷിക്കാന്‍ യുവതികളായ സ്ത്രീകളെയും വില്പന സംഘം ബൈക്കുകളും നല്‍കി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളില്‍ നിന്നും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താനായിട്ടില്ല.

അടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയില്‍ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ടെന്നാണ് പഠനം. കഞ്ചാവിന് അടിമയാകുന്നവര്‍ ഏറെയും യുവാക്കളായതിനാല്‍ ഇവര്‍ക്ക് ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചില്ലെങ്കില്‍ മലയോരമേഖല കഞ്ചാവിന് അടിമയായി മാറാന്‍ വളരെ താമസം വേണ്ടിവരില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുപോലും നിരോധിത പുകയിലഉത്പന്നങ്ങള്‍ കൂടിയവിലയ്ക്ക് നല്‍കി ലാഭം കൊയ്യുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിവരുന്നുണ്ട്.

പലതരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനോടൊപ്പം മദ്യവും ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. യുവാക്കള്‍മുതല്‍ പ്രായമായവര്‍ വരെ വിവിധതരം മദ്യത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ഇരട്ടിവിലകൊടുത്തും മദ്യംവാങ്ങാന്‍ ഇത്തരക്കാര്‍ റെഡിയാണ്. മദ്യശാലകളില്‍ പരസ്യമായി ക്യൂനിന്ന് വാങ്ങുന്നത് ഭീഷണിയായതിനാലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി ഇത്തരക്കാരെ തിരക്കിയിറങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക