തലശേരി: പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ സ്വപ്നപദ്ധതിക്കെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിന്നും തന്നെ കടുത്ത പ്രതിഷേധമുയരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കെ.റെയില്‍ സര്‍വേക്കുറ്റിയിടാന്‍ വന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ കടുത്ത രോഷമുയര്‍ന്നതോടെ കുറ്റിയിടാനാവാതെ അധികൃതര്‍ മടങ്ങി. ഇവര്‍ സ്ഥാപിച്ച കുറ്റികളിലൊന്ന് വീട്ടമ്മമാര്‍ പിഴുതുമാറ്റി.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുല്ലപ്പുറത്തത്താണ് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ വീട്ടിനടുത്ത് കുറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു വയോധിക കുഴഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന ഒരുകുട്ടിക്കും നിസാര പരുക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുല്ലപ്പുറം സ്വദേശിനി അഫ്സത്താണ് കുഴഞ്ഞുവീണത്. ഇവരോടൊപ്പം കുറ്റിയിടലിനെ എതിര്‍ത്ത യു.ഡി. എഫ് വാര്‍ഡ് മെമ്ബര്‍മാരായ അര്‍ഷാദ്, നജീബ്, കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി പി.ടി സനല്‍കുമാര്‍, മുന്‍ബ്ളോക്ക് വൈസ് പ്രസിഡന്റ് ദാസന്‍ എന്നിവരെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു നീക്കി.

മുല്ലപ്പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് സര്‍വേകല്ല് സ്ഥാപിക്കല്‍ തടഞ്ഞത്. ഒരുവീട്ടിലൊഴികെ മറ്റിടങ്ങളില്‍ ഇതുകാരണം കുറ്റിയിടല്‍ നടത്താനായില്ല. പലരും ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തങ്ങളുടെ വീടിനടുത്ത് കുറ്റിയിടുന്നുണ്ടെന്ന് അറിഞ്ഞത്. ഇതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടല്‍ പൂര്‍ത്തിയായതിന് ശേഷം ഇന്നലെ പന്ത്രണ്ടരയോടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനായി ധര്‍മടം പഞ്ചായത്തില്‍ പ്രവേശിച്ചത്. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കല്ലിടല്‍ തടയുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയെങ്കിലും സമര സമിതി കൂടുതല്‍ പ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച്‌ പ്രതിഷേധം ശക്തമാക്കി. ഇതിനെ തുടര്‍ന്ന് കുറ്റിയിടല്‍ തടസപ്പെടുകയായിരുന്നു. ശനിയും ഞായറും പെരുന്നാള്‍ അവധി ദിവസങ്ങളും വരുന്നതിനാല്‍ അടുത്ത നാല് ദിവസം കല്ലിടല്‍ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റര്‍ കൂടിയാണ് കണ്ണൂര്‍ ജില്ലയില്‍ കല്ലിടാന്‍ ബാക്കിയുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക