പാലക്കാട്: കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ പുതിയവീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് സുഹൃത്തുക്കള്‍ തന്നെയെന്ന് ബാബുവിന്റെ സഹോദരന്‍ ഷാജി. പണത്തിനായി സുഹൃത്തുക്കള്‍ ബാബുവിനെ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരന്‍ ഷാജിയെ ഉദ്ധരിച്ച്‌ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഷാജി പറഞ്ഞു. എന്നാല്‍ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ മാനസികമായി തകര്‍ന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കള്‍ കളിയാക്കി- ഷാജി കൂട്ടിച്ചേര്‍ത്തു. ബാബുവിന് കുറച്ച്‌ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുകയും പണത്തിനായി അവനെ പീഡിപ്പിക്കുകയും ചെയ്തു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് ബാബു അക്രമാസക്തനായി അലറി വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിഡിയോയില്‍ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയെ അയാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുഹൃത്തുക്കള്‍ നിലത്തു തളച്ചിടാന്‍ ശ്രമിക്കുന്നതും തലയില്‍ വെള്ളം ഒഴിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കഞ്ചാവ് ഉപയോ​ഗിച്ച ശേഷം വീട്ടിലെത്തിയ ബാബു അമ്മക്ക് നേരേ അതിക്രമം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ സമീപ പ്രദേശത്തെ ചെറുപ്പക്കാര്‍ ഇടപെടുകയായിരുന്നു. എന്നാല്‍, ഇവരെയും ആക്രമിക്കാനാണ് ബാബു മുതിര്‍ന്നത്. ഒടുവില്‍ പ്രദേശ വാസികളിലൊരാള്‍ ബാബുവിനെ കീഴ്പ്പെടുത്തുകയും വെള്ളം നല്‍കുകയുമായിരുന്നു. ഇതിനിടയിലും ബാബു തന്റെ ഉമ്മക്ക് നേരേ അസഭ്യവര്‍ഷം നടത്തുന്നുണ്ട്. ഇതിനിടയില്‍ കണ്ടുനിന്ന സമീപവാസികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

മലമ്ബുഴ കൂമ്ബാച്ചി ചെറാട് മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവടിച്ച്‌ അക്രമം കാട്ടിയിട്ടും നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബാബു വലിയ തോതില്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാര്‍ ഇല്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സ്വന്തം അമ്മയെ ഉള്‍പ്പെടെ തെറിവിളിക്കുകയും തടയാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിന് മുന്‍പും നിയമത്തിന്റെ പിടിയില്‍ നിന്നും ബാബു രക്ഷപെട്ടിരുന്നു. ബാബു കുടുങ്ങിയ കുമ്ബാച്ചി മല വനം വകുപ്പിന്റെ സംരക്ഷിത പ്രദേശമാണ്. ഇവിടെ വനംവകുപ്പിന്റെ അനുവാദമില്ലാതെയാണ് ബാബു കയറിയത്. മലയില്‍ അതിക്രമിച്ച്‌ കയറിയതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നെങ്കിലും വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ഇടപെട്ട് ബാബുവിനെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബാബു കേസില്‍ നിന്നും രക്ഷപ്പെടുന്നത്.

2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച്‌ ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോണ്‍ ഉപയോഗിച്ച്‌ ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ്, അഗ്‌നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി സംഘം മലമുകളില്‍ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.

പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്ബുഴ ചെറാട് കുമ്ബാച്ചി മലയ്ക്ക് ആയിരം മീറ്റര്‍ മീറ്റര്‍ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാന്‍ പോലും പ്രയാസമാണെന്നിരിക്കെ മല കയറുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇതിനിടെ, ബാബുവിന്റെ ജീവിതം സിനിമയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നിഷേധിച്ച്‌ ഒമര്‍ ലുലു തന്നെ പിന്നീട് രം​ഗത്തെത്തി. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതികരണം.

ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 17,315 രൂപയാണ് ചിലവായതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയുടെ ചോദ്യത്തിന് പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക