സീതയെ കണ്ടെത്താതെ തിരിച്ചു വരുന്നവരെ വധിച്ചു കളയുമെന്നുള്ള വാനര രാജാവിന്റെ കല്പന പോലെ, സൈനിക ചരിത്രത്തിലെ സുഗ്രീവാജ്ഞയാണ് ഓര്‍ഡര്‍ നമ്ബര്‍ 227 എന്ന കുപ്രസിദ്ധമായ ഉത്തരവ്. ഇത് പുറപ്പെടുവിച്ചത് സാക്ഷാല്‍ ജോസഫ് സ്റ്റാലിനാണ്. ‘ഒരു ചുവടു പോലും പിന്നോട്ടില്ല’ എന്നര്‍ത്ഥമുള്ള, റഷ്യന്‍ ഭാഷയിലെ ‘നി ഷാഗു നസ(ദ്)’ എന്ന വരികളായിരുന്നു ഈ കല്പനയുടെ മൂലമന്ത്രം. ആഗോള യുദ്ധചരിത്രത്തിലെ ഏറ്റവും ശക്തമായ ഉത്തരവുകളിലൊന്നായാണ് ഓര്‍ഡര്‍ നമ്ബര്‍ 227 കണക്കാക്കപ്പെടുന്നത്.

രണ്ടാംലോക മഹായുദ്ധത്തില്‍, സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മില്‍ കിഴക്കന്‍ മുന്നണിയില്‍ നടന്ന പോരാട്ടങ്ങളില്‍ സൈനികര്‍ ഭയചകിതരായി തിരിഞ്ഞോടിയതിനാല്‍ സോവിയറ്റ് യൂണിയന് വന്‍നഷ്ടം സംഭവിച്ചു. ഡോണ്‍ നദിയുടെ തീരപ്രദേശമായ വൊറോണേസും , വടക്കന്‍ കോക്കസസിന്റെ കവാടപ്രദേശങ്ങളും ശത്രുക്കള്‍ കൈയടക്കാന്‍ ഇതു കാരണമായി. ഇക്കാര്യമറിഞ്ഞ സ്റ്റാലിന്‍ കോപം കൊണ്ട് ജ്വലിച്ചു.
ഇതേ തുടര്‍ന്ന്, 28 ജൂലൈ 1944ന് ജോസഫ് സ്റ്റാലിന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഓര്‍ഡര്‍ നമ്ബര്‍ 227.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ സൈനിക യൂണിറ്റിലും ഒന്നു മുതല്‍ മൂന്നു വരെ പീനല്‍ ബറ്റാലിയനുകള്‍ രൂപീകരിക്കാന്‍ അദ്ദേഹം കല്‍പ്പന നല്‍കി. എന്തെങ്കിലും കുറ്റത്തിന് മിലിട്ടറി കോടതി കുറ്റക്കാരെന്ന് വിധിച്ച സൈനികരെ മാത്രം ഉള്‍പ്പെടുത്തി രൂപം നല്‍കുന്ന ബറ്റാലിയനുകളാണ് പീനല്‍ ബറ്റാലിയനുകള്‍. സ്റ്റാലിന്റെ കല്പനപ്രകാരം, ഇനിമുതല്‍ ഇവരുടെ സ്ഥിരം സ്ഥാനം, യുദ്ധത്തിലേര്‍പ്പെടുന്ന മിലിറ്ററി ഗ്രൂപ്പിന്റെ ഏറ്റവും മുന്നിലായിരിക്കും. അത്യന്തം അപകടകരമായ, ആത്മഹത്യാപരമായ മിഷനുകള്‍ക്ക്‌ ഇവരെയായിരിക്കും നിയോഗിക്കുക. ഏതാണ്ട് നാലു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഈ കാലയളവില്‍ പീനല്‍ ബറ്റാലിയനില്‍ അംഗങ്ങളായി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മരണം പതിയിരിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം ചാവേര്‍ ദൗത്യങ്ങളിലേര്‍പ്പെടുന്ന നല്ലൊരു ശതമാനം പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ, പട്ടാളക്കാര്‍ യുദ്ധഭൂമി ഉപേക്ഷിച്ച്‌ ഓടാനുള്ള സാധ്യതകള്‍ അധികമാണെന്ന് മനസ്സിലാക്കിയ സ്റ്റാലിന്‍, ‘ബ്ലോക്കിങ് ഡിറ്റാച്ച്‌മെന്റ്സ്’ എന്ന പ്രത്യേകമൊരു മിലിറ്ററി ട്രൂപ്പ് കൂടി രൂപീകരിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. മുന്‍പില്‍ നിന്ന് യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട പീനല്‍ ബറ്റാലിയന്റെ തൊട്ടുപിറകിലായിരുന്നു ഇവരുടെ സ്ഥാനം. സോവിയറ്റ് പോരാളികള്‍ ശത്രുക്കളെ പേടിച്ച്‌ തിരിഞ്ഞോടിയിരുന്നത് തടയുകയായിരുന്നു ‘ബ്ലോക്കിങ് ഡിറ്റാച്ച്‌മെന്റ്സിനു രൂപം നല്‍കിയതിലൂടെ സ്റ്റാലിന്‍ ലക്ഷ്യമിട്ടത്. അഥവാ, ആരെങ്കിലും പേടി മൂലം തിരിഞ്ഞോടുകയോ യുദ്ധമുന്നണിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ടാമതൊന്നാലോചിക്കാതെ അവരെ വെടിവച്ചു കൊല്ലാന്‍ ബ്ലോക്കിങ് ഡിറ്റാച്ച്‌മെന്റ്സ് കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു.

ആത്മവിശ്വാസം കെടുത്തുന്ന രീതിയില്‍ സംസാരിക്കുകയോ, സൈനികര്‍ക്കിടയില്‍ ഭയം വളര്‍ത്തുന്ന രീതിയില്‍ എന്തെങ്കിലും പരാമര്‍ശിക്കുകയോ ചെയ്യുന്നവരെയും സ്പോട്ടില്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ സ്റ്റാലിന്‍ മേലുദ്യോഗസ്ഥര്‍ മുഖേന ഇവര്‍ക്ക് കല്‍പ്പന നല്‍കി. യുദ്ധമുഖത്ത് സമൂലമായ പരിഷ്കരണങ്ങള്‍ കൊണ്ടുവന്ന കുപ്രസിദ്ധമായ ഈ കല്പനയാണ് ഓര്‍ഡര്‍ നമ്ബര്‍ 227. .

യാതൊരു കാരണവശാലും യുദ്ധമുഖത്തു നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്ത സൈനിക ഓഫീസര്‍മാരെല്ലാം പദവി പോലും പരിഗണിക്കാതെ കോര്‍ട്ട് മാര്‍ഷലിനു വിധേയരാവുകയും, ചിലപ്പോള്‍ സ്വയം പീനല്‍ ബറ്റാലിയനെന്ന ചാവേര്‍ സ്‌ക്വാഡില്‍ അംഗമാവേണ്ടി വരികയും ചെയ്തിരുന്നു.

അതിക്രൂരമായി തന്നെ ഓര്‍ഡര്‍ 227 നടപ്പിലാക്കപ്പെട്ടു. വിമുഖതയോടെയാണെങ്കിലും, മനസ്സ് കല്ലാക്കി സോവിയറ്റ് പട്ടാളക്കാര്‍ക്ക്‌ തങ്ങളുടെ തന്നെ സഹപ്രവര്‍ത്തകര്‍ക്കു നേരെ ട്രിഗറമര്‍ത്തേണ്ടി വന്നു. ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 1,000 പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത് 1,80,000 സ്വന്തം പട്ടാളക്കാരെ സോവിയറ്റ് സൈനികര്‍ക്ക് കൊല്ലേണ്ടി വന്നുവെന്നാണ്. സ്റ്റാലിന്‍ഗ്രാഡില്‍, ആഴ്ചകള്‍ക്കുള്ളില്‍ മാത്രം കൊല്ലപ്പെട്ടത് 15,000 പേരാണ്.

സൈനികരിലെ മരണഭയം ഇല്ലാതാക്കുക മാത്രമല്ല, ദേശസ്നേഹം ആളിക്കത്തിക്കുകയും വിജയസാധ്യത വര്‍ദ്ധിപ്പിക്കുകയും കൂടിയായിരുന്നു സ്റ്റാലിന്‍ ലക്ഷ്യമിട്ടത്. അതുവരെയുള്ള മറ്റ് ഓര്‍ഡറുകള്‍ പോലെ, ഓര്‍ഡര്‍ 227 പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നാല്‍, ഓരോ സോവിയറ്റ് സൈനിക ഗ്രൂപ്പുകള്‍ക്ക് മുന്‍പിലും അത് വായിച്ചു കേള്‍പ്പിക്കപ്പെട്ടു. എന്തായാലും വെടിയേറ്റ് മരിക്കും, എന്നാല്‍പ്പിന്നെ അതൊരു ഭീരുവായി തിരിഞ്ഞോടിക്കൊണ്ടാവരുത് എന്നുറപ്പിച്ച റഷ്യന്‍ സൈനികര്‍ യുദ്ധമുന്നണിയില്‍ ധീരമായി പോരാടി.

ഐതിഹാസികമായ സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിലെ അനിതരസാധാരണമായ വിജയത്തിന്റെ പ്രധാന കാരണം, ജോസഫ് സ്റ്റാലിന്‍ പുറപ്പെടുവിച്ച ഉഗ്രമായ ഈ കല്‍പ്പനയായിരുന്നു.’ദ് പ്രൈസ് ഓഫ് വേള്‍ഡ് വാര്‍ II വിക്ടറി’ അഥവാ, രണ്ടാം ലോക മഹായുദ്ധ വിജയത്തിന് കൊടുക്കേണ്ടി വന്ന വില എന്നായിരുന്നു ചരിത്രകാരന്മാര്‍ ഈ സൈനിക ഉത്തരവിനെ വിശേഷിപ്പിച്ചത്. കുറച്ചു കാലത്തിനു ശേഷം 29 ഒക്ടോബര്‍ 1944 ന്, ഓര്‍ഡര്‍ നമ്ബര്‍ 349-ലൂടെ ജോസഫ് സ്റ്റാലിന്‍ കുപ്രസിദ്ധമായ തന്റെ ഉത്തരവ് പിന്‍വലിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക