കൊച്ചി: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പോകുന്നത് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. അമേരിക്കയില്‍ നിന്നെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി ചികില്‍സ കഴിഞ്ഞ് ഈ മാസം 10 ന് മടങ്ങി വരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒന്നോ രണ്ടോ ദിവസം മുമ്ബ് മുഖ്യമന്ത്രി എത്തിയേക്കുമെന്നാണ് വിവരം.

ജോ ജോസഫിന്റെ പ്രചരണത്തിനായി തൃക്കാക്കരയില്‍ എത്തുന്ന മുഖ്യമന്ത്രിയോടൊപ്പം കെ.വി തോമസും ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. തൃക്കാക്കരയില്‍ ആരുടെ ഒപ്പമാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമാക്കുമെന്ന് പ്രൊഫ. കെ.വി തോമസ് നേരത്തെ പറഞ്ഞിരുന്നു. കെ.വി തോമസിനോടു കൂടി ആലോചിച്ചാണ് മുഖ്യമന്ത്രി ഡോ. ജോ ജോസഫിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തൃക്കാക്കരയില്‍ അവതരിപ്പിച്ചത് എന്നാണ് പൊതു സംസാരം. അതുകൊണ്ടുതന്നെ കെവി തോമസിന്റെ തന്ത്രങ്ങളിലൂടെ വോട്ടുകള്‍ അപ്രതീക്ഷിത കോണുകളില്‍ നിന്ന് എത്തുമെന്ന കണക്കുകൂട്ടലിലാണ് തന്റെ ഒപ്പം വേദി പങ്കിടാന്‍ മുഖ്യമന്ത്രി കെ.വി തോമസിനെ ക്ഷണിച്ചത്. ഇക്കാര്യത്തില്‍ തോമസും സിപിഎമ്മിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കെവി തോമസ് ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയാല്‍ യുഡിഎഫ് ഭൂരിപക്ഷം 25000 കവിയും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നേരത്തെ 14329 വോട്ടിനായിരുന്നു പി.ടി തോമസ് വിജയിച്ചത്. ഇത്തവണ അതു കൂടും എന്നു തന്നെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എയും എംപിയും സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും ആയി നിരവധി പദവികള്‍ കരസ്ഥമാക്കിയ കെ.വി തോമസ് വയസാം കാലത്ത് കോണ്‍ഗ്രസിനെ തള്ളി പറയുന്നതില്‍ രോഷാകുലരാണ് സംസ്ഥാനമെമ്ബാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കെ.വി തോമസിന്റേത് ആര്‍ത്തിയും അത്യാഗ്രഹവും ആണന്നാണ് പൊതുവിലയിരുത്തല്‍. തോമസ് എല്‍ഡിഎഫിനായി വോട്ട് പിടിക്കാന്‍ എത്തിയാല്‍ എന്തെങ്കിലും കാരണത്താല്‍ വോട്ട് ചെയ്യണ്ട എന്ന് മടിച്ചിരിക്കുന്ന വോട്ടര്‍മാരും യുഡിഎഫിനായി വോട്ട് ചെയ്യാന്‍ എത്തുന്ന അവസ്ഥയുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്ന ‘ ഉല്‍പ്രേരകം ‘ ആയിരിക്കും രസതന്ത്ര അദ്ധ്യാപകനായ കെ.വി തോമസെന്നും ഇവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക